തണ്ണിത്തോട് ∙ കാടിറങ്ങി റോഡ് കടന്നു കല്ലാറ്റിലേക്ക് എത്തുന്ന കാട്ടാനകൾ യാത്രക്കാർക്കും സഞ്ചാരികൾക്കും കൗതുകമാകുന്നു. കോന്നി– തണ്ണിത്തോട് റോഡിൽ വനഭാഗത്തെ പേരുവാലി മുതൽ ഇലവുങ്കൽ വരെയുള്ള ഭാഗത്താണു മിക്കപ്പോഴും കാട്ടാന ഇറങ്ങുന്നത്.
വേനൽ കനത്തതോടെ വെള്ളം തേടിയെത്തുന്ന കാട്ടാനക്കൂട്ടം തീറ്റ തിന്നും കല്ലാറ്റിൽ നീരാടിയുമാണു മടക്കം. വെയിൽ മങ്ങി വൈകുന്നേരത്തോടെ ഇറങ്ങുന്ന കാട്ടാനകൾ വാഹനത്തിരക്ക് കുറയുന്നതു വരെ റോഡരികിൽ മാറി നിന്ന ശേഷമാകും റോഡ് കുറുകെ കടന്നു കല്ലാറ്റിലേക്ക് പോകുന്നത്.
മലയോരങ്ങളിലെ പ്രായം ചെന്നവർ കാട്ടാനയെ പലപ്പോഴും കണ്ടിട്ടുണ്ടെങ്കിലും യുവാക്കളും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരും അടവിയിലേക്കെത്തുന്ന സഞ്ചാരികളും കാട്ടാനയെ കാണുന്നത് വേനൽക്കാലത്ത് വനഭാഗത്തെ റോഡിലൂടെയുള്ള യാത്രയിലാകും.
കാട്ടാന റോഡരികിൽ നിൽക്കുന്നതോ റോഡ് കുറുകെ കടക്കുന്നതോ അതല്ലെങ്കിൽ കല്ലാറ്റിൽ വെള്ളം കുടിക്കുന്നതോ കാണുന്നത് കൗതുകത്തോടെയാകും.
എന്നാൽ മൊബൈൽ ഫോണിൽ മികച്ച ചിത്രങ്ങൾ പകർത്താനായി വാഹനം നിർത്തി ഇറങ്ങി കാട്ടാനയുടെ അടുത്തേക്ക് പോകുന്നത് അപകടം ക്ഷണിച്ചു വരുത്തുമെങ്കിലും പലപ്പോഴും യാത്രക്കാർ ശ്രദ്ധിക്കാറില്ല. കുട്ടിയാന ഉൾപ്പെടെയുള്ള ആനക്കൂട്ടമാണെങ്കിൽ കൂടുതൽ അടുത്തേക്ക് ചെല്ലുകയോ, ശബ്ദമുണ്ടാക്കിയോ ഹോൺ മുഴക്കിയോ പ്രകോപനമുണ്ടാക്കുകയോ ചെയ്താൽ പെട്ടെന്ന് ആക്രമണത്തിന് മുതിരുമെന്നു വനംവകുപ്പ് അധികൃതർ പറഞ്ഞു.
ഇന്നലെ വൈകിട്ട് മൂന്നോടെ മുണ്ടോംമൂഴിക്ക് സമീപം റോഡരികിൽ കാട്ടാനക്കൂട്ടം എത്തി.
റോഡിൽനിന്ന് ഏറെ ദൂരത്തിലല്ലാതെ 2 ആനകൾ തീറ്റ തിന്നുകയും മറ്റു 4 ആനകൾ കാടിനുള്ളിലുമായിരുന്നു. തീറ്റ തിന്നുകൊണ്ടിരുന്ന ആനകൾ റോഡിലേക്ക് ഇടയ്ക്കിടെ നോക്കുന്നുണ്ടായിരുന്നു.
ഇതുവഴി വന്ന യാത്രക്കാരിൽ പലരും വാഹനം നിർത്തിയിട്ട ശേഷം കൂടുതൽ അടുത്തേക്ക് എത്തി മൊബൈൽ ഫോണിൽ കാട്ടാനയുടെ ചിത്രവും വിഡിയോയും എടുക്കുന്നുണ്ടായിരുന്നു.
കാട്ടാന തുമ്പിക്കൈ നീട്ടിയാൽ എത്തുന്നത്ര അടുത്ത് എത്തി ചിത്രമെടുത്തവരുമുണ്ട്.
ക്ഷണിച്ചുവരുത്തരുതേ അപകടം
കാട്ടാനയ്ക്കു പ്രകോപനമുണ്ടാകാൻ ഏറെ സമയം വേണ്ടിവരില്ലാത്തതിനാൽ യാത്രക്കാരും സഞ്ചാരികളും കാട്ടാനയുടെ അടുത്തേക്കു പോയി ചിത്രമെടുക്കുകയോ വാഹനം നിർത്തിയിട്ടു പുറത്തിറങ്ങുകയോ ചെയ്യരുത്. കാട്ടാന റോഡ് കുറുകെ കടക്കുമ്പോൾ റോഡിന് ഇരുഭാഗത്തും ഏറെ ദൂരേക്കു മാറ്റി വാഹനം നിർത്തിയിട്ട
ശേഷം വാഹനത്തിൽനിന്നു പുറത്തിറങ്ങാതെ കാട്ടാന കടന്നുപോയ ശേഷം മാത്രം യാത്ര തുടരണമെന്നു വനംവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

