മൂലമറ്റം ∙ കാലിലും ചിറകുകളിലും നൂൽ കുടുങ്ങി പറക്കാനാകാതെ ബുദ്ധിമുട്ടിയ പ്രാവിനും അർധരാത്രിയിൽ കിണറ്റിൽ വീണ മൂരിക്കുട്ടനും രക്ഷകരായി മൂലമറ്റം അഗ്നിരക്ഷാസേന. ശനിയാഴ്ച വൈകിട്ട് ഏഴിന് മൂലമറ്റത്തെ കെട്ടിടത്തിന്റെ പിന്നിൽ ഷീറ്റ് മേഞ്ഞ ഭാഗത്ത് നൂൽ കുടുങ്ങിയ പ്രാവ് അകപ്പെട്ടു.
സിവിൽ ഡിഫൻസ് വൊളന്റിയർ ജെയ്സൺ ആണ് വിവരം അഗ്നിരക്ഷാ സേനയിൽ അറിയിച്ചത്. സ്റ്റേഷൻ ഓഫിസർ ടി.കെ.അബ്ദുൽ അസീസിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ സേനയിലെ ഷിന്റോ ജോസ് ഗോവണി വഴി മുകളിലെത്തി ചരട് അറുത്തുമാറ്റി.
പിന്നീട് മുഴുവൻ നൂലും മാറ്റി സ്വതയാക്കി.
വെള്ളിയാഴ്ച രാത്രി 10.44 നാണ് നല്ലതണ്ണി റൈഡേഴ്സ് കഫേക്ക് എതിർവശത്തുള്ള സർക്കാർ ഭൂമിയിലെ കിണറ്റിൽ മൂരിക്കിടാവ് വീണതായി സന്ദേശം ലഭിച്ചത്. മിച്ചഭൂമിയിൽ തന്നെ താമസിക്കുന്ന സിറാജ് ജോലി കഴിഞ്ഞ് എത്തിയപ്പോഴാണ് കിണറ്റിൽ നിന്ന് ശബ്ദം കേട്ടത്.
അര കിലോമീറ്റർ ദുർഘടമായ ഇടുങ്ങിയ വഴിയിലൂടെ സഞ്ചരിച്ചാൽ മാത്രമേ കിണറിനു സമീപം എത്തുകയുള്ളു.
രക്ഷാപ്രവർത്തനത്തിനുള്ള ഉപകരണങ്ങൾ സേനയുടെ തന്നെ ജീപ്പിൽ സംഭവസ്ഥലത്ത് എത്തിച്ചു. ചുറ്റുമതിൽ ഇല്ലാത്ത കിണറിന് 30 അടി താഴ്ചയും 8 അടി വെള്ളവും ഉണ്ടായിരുന്നു.
സേനാംഗങ്ങളായ ബിബിൻ.എ.തങ്കപ്പൻ, ജയിംസ് തോമസ് എന്നിവർ കിണറ്റിൽ ഇറങ്ങി റെസ്ക്യു ബെൽറ്റ്, റോപ്പ് എന്നിവ ഉപയോഗിച്ച് കിടാവിനെ ആദ്യം സുരക്ഷിതമായി ബന്ധിച്ചു കരയിലെത്തിച്ചു. സേനയെ സഹായിക്കാൻ അതുവഴി കടന്നുപോയ വാഹന യാത്രക്കാരും ഉണ്ടായിരുന്നു.
സേനാംഗങ്ങളായ ജിബി.പി.വരമ്പനാട്ട്, റോയി മാത്യു, കെ.സന്ദീപ്, എസ്.ആർ.അരവിന്ദ്, എ അഫ്സൽ ഖാൻ എന്നിവരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. മൂരിക്കിടാവിന് ഉടമസ്ഥൻ ഇല്ലെന്ന് അന്വേഷണത്തിൽ മനസ്സിലായി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

