നിത്യച്ചെലവിന് ലോൺ എടുത്ത് കടക്കെണിയിലായ പാക്കിസ്ഥാനെ കൂടുതൽ തളർത്തി പശ്ചിമേഷ്യൻ യുദ്ധം. യുദ്ധപശ്ചാത്തലത്തിൽ ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ പാക്കിസ്ഥാനിലേക്കുള്ള ഇന്ധന വിതരണം ഏറക്കുറെ നിലച്ചു.
പെട്രോളിനും ഡീസലിനും ക്ഷാമമായതോടെ രാജ്യമെമ്പാടും ഗതാഗതമേഖല താറുമാറായി. പെട്രോൾ പമ്പുകളിൽ വാഹനങ്ങളുടെ നീണ്ട
നിര. സർക്കാർ ഇന്ധനവില കുത്തനെ കൂട്ടിയത് ജനങ്ങൾക്ക് നോമ്പുകാലത്ത് ഇരുട്ടടിയുമായി.
കനിയണം സൗദി അറേബ്യ
ഉപഭോഗത്തിനുള്ള 85% ക്രൂഡ് ഓയിലും യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നാണ് പാക്കിസ്ഥാൻ വാങ്ങിയിരുന്നത്.
ഇതാകട്ടെ പൂർണമായും വന്നിരുന്നത് ഹോർമുസ് വഴിയും. ഹോർമുസിനെ ആശ്രയിക്കാതെ, ചെങ്കടൽ വഴി ക്രൂഡ് ഓയിൽ നൽകുന്നത് പരിഗണിക്കണമെന്ന് സൗദി അറേബ്യയോട് പാക്കിസ്ഥാൻ അഭ്യർഥിച്ചിട്ടുണ്ട്.
ഇന്ധനക്ഷാമം രൂക്ഷമായതോടെ പാക്കിസ്ഥാനിൽ സർക്കാർ ഓഫിസുകളിലടക്കം പ്രവൃത്തിദിനങ്ങൾ വെട്ടിക്കുറച്ചു.
ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ചു. സർക്കാർ ജീവനക്കാരുടെ ഇന്ധന അലവൻസ് നിർത്തി.
പലയിടത്തും സ്കൂളുകൾക്ക് ദീർഘകാല അവധി പ്രഖ്യാപിച്ചു. യാത്രാച്ചെലവ് ഉയർന്നതോടെ പലരും യാത്രതന്നെ വെട്ടിക്കുറച്ചു.
കുട്ടികളെ വീടിനടുത്തുള്ള സ്കൂളുകളിലേക്ക് മാറ്റിയവരുമുണ്ട്.
റിക്ഷ, ടാക്സി ഡ്രൈവർമാർ ഇന്ധനച്ചെലവിനുള്ള പണം കണ്ടെത്താനാകാതെ പ്രതിസന്ധിയിൽ. ദിവസക്കൂലിക്ക് പ്രവർത്തിക്കുന്നവർ പ്രവൃത്തിദിനം വെട്ടിക്കുറച്ചതോടെ വെട്ടിലായെന്നും റിപ്പോർട്ടുകൾ പറയുന്നു.
റഷ്യൻ എണ്ണ വാങ്ങാമല്ലോ!
ഹോർമുസ് വഴി എണ്ണ കിട്ടുന്നില്ലെങ്കിൽ റഷ്യൻ എണ്ണയ്ക്കായി ശ്രമിക്കണമെന്ന വാദം പലയിടത്തുനിന്നും ഉയരുന്നെങ്കിലും പാക്കിസ്ഥാൻ സർക്കാർ ഇതുവരെ തുനിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടുകളിലുണ്ട്.
രാജ്യാന്തര ക്രൂഡ് ഓയിൽ വില കത്തിക്കയറിയതോടെ പാക്കിസ്ഥാന്റെ ഇറക്കുമതിച്ചെലവ് പ്രതിമാസം 600 ബില്യൻ ഡോളറിലെത്തുമെന്നാണ് കരുതുന്നത്. ഏകദേശം 5.5 ലക്ഷം കോടി ഇന്ത്യൻ രൂപ.
നിലവിൽതന്നെ കടക്കെണിയിലായ പാക്കിസ്ഥാന് ഇത് താങ്ങാനാവില്ല.
കറാച്ചിയും കൃഷിയും
ഹോർമുസ് അടച്ചതിനാൽ പാക്കിസ്ഥാനിലേക്ക് ഇന്ധനവും മറ്റും എത്തിക്കേണ്ട ചരക്കുകപ്പലുകൾ കറാച്ചി തുറമുഖത്ത് കെട്ടിക്കിടക്കുകയാണ്.
ഇന്ധനവില വർധന പാക്കിസ്ഥാൻ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ കാർഷിക മേഖലയെയും തളർത്തിക്കഴിഞ്ഞു. പാക്കിസ്ഥാന്റെ ജിഡിപിയിൽ 23 ശതമാനവും രാജ്യത്തെ മൊത്തം തൊഴിലിൽ 37 ശതമാനവും പങ്കുവഹിക്കുന്നത് കാർഷിക മേഖലയാണ്.
അനുസരിച്ചേ പറ്റൂ
ഇതിനിടെ, രാജ്യാന്തര നാണയനിധിയുടെ (ഐഎംഎഫ്) നിർദേശപ്രകാരം പാക്കിസ്ഥാൻ സർക്കാർ പെട്രോളിന് ലിറ്ററിന് 55 രൂപ ഒറ്റയടിക്ക് കൂട്ടിയതും ജനങ്ങളെ വെട്ടിലാക്കി.
പെട്രോൾ, ഡീസൽ വില കൂടിയതോടെ രാജ്യത്ത് അവശ്യവസ്തുക്കളുടെ വില, ഗതാഗതച്ചെലവ് എന്നിവയും കുതിച്ചുകയറി. ഐഎംഎഫിൽ നിന്നുള്ള ലോണിന്റെ ബലത്തിലാണ് പാക്കിസ്ഥാൻ പിടിച്ചുനിൽക്കുന്നത്.
അതുകൊണ്ടുതന്നെ, ഐഎംഎഫിൽ നിന്നുള്ള നിർദേശങ്ങൾ അനുസരിക്കാൻ പാക്കിസ്ഥാൻ സർക്കാർ ബാധ്യസ്ഥരുമാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

