ശാസ്താംകോട്ട ∙ അടിത്തട്ട് വരെ തെളിഞ്ഞ് കാണുന്ന മുതുപിലാക്കാട്ടെ കണ്ണാടിക്കുളം കുട്ടികൾക്ക് മരണക്കെണിയാകുന്നു.
വേനലിൽ കനാൽ തുറക്കുന്നതോടെ ജല സമൃദ്ധമാകുന്ന കണ്ണാടിക്കുളത്തിലേക്ക് ദൂരെ പ്രദേശങ്ങളിൽ നിന്നടക്കം വിദ്യാർഥികളും എത്താറുണ്ട്. രണ്ടാൾ താഴ്ചയുള്ള കുളം തെളിഞ്ഞ് കിടക്കുന്നതിനാൽ ആഴം മനസ്സിലാക്കാൻ കഴിയില്ല.
ഒറ്റനോട്ടത്തിൽ ആഴമില്ലെന്നു തോന്നുമെങ്കിലും കുട്ടികൾ ചാടിയാൽ മുങ്ങിത്താഴും. പോരുവഴി ഗവ.എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർഥി ശൂരനാട് വടക്ക് സ്വദേശി സുധി സോമൻ കഴിഞ്ഞ ദിവസം രാവിലെ കുളത്തിൽ മരിച്ചതും ഇത്തരത്തിലാണ്.
ഭരണിക്കാവിൽ ട്യൂഷൻ കഴിഞ്ഞ് കൂട്ടുകാർക്കൊപ്പം എത്തിയ സുധി പടിക്കെട്ടിൽ നിന്നും കുളത്തിലേക്ക് ചാടി.
നീന്തൽ അറിയാത്തതിനാൽ മുങ്ങിത്താഴ്ന്നു. കരയിൽ നിന്ന കുട്ടികൾ നിലവിളിച്ച് ഓടുന്നത് കണ്ടാണ് നാട്ടുകാർ എത്തി സുധിയെ പുറത്തെടുത്തത്.
സിപിആർ നൽകി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ട് വർഷം മുൻപ് ഉപജില്ലാ കലോത്സവം കാണാനെത്തിയ വിദ്യാർഥികൾ ഇവിടെ കുളിക്കാൻ ഇറങ്ങി അപകടത്തിൽപ്പെട്ടിരുന്നു.
അടൂർ മാഞ്ഞാലി സ്വദേശിയായ സ്കൂൾ വിദ്യാർഥിക്കാണ് അന്ന് ജീവൻ നഷ്ടമായത്.
ഇതേ തുടർന്ന് ഇരുവശങ്ങളിലും വേലി നിർമിച്ച ശേഷം കുളത്തിലേക്ക് ഇറങ്ങുന്ന ഭാഗത്ത് വാതിൽ സ്ഥാപിച്ചു. കുളം കാണാൻ എത്തുന്നവരോട് പ്രദേശവാസികൾ മുന്നറിയിപ്പ് നൽകുന്നതും പതിവായി.
കുട്ടികൾ അടക്കം കുളിക്കാൻ എത്തുന്നവരുടെ എണ്ണം കൂടിയതോടെ, വേനലിൽ ആശ്രയമായിരുന്ന കുളത്തിലേക്ക് നാട്ടുകാർ എത്താതായി. കുട്ടികൾക്ക് ഇറങ്ങാൻ കഴിയാത്ത തരത്തിൽ പൂർണമായി വേലിയിട്ട് കുളം അടയ്ക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

