തിരുവനന്തപുരം ∙ കോർപറേഷൻ നിശ്ചയിച്ചിട്ടുള്ള നിരക്കിനെക്കാൾ ഇരട്ടിത്തുക പിരിച്ച് ഗാന്ധി പാർക്കിൽ കരാറുകാരന്റെ പാർക്കിങ് ഫീസ് കൊള്ള. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ലേലം ഉറപ്പിക്കുന്നതിനു മുൻപ് പരമാവധി തുക പിരിച്ചെടുക്കാനാണു കരാറുകാരന്റെ കൊള്ളപ്പിരിവ്.
നിരക്ക് വിവരം പൊതുജനം അറിയാനായി സ്ഥാപിച്ച ബോർഡ് ഇളക്കിമാറ്റിയ ശേഷമാണ് അനധികൃത പിരിവ്. ഒട്ടേറെ പേർ കോർപറേഷനിൽ പരാതി നൽകിയെങ്കിലും സ്വന്തം ഉടമസ്ഥതയിലുള്ള പാർക്കിലെ കൊള്ളപ്പിരിവ് അവസാനിപ്പിക്കാൻ അധികൃതർ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.
കൗൺസിൽ തീരുമാനമനുസരിച്ച് മോട്ടർ ഘടിപ്പിച്ച ഇരുചക്ര വാഹനങ്ങൾ മൂന്നു മണിക്കൂർ സമയം പാർക്ക് ചെയ്യുന്നതിന് ഈടാക്കാവുന്ന നിരക്ക് 5 രൂപയാണ്.
എന്നാൽ കരാറുകാരൻ ഈടാക്കുന്നത് പത്തു രൂപ. ജീപ്പ്, കാർ എന്നിവ പാർക്ക് ചെയ്യുന്നതിനാണ് പത്തു രൂപ ഈടാക്കാൻ നിർദേശിച്ചിട്ടുള്ളത്.
ഇരു ചക്ര വാഹന യാത്രക്കാർക്ക് നൽകുന്ന രസീതിലും ‘ഫോർ വീലർ’ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
അതേസമയം കാർ ഉടമസ്ഥരിൽ നിന്ന് 15 രൂപയും വാങ്ങുന്നുണ്ട്. നീളം കൂടിയ കാറുകൾക്ക് 12 രൂപയാണ് കൗൺസിൽ അംഗീകരിച്ച നിരക്ക് എങ്കിലും ചില്ലറ ഇല്ലെന്ന കാരണം പറഞ്ഞാണ് 3 രൂപ അധികം ഈടാക്കുന്നത്.
ഓട്ടോറിക്ഷ പാർക്ക് ചെയ്യാൻ നിശ്ചയിച്ചിട്ടുള്ള നിരക്ക് 7 രൂപയാണെങ്കിലും അവരിൽ നിന്നും പത്തു രൂപയാണ് വാങ്ങുന്നതെന്ന് പരാതിയുണ്ട്.
ഇരട്ടി നിരക്ക് ഈടാക്കുന്നതു ചോദ്യം ചെയ്യുന്നവരെ ഭീഷണിപ്പെടുത്തുന്നത് പതിവായപ്പോഴാണ് ജനം കോർപറേഷനിൽ പരാതിപ്പെട്ടതെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
അമിതനിരക്ക് ഈടാക്കുന്നതു സംബന്ധിച്ച് മുൻപ് പരാതി ഉയർന്നപ്പോഴാണ് നിരക്ക് പ്രദർശിപ്പിച്ചുള്ള ബോർഡ് ഗേറ്റിന് സമീപത്തായി സ്ഥാപിച്ചത്. ഈ ബോർഡ് ഇപ്പോൾ ഇളക്കിമാറ്റിയ നിലയിലാണ്.
സമീപത്ത് മറ്റു പാർക്കിങ് കേന്ദ്രങ്ങൾ ഇല്ലാത്തതിനാൽ ശ്രീപത്മനാഭസ്വാമി ക്ഷേത്ര ദർശനത്തിനും ചാലയിലും എത്തുന്നവരാണ് ഗാന്ധി പാർക്കിനെ ആശ്രയിക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

