വയനാട് കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട് രണ്ട് തരത്തിലുള്ള പരിശോധനകൾക്കാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
സാങ്കേതിക നിയമ പരിശോധനയും, പാരിസ്ഥിതിക അനുമതി ലഭിച്ച സമയത്ത് കേന്ദ്ര സർക്കാർ നിഷ്കർഷിച്ച വ്യവസ്ഥകൾ കരാർ കമ്പനി കൃത്യമായി പാലിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ചുള്ള പരിശോധനയുമാണ് നടക്കുക. ഈ രണ്ട് അന്വേഷണങ്ങൾ പൂർത്തിയായാൽ മാത്രമേ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുകയുള്ളൂ എന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം അടിയന്തര ആശ്വാസധനം നൽകാനും മന്ത്രിസഭായോഗം തീരുമാനിച്ചു. അതേസമയം, വയനാട് ദുരന്തത്തിന്റെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രിയുമായി ടെലിഫോണിൽ സംസാരിച്ചു.
ദുരന്തത്തിന്റെ വിശദാംശങ്ങൾ ആരാഞ്ഞ കേന്ദ്ര ആഭ്യന്തരമന്ത്രി, സംസ്ഥാന സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികളിൽ തൃപ്തി രേഖപ്പെടുത്തുകയും കേന്ദ്രത്തിന്റെ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു. സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചു.
എന്നാൽ, താൻ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ഇന്നത്തെ മന്ത്രിസഭായോഗത്തിൽ തന്നെ ഇക്കാര്യത്തിൽ തീരുമാനമെടുത്തതായി മുഖ്യമന്ത്രി കേന്ദ്രമന്ത്രിയെ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

