ആലപ്പുഴയിലെ അമ്പലപ്പുഴ മണ്ഡലത്തിൽ സിപിഎം നേതൃത്വവും ജി സുധാകരൻ എംഎൽഎയും തമ്മിലുള്ള ഭിന്നത അതിരൂക്ഷമാകുന്നു. പാർട്ടി ജില്ലാ സെക്രട്ടറി ആർ നാസർ ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടിയുമായി ജി സുധാകരൻ തന്നെ നേരിട്ട് രംഗത്തെത്തി.
താൻ ഒറ്റപ്പെട്ടുവെന്ന വാദത്തെ പരിഹസിച്ച അദ്ദേഹം, ജില്ലാ സെക്രട്ടറി ജനങ്ങളിൽ നിന്ന് പൂർണ്ണമായും ഒറ്റപ്പെട്ട നേതാവാണെന്നും ജനപിന്തുണ തിരിച്ചുപിടിക്കാനുള്ള ബൗദ്ധികമോ കായികമോ ആയ ശേഷി അദ്ദേഹത്തിനില്ലെന്നും കുറ്റപ്പെടുത്തി.
“തന്നെ കൈകാര്യം ചെയ്തോളൂ. ജനങ്ങൾ സിപിഎമ്മിനെ കൈകാര്യം ചെയ്തു കഴിഞ്ഞു.
ഇനി തന്നെ ആരെങ്കിലും ആക്രമിച്ചാൽ അതിൻറെ ഉത്തരവാദി സിപിഎം ജില്ലാ സെക്രട്ടറിയാണ്” എന്ന് ജി സുധാകരൻ വ്യക്തമാക്കി. മറുഭാഗത്ത്, പൊതുവേദികളിലെ അധിക്ഷേപം അവസാനിപ്പിക്കണമെന്ന കർശന താക്കീതുമായി ആർ നാസർ രംഗത്തെത്തി.
രാഷ്ട്രീയ വിയോജിപ്പുകൾ പ്രകടിപ്പിക്കേണ്ടത് ഇങ്ങനെയല്ലെന്നും, നിലപാട് മാറ്റിയില്ലെങ്കിൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടായേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. “തുടർച്ചയായി കടന്നാക്രമിച്ചാൽ പ്രതികരിക്കേണ്ടി വരും.
ക്ഷമിക്കുന്നതിന് പരിധിയുണ്ട്, ജനങ്ങൾ കൈകാര്യം ചെയ്യും” എന്നും ആർ നാസർ കൂട്ടിച്ചേർത്തു. ഈ തർക്കങ്ങൾക്കിടെ, കെസി വേണുഗോപാൽ എംപി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ജി സുധാകരന് പിന്തുണയുമായി എത്തി.
സുധാകരനെ തെരുവിൽ വിചാരണ ചെയ്യാനുള്ള സിപിഎം നീക്കം അംഗീകരിക്കാനാവില്ലെന്ന് കെസി വേണുഗോപാൽ പറഞ്ഞു. നീർക്കുന്നം സ്കൂളിൽ അടുത്തിടെ നടന്ന സംഭവങ്ങളുടെ തുടർച്ചയായാണ് സുധാകരന്റെ ഓഫീസിലേക്ക് സിപിഎം പ്രതിഷേധ മാർച്ച് നടത്തിയത്.
ഔദ്യോഗിക വേദികൾ ഉപയോഗിച്ച് പാർട്ടി നേതൃത്വത്തെ അപമാനിക്കുന്നുവെന്നാണ് സിപിഎം ആരോപിക്കുന്നത്. ഇതേസമയം, മെഡിക്കൽ കോളേജിലെ പൊതിച്ചോറ് വിതരണവുമായി ബന്ധപ്പെട്ട
വിവാദ പ്രസ്താവനയിൽ ജി സുധാകരൻ മലക്കം മറിഞ്ഞു. താൻ വിതരണം നിർത്താൻ പറഞ്ഞിട്ടില്ലെന്നും, ആശുപത്രി പരിസരത്ത് പാചകം ചെയ്യുന്നത് ഒഴിവാക്കി പുറത്തുനിന്ന് പാചകം ചെയ്ത് എത്തിക്കണമെന്നാണ് ഉദ്ദേശിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.
വിവിധ സംഘടനകൾ ബാനറുകൾ വെച്ച് ആശുപത്രിയെ മത്സരവേദിയാക്കരുതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഒരു മാധ്യമപ്രവർത്തകനെ വർഗീയവാദിയെന്ന് വിളിച്ചത് വലിയ വിവാദമായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

