ആലപ്പുഴയിലെ രാഷ്ട്രീയ അന്തരീക്ഷത്തിൽ അമ്പലപ്പുഴ എംഎൽഎ ജി സുധാകരന് എതിരെ സിപിഎം കർശന നടപടികളിലേക്ക്. പൊതുവേദികളിൽ പാർട്ടി നേതാക്കളെയും പ്രസ്ഥാനത്തെയും തുടർച്ചയായി അധിക്ഷേപിക്കുന്നത് അവസാനിപ്പിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആർ നാസർ മുന്നറിയിപ്പ് നൽകി.
ഇത്തരം സമീപനങ്ങൾ തുടർന്നാൽ ക്രമസമാധാന പ്രശ്നങ്ങളിലേക്ക് കാര്യങ്ങൾ നീങ്ങുമെന്നും, തുടർച്ചയായി ആക്രമിച്ചാൽ പ്രതികരിക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. “ക്ഷമിക്കുന്നതിന് പരിധിയുണ്ടെന്നും ജനങ്ങൾ കൈകാര്യം ചെയ്യുമെന്നും” ആർ നാസർ കൂട്ടിച്ചേർത്തു.
നീർക്കുന്നം സ്കൂളിൽ നടന്ന സംഭവങ്ങളുടെ തുടർച്ചയായാണ് ജി സുധാകരന്റെ ഓഫീസിലേക്ക് സിപിഎം പ്രതിഷേധം സംഘടിപ്പിച്ചത്. ഔദ്യോഗിക വേദികളെ പാർട്ടി വിരുദ്ധ പരാമർശങ്ങൾക്കായി എംഎൽഎ ഉപയോഗിക്കുന്നുവെന്നതാണ് സിപിഎം നേതൃത്വത്തിന്റെ പ്രധാന ആരോപണം.
പാർട്ടിയുടെ മൗനത്തെ ദൗർബല്യമായി കാണരുതെന്നും നേതൃത്വം ഓർമ്മിപ്പിക്കുന്നു. അതേസമയം, ജി സുധാകരന് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി.
എംഎൽഎയെ തെരുവിൽ വിചാരണ ചെയ്യാനുള്ള നീക്കം അംഗീകരിക്കില്ലെന്ന് കെ സി വേണുഗോപാൽ എംപി വ്യക്തമാക്കി. സിപിഎം നടപടി പാർട്ടി പ്രവർത്തകർ പോലും ഉൾക്കൊള്ളാൻ തയ്യാറല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടയിൽ, മെഡിക്കൽ കോളേജിലെ പൊതിച്ചോറ് വിതരണവുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ ജി സുധാകരൻ നിലപാട് മയപ്പെടുത്തി.
“പൊതിച്ചോറ് വിതരണം നിർത്തണമെന്ന് പറഞ്ഞിട്ടില്ലെന്നും മെഡിക്കൽ കോളേജിനുള്ളിൽ വെച്ച് പാചകം ചെയ്യുന്നതിന് പകരം പുറത്ത് പാചകം ചെയ്ത് എത്തിക്കണം എന്നാണ് താൻ പറഞ്ഞതെന്ന്” അദ്ദേഹം വിശദീകരണം നൽകി. ആശുപത്രി പരിസരം സംഘടനകളുടെ മത്സരവേദിയാക്കരുതെന്നാണ് താൻ ഉദ്ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ, മാധ്യമപ്രവർത്തകനോടുള്ള എംഎൽഎയുടെ പ്രതികരണവും പുതിയ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

