കൽപറ്റ ∙ ആദ്യഘട്ട ഉദ്ഘാടനം കഴിഞ്ഞതിനു പിന്നാലെ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ടൗൺഷിപ് നിർമാണം മന്ദഗതിയിൽ.
കഴിഞ്ഞ ഒന്നിനു മുഖ്യമന്ത്രി പിണറായി വിജയനാണു ടൗൺഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം നിർവഹിച്ചത്.
നേരത്തെ, പ്രതിദിനം 1500ലധികം തൊഴിലാളികളെ ഉപയോഗിച്ച് രാപകൽ വ്യത്യാസമില്ലാതെയായിരുന്നു ടൗൺഷിപ്പിൽ ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നിർമാണം പുരോഗമിച്ചിരുന്നത്. എന്നാൽ, ആദ്യഘട്ട
ഉദ്ഘാടനം കഴിഞ്ഞതിനു പിന്നാലെ നിർമാണം മന്ദഗതിയിലായി. പിന്നീട് നിർമാണമേഖലയിൽ തൊഴിലാളികളും കുറഞ്ഞു.
സാമ്പത്തിക വർഷത്തിന്റെ അവസാനമായതിനാൽ പലയിടങ്ങളിലായി റോഡ് നിർമാണങ്ങൾ പൂർത്തീകരിക്കേണ്ടതിനാൽ ഉൗരാളുങ്കലിനു കൂടുതൽ തൊഴിലാളികളെ അവിടങ്ങളിലേക്ക് വിന്യസിക്കേണ്ടി വന്നു.
ഇതിനിടയിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപനം കൂടിയുണ്ടായപ്പോൾ, ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള പല തൊഴിലാളികളും നാട്ടിലേക്ക് മടങ്ങി. ഇതോടെയാണു പ്രതിസന്ധി രൂക്ഷമായത്.
ടൗൺഷിപ്പിൽ ശേഷിക്കുന്ന 232 വീടുകളുടെ നിർമാണം അടുത്ത മഴക്കാലത്തിനു മുൻപായി പൂർത്തിയാക്കി പുനരധിവാസം ഉറപ്പാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടന ചടങ്ങിൽ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ, നിലവിൽ ടൗൺഷിപ് നിർമാണത്തിന് വേണ്ടത്ര വേഗമില്ലെന്ന് മാത്രമല്ല ആദ്യഘട്ടത്തിൽ കൈമാറാനുള്ള 178 വീടുകളിൽ പലതിന്റെയും പ്രവൃത്തി പൂർത്തിയായിട്ടുമില്ല. ചില വീടുകളിൽ ടൈൽസ് പാകൽ, പ്ലമിങ് പ്രവൃത്തികൾ പോലും എങ്ങുമെത്തിയിട്ടില്ല.
കുടിവെള്ള സംഭരണി, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, ഭൂഗർഭ വൈദ്യുത ശൃംഖല തുടങ്ങിയവയുടെ പ്രവൃത്തിയും ഇഴഞ്ഞു നീങ്ങുകയാണ്. നേരത്തെ പ്രതിദിനം 10 വീടുകളുടെ വാർപ് വരെ പൂർത്തീകരിച്ചിരുന്നു.
നിലവിൽ അതും കുറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ, മഴക്കാലത്തിനു മുൻപു പുനരധിവാസം സാധ്യമാകുമോയെന്ന ആശങ്കയിലാണു ദുരന്തബാധിതർ. കുടുംബങ്ങൾക്കു സർക്കാർ വാടക വിതരണം ചെയ്യുന്നുണ്ടെന്നുള്ളതാണ് ആശ്വാസം.
അതേസമയം, ടൗൺഷിപ് പദ്ധതിയിലേക്കുള്ള അന്തിമ പട്ടിക ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ല. മുണ്ടക്കൈയിലെ വിവിധ പാടികളിലെയും എച്ച്എംഎൽ ഫാക്ടറിക്ക് സമീപത്തെ (റാട്ടപ്പാടി) പാടികളിലെയും അട്ടമല, എച്ച്എസ് റോഡ്, പടവെട്ടിക്കുന്ന്, ഗോപിമൂല, കൊയ്നാക്കുളം എന്നിവിടങ്ങളിലെയും കുടുംബങ്ങളുമാണു പുനരധിവാസത്തിനുള്ള അർഹതയുണ്ടായിട്ടും ഇതുവരെ സർക്കാർ പ്രഖ്യാപിച്ച ഗുണഭോക്തൃ പട്ടികകളിൽ ഉൾപ്പെടാത്തത്.
പട്ടികയിൽ ഉൾപ്പെടാതെ പോയ കുടുംബങ്ങളുടെ പരാതികൾ പരിഹരിക്കാനായി ലാൻഡ് റവന്യൂ കമ്മിഷണർ അധ്യക്ഷനായി സമിതി രൂപീകരിച്ച് കഴിഞ്ഞ 17ന് സർക്കാർ ഉത്തരവിറക്കിയിരുന്നു.
അപ്പീൽ കമ്മിറ്റിയുടെ ശുപാർശ പ്രകാരമുള്ള 17 അപ്പീലുകളിലുൾപ്പെടെ എല്ലാ അപേക്ഷകളിലും ഹിയറിങ് നടത്തി കഴിഞ്ഞ ജനുവരി 31 മുൻപ് അന്തിമ പട്ടിക പ്രസിദ്ധീകരിക്കണമെന്നും ഉത്തരവിലുണ്ടായിരുന്നു. എന്നാൽ, ടൗൺഷിപ്പിന്റെ ആദ്യഘട്ട
ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരുമാസമാകാറായിട്ടും അന്തിമ പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

