സമീപകാല ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ ഊർജ്ജ പ്രതിസന്ധിയിലൂടെയാണ് ബംഗ്ലാദേശ് ഇപ്പോൾ കടന്നുപോകുന്നത്. രാജ്യത്ത് കടുത്ത വൈദ്യുതി നിയന്ത്രണങ്ങളാണ് അധികൃതർ നടപ്പിലാക്കിയിരിക്കുന്നത്.
വൈദ്യുതി ഉപഭോഗം ഗണ്യമായി കുറയ്ക്കുന്നതിന്റെ ഭാഗമായി ഷോപ്പിങ് മാളുകളും വ്യാപാര സ്ഥാപനങ്ങളും രാത്രി 8 മണിയോടെ അടച്ചുപൂട്ടണമെന്ന് സർക്കാർ കർശന നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വ്യവസായ മേഖലയെയും കാർഷിക രംഗത്തെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയിരിക്കുന്ന ഈ ഊർജ്ജക്ഷാമത്തിന് പരിഹാരം കാണുന്നതിനായി രാജ്യം ഇന്ത്യയുടെ സഹായം ഔദ്യോഗികമായി അഭ്യർത്ഥിച്ചിരിക്കുകയാണ്.
ഗ്രാമീണ മേഖലകളിലാണ് ഊർജ്ജ പ്രതിസന്ധി ഏറ്റവും ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചിട്ടുള്ളത്. ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് ഈ പ്രദേശങ്ങളിൽ പ്രതിദിനം 8 മുതൽ 10 മണിക്കൂർ വരെയാണ് വൈദ്യുതി തടസ്സം നേരിടുന്നത്.
ഇതിനുപുറമെ രാജ്യത്ത് തുടരുന്ന കടുത്ത ഉഷ്ണതരംഗം ജനജീവിതം കൂടുതൽ ദുസ്സഹമാക്കി മാറ്റിയിട്ടുണ്ട്. നിലവിൽ 18,000 മെഗാവാട്ട് വൈദ്യുതിയാണ് രാജ്യത്തിന്റെ ആവശ്യത്തിനായി വേണ്ടത്.
എന്നാൽ ഇതിന്റെ പകുതിയോളം വരുളള 13,000 മെഗാവാട്ടിൽ എത്തിക്കാൻ പോലും അധികൃതർക്ക് സാധിക്കാത്ത സാഹചര്യമാണുള്ളത്. തുടർച്ചയായ ദിവസങ്ങളിൽ അനുഭവപ്പെടുന്ന കടുത്ത ലോഡ്ഷെഡിംഗിൽ പ്രതിഷേധിച്ച് ജനങ്ങൾ പലയിടത്തും വൈദ്യുതി വകുപ്പ് ഓഫീസുകൾ ആക്രമിക്കുന്ന സ്ഥിതിയുണ്ടായി.
സെയ്ദ്പൂർ, നിൽഫാമരി, കുഷ്തിയ തുടങ്ങിയ പ്രദേശങ്ങളിൽ ഇത്തരത്തിലുള്ള അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതേത്തുടർന്ന് രാജ്യത്തെ പവർ ഗ്രിഡുകൾക്കും സബ് സ്റ്റേഷനുകൾക്കും ശക്തമായ പോലീസ് സംരക്ഷണം നൽകണമെന്ന് ബംഗ്ലാദേശ് ബിദ്യുത് അസോസിയേഷൻ ആവശ്യപ്പെടുകയുണ്ടായി.
കുടിശ്ശിക തുക പിരിക്കാൻ എത്തുന്ന വൈദ്യുതി വകുപ്പ് ജീവനക്കാർക്ക് നേരെയും വ്യാപകമായ ഭീഷണികളും കയ്യേറ്റങ്ങളും നടക്കുന്നുണ്ട്. പ്രകൃതിവാതകത്തിന്റെയും ഇന്ധനത്തിന്റെയും ലഭ്യതയിലുള്ള കുറവാണ് ഇപ്പോഴത്തെ ഗുരുതരമായ പ്രതിസന്ധിക്ക് പ്രധാന കാരണം.
ബംഗ്ലാദേശ് ഉപയോഗിക്കുന്ന എണ്ണയുടെ 90 ശതമാനവും പ്രകൃതി വാതകത്തിന്റെ 30 ശതമാനവും ഇറക്കുമതിയിലൂടെയാണ് കണ്ടെത്തുന്നത്. യുഎസ് കമ്പനിയായ എക്സലറേറ്റ് എനർജിയുടെ ടെർമിനലിലുണ്ടായ തീപിടുത്തത്തെ തുടർന്ന് ജൂലൈ 21 മുതൽ എൽഎൻജി വിതരണം പകുതിയായി കുറഞ്ഞതും, മോശം കാലാവസ്ഥ കാരണം എൽഎൻജി കപ്പലുകളിൽ നിന്ന് ഇന്ധനം ഇറക്കാൻ സാധിക്കാതെ വന്നതുമാണ് പെട്ടെന്നുള്ള പ്രതിസന്ധിക്ക് ആക്കം കൂട്ടിയത്.
കൂടാതെ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന വൈദ്യുതിയുടെ അളവ് കുറഞ്ഞതും സ്ഥിതി കൂടുതൽ വഷളാക്കി. പ്രതിദിനം 100 കോടി ക്യുബിക് അടിയിലധികം വാതകം ആവശ്യമുള്ള പവർ സെക്ടറിന് നിലവിൽ 70 കോടി ക്യുബിക് അടി മാത്രമാണ് ലഭ്യമാകുന്നത്.
ഇതാണ് രാജ്യവ്യാപകമായി കടുത്ത ലോഡ്ഷെഡിംഗിന് കാരണമായി തീർന്നത്. മൈമൻസിംഗ്, ബാരിഷാൽ, രംഗപൂർ, സിൽഹെറ്റ്, രാജ്ഷാഹി, ഖുൽന തുടങ്ങിയ മേഖലകളിലാണ് ക്ഷാമം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത്.
നീണ്ടുനിൽക്കുന്ന വൈദ്യുതി മുടക്കം കൃഷിയെയും ഹോട്ടൽ വ്യവസായത്തെയും വ്യാവസായിക ഉൽപ്പാദന മേഖലയെയും കാര്യമായി ബാധിച്ചിട്ടുണ്ട്. ഈ പ്രതിസന്ധിക്ക് താത്കാലിക പരിഹാരമെന്ന നിലയിൽ ഇന്ത്യയിൽ നിന്നും കൂടുതൽ ഡീസൽ എത്തിക്കണമെന്നാണ് ബംഗ്ലാദേശ് ആവശ്യപ്പെട്ടിരിക്കുന്നത്.
ബംഗ്ലാദേശ് ഊർജ്ജ മന്ത്രി ഇഖ്ബാൽ ഹസൻ മഹ്മൂദ് ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനേശ് ത്രിവേദിയുമായി നടത്തിയ നിർണ്ണായക കൂടിക്കാഴ്ചയിലാണ് ഈ ആവശ്യം ഉന്നയിച്ചത്. ഇന്ത്യ-ബംഗ്ലാദേശ് ഫ്രണ്ട്ഷിപ്പ് പൈപ്പ്ലൈൻ വഴിയാണ് ഡീസൽ ഇരുരാജ്യങ്ങളും തമ്മിൽ കൈമാറുന്നത്.
പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ഇന്ത്യ അഭയം നൽകിയതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിൽ നയപരമായ ചില അസ്വാരസ്യങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, അടിയന്തരമായ ഊർജ്ജ ആവശ്യങ്ങൾക്കായി ബംഗ്ലാദേശ് പ്രധാനമായും ഇന്ത്യയെ തന്നെയാണ് ആശ്രയിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

