തലശ്ശേരി ∙ മുഖ്യമന്ത്രിക്കും എൽഡിഎഫ് നേതാക്കൾക്കും കൃത്യമായ മറുപടി നൽകിയും പ്രസംഗത്തിലൂടെ പ്രവർത്തകരെ ആവേശംകൊള്ളിച്ചും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗയാത്രയ്ക്ക് ജില്ലയിൽ ഉജ്വല സമാപനം. രണ്ട് ദിവസങ്ങളിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലൂടെ കടന്നുപോയ യാത്രയ്ക്ക് വൻ ജനപങ്കാളിത്തമാണ് ഉണ്ടായത്.
7ന് ജില്ലയിലെത്തിയ യാത്രയുടെ രണ്ടാംദിനമായ ഇന്നലെ തലശ്ശേരിയിലായിരുന്നു തുടക്കം. മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു.
പച്ചയ്ക്കു വർഗീയത പറഞ്ഞ് ആളുകളെ ഭിന്നിപ്പിച്ച് അതിലൂടെ വോട്ട് നേടാനാവുമോ എന്നാണ് ഇടതുമുന്നണി നോക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വർഗീയത പറയുന്നവരെ പ്രോത്സാഹിപ്പിക്കുകയും കൊണ്ടുനടക്കുകയുമാണ് അവർ. ഏതെങ്കിലും വിഷയം കിട്ടിയാൽ സമുദായങ്ങളെ ഭിന്നിപ്പിച്ചു നേട്ടം കൊയ്യാനാകുമോ എന്നാണു നോക്കുന്നത്.
പാർലമെന്റ് തിരഞ്ഞെടുപ്പിനു മുൻപ് ന്യൂനപക്ഷ പ്രീണനമായിരുന്നുവെങ്കിൽ തിരഞ്ഞെടുപ്പിനുശേഷം ഭൂരിപക്ഷപ്രീണനമാണ് നടത്തുന്നത്. കണ്ടാലറിയാത്തവൻ കൊണ്ടാലറിയും.
ഇടതുമുന്നണി വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പാഠം പഠിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മണ്ഡലം ചെയർമാൻ എൻ.മഹമൂദ് അധ്യക്ഷത വഹിച്ചു.
പാനൂരിലായിരുന്നു അടുത്ത സ്വീകരണം.
കേരളം ഇനി ഭരിക്കേണ്ടത് യുഡിഎഫാണെന്നു ജനം തീരുമാനിച്ചതായി വി.ഡി.സതീശൻ പറഞ്ഞു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് ദുർഭരണത്തിനു അന്ത്യംകുറിക്കാൻ കേരളത്തിലെ ജനം ഉറപ്പിച്ചതായുള്ള സൂചനകളാണ് യുഡിഎഫ് പുതുയുഗയാത്രയ്ക്ക് ലഭിക്കുന്ന വൻ ജനപങ്കാളിത്തമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടറി നടത്തുന്നത് വിദ്വേഷയാത്രയാണെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് ഷാഫി പറമ്പിൽ പറഞ്ഞു.
വികസന മുന്നേറ്റജാഥയിൽ വികസന കാര്യങ്ങളല്ല അവതരിപ്പിക്കുന്നത്. വിദ്വേഷപ്രകടനമാണ്.
വി.ഡി.സതീശൻ നയിക്കുന്ന ഒരുമയുടെ യാത്രയെ ജനം ഏറ്റെടുത്തതായി ഷാഫി പറഞ്ഞു. കൂത്തുപറമ്പ് നിയോജക മണ്ഡലം യുഡിഎഫ് കൺവീനർ പി.പി.എ.സലാം അധ്യക്ഷത വഹിച്ചു.
മട്ടന്നൂരിലെ സ്വീകരണ സമ്മേളനം കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.
കുറ്റവാളികളെ സംരക്ഷിക്കുന്ന സമീപനമാണ് സിപിഎമ്മിനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല സ്വർണക്കൊള്ളക്കേസിൽ കുറ്റപത്രം വൈകിപ്പിച്ചു പ്രതികൾക്ക് ജാമ്യം കിട്ടാൻ അവസരമൊരുക്കി.
എടയന്നൂർ ഷുഹൈബ് വധക്കേസ് പ്രതികൾക്ക് ശിക്ഷ കിട്ടാതിരിക്കാൻ ജനങ്ങളുടെ നികുതിപ്പണത്തിൽനിന്നു കോടികൾ ചെലവിട്ട് സുപ്രീം കോടതിയിൽ പോയി. പയ്യന്നൂരിൽ രക്തസാക്ഷി ഫണ്ട് കട്ടെടുത്തവർക്കെതിരെ നടപടിയില്ല.
കള്ളത്തരം പുറത്തുപറഞ്ഞ ആളെ പാർട്ടിയിൽനിന്നു പുറത്താക്കി. ഇതെല്ലാം കേരളത്തിലെ ജനങ്ങൾ തിരിച്ചറിയുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ശ്രീകണ്ഠപുരത്ത് കോൺഗ്രസ് പ്രവർത്തകസമിതിയംഗം കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു.
പിണറായി സർക്കാർ കേരളത്തെ കടത്തിന്റെ കാണാക്കയത്തിലേക്കു തള്ളിയിട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇരിട്ടിയിലെ സ്വീകരണത്തിനുശേഷം ജാഥ വയനാട്ടിലേക്കു പ്രവേശിച്ചു.
ശബരിമല സ്വർണക്കൊള്ളഎസ്ഐടിക്കുമേൽ സർക്കാർ സമ്മർദം: വി.ഡി.സതീശൻ
ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന എസ്ഐടിക്കുമേൽ സർക്കാർ സമ്മർദം ചെലുത്തുന്നുവെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ.
എന്തടിസ്ഥാനത്തിലാണു യുഡിഎഫ് കൺവീനറെ എസ്ഐടി വിളിച്ചുവരുത്തിയത്? അങ്ങനെയെങ്കിൽ പിണറായി വിജയനെ ചോദ്യം ചെയ്യുമോ? സ്വർണം കട്ടവർ ഇപ്പോഴും ജയിലിലാണ്. അവർ സിപിഎം നേതാക്കളാണ്.
ടൂറിസം പ്രമോഷനായി കൊണ്ടുവന്ന വ്ലോഗറുമായി ബന്ധപ്പെട്ടു മന്ത്രി മുഹമ്മദ് റിയാസിനെതിരെ മുൻപ് ആരോപണം ഉയർന്നപ്പോൾ, മന്ത്രിയെ കുറ്റപ്പെടുത്തരുതെന്നു പറഞ്ഞതു ഞാനാണ്. എന്നാൽ ആ മര്യാദയും അന്തസ്സും സിപിഎമ്മിനില്ല – അദ്ദേഹം പറഞ്ഞു.
വെന്റിലേറ്ററിലായ കേരളത്തിലെ ആരോഗ്യമേഖലയെ ഉയർത്തുന്നതിന് 100 ഡോക്ടർമാരുടെ വിശദപഠനത്തിനു ശേഷമുള്ള ‘വിഷൻ ഡോക്യുമെന്റ്’ പുതുയുഗയാത്ര കോഴിക്കോട്ടെത്തുമ്പോഴും വിവിധ പദ്ധതികൾ വിവിധ ജില്ലകളിലും പ്രഖ്യാപിക്കുമെന്നു സതീശൻ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

