അമ്പലപ്പുഴ ∙ സിപിഎം തോട്ടപ്പള്ളി ലോക്കൽ കമ്മിറ്റിക്കു കീഴിലെ പൂത്തോപ്പ് ബ്രാഞ്ച് സെക്രട്ടറി തോട്ടപ്പള്ളി പൊരിയന്റപറമ്പിൽ സജീവന്റെ (56) തിരോധാനം വീണ്ടും രാഷ്ട്രീയ ചർച്ചയാകുന്നു. ഫെബ്രുവരി 8നു ചേർന്ന തോട്ടപ്പള്ളി ലോക്കൽ കമ്മിറ്റി യോഗത്തിൽ, കനാൽ ബ്രാഞ്ച് സെക്രട്ടറി ആയിരുന്ന പി.പി.സുന്ദരേശനെ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗമായ വനിതാ നേതാവും ചേർന്നു ‘സജീവനു സംഭവിച്ചതു പോലെ ഒന്നു കൂടി സംഭവിച്ചാൽ ഇവിടെ അന്വേഷിക്കാൻ ഒരു പൊലീസുപോലും കാണില്ല’ എന്നു ഭീഷണി മുഴക്കിയതോടെയാണ് തിരോധാനം വീണ്ടും ചർച്ചകളിൽ സജീവമായത്.
സുന്ദരേശനെ ഭീഷണിപ്പെടുത്തിയത് പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നുണ്ട്.
ഭീഷണിക്കു പുറമേ സുന്ദരേശനെ ലോക്കൽ കമ്മിറ്റി യോഗത്തിൽ കയ്യേറ്റം ചെയ്യാനും ശ്രമം ഉണ്ടായി. ഒടുവിൽ ലോക്കൽ കമ്മിറ്റി ഓഫിസിന്റെ കതകു തുറന്നു സുന്ദരേശൻ ഓടി രക്ഷപ്പെടുകയായിരുന്നു.
പാർട്ടി മെംബർഷിപ് സ്ക്രൂട്ടിനിക്കും തിരഞ്ഞെടുപ്പ് അവലോകനത്തിനുമായാണ് കഴിഞ്ഞ ഫെബ്രുവരി 8നു ചേർന്ന ലോക്കൽ കമ്മിറ്റി യോഗം ചേർന്നത്.
2021 സെപ്റ്റംബർ 29 മുതലാണ് സജീവനെ കാണാതായത്. തോട്ടപ്പള്ളിയിലെ കരിമണൽ ഖനനവിരുദ്ധ സമരത്തിലെ പ്രധാനിയായിരുന്നു സജീവൻ.
കാണാതായതിനു പിന്നിൽ സിപിഎമ്മിനു പങ്കുണ്ടെന്ന് സജീവന്റെ കുടുംബം അന്ന് ആരോപിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സിപിഎം പ്രാദേശിക നേതാക്കളെ പൊലീസ് ചോദ്യം ചെയ്തെങ്കിലും വിട്ടയച്ചു.
മത്സ്യത്തൊഴിലാളിയായ സജീവൻ ജോലി കഴിഞ്ഞു തോട്ടപ്പള്ളി പൊഴിയിലൂടെ നീന്തി വരുമ്പോൾ ഒഴുകിപ്പോയി എന്ന നിഗമനത്തിലാണ് പൊലീസ് കേസ് അവസാനിപ്പിച്ചത്. കുടുംബം ഹൈക്കോടതിയിൽ പോയെങ്കിലും പൊലീസ് അന്വേഷണത്തിൽ പുരോഗതി ഉണ്ടായില്ല.
സജീവനെ അപായപ്പെടുത്തിയതാണെന്ന വസ്തുതയാണ് തോട്ടപ്പള്ളി ലോക്കൽ കമ്മിറ്റി യോഗത്തിലുണ്ടായ ഭീഷണിയിലൂടെ പുറത്തുവന്നതെന്ന് ഒരു വിഭാഗം വിലയിരുത്തുന്നു.
ഇതേക്കുറിച്ചു പൊലീസ് രഹസ്യാന്വേഷണ വിഭാഗം വിവരങ്ങൾ ശേഖരിച്ചു തുടങ്ങി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

