വരാപ്പുഴ ∙ ദേശീയപാത നിർമാണം നടക്കുന്ന വള്ളുവള്ളി ഭാഗത്തു അശാസ്ത്രീയമായി 30 അടി ഉയരത്തിൽ നിർമിച്ച ഇന്റർ ലോക് പാർശ്വഭിത്തി പൊളിച്ചു പണിയുന്നു. കോൺക്രീറ്റ് ബെൽറ്റ് പോലും കെട്ടാതെ ഇത്രയും ഉയരത്തിൽ ഇന്റർ ലോക് ഭിത്തി നിർമിക്കുന്നതിനെതിരെ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ പരാതി നൽകിയിരുന്നു.
അശാസ്ത്രീയമായ നിർമാണം ഭാവിയിൽ വലിയ അപകടത്തിനു ഇടയാക്കുമെന്നാണു സമരക്കാരുടെ പരാതി. ഇരുവശത്തും ഇത്രയും ഉയരത്തിൽ ഭിത്തി നിർമിച്ചു ഇതിൽ മണ്ണ് നിറച്ചാണു ഉയരപ്പാത നിർമിക്കുന്നത്.
എന്നാൽ പ്രാഥമികഘട്ടത്തിൽ തന്നെ പാർശ്വഭിത്തികളിൽ വിള്ളൽ വീണു. ചിലയിടങ്ങളിൽ ഭിത്തി പുറത്തേക്കു തള്ളിയ നിലയിലുമാണ്.
ശക്തമായ മഴ പെയ്യുന്നതോടെ ഉള്ളിൽ നിറച്ച മണ്ണ് താഴേക്കിരിക്കുന്നതോടെ റോഡും ഭിത്തിയും തകരുമെന്നാണ് സമരക്കാർ ആശങ്ക പ്രകടിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം ദേശീയപാത അധികൃതർ സ്ഥലം സന്ദർശിച്ച ശേഷമാണ് ഇന്റർലോക് കട്ടകൾ നീക്കാനുള്ള നടപടി ആരംഭിച്ചത്. ദേശീയപാത നിർമാണം നടക്കുന്ന ഭാഗത്തു ബന്ധപ്പെട്ട
ഉദ്യോഗസ്ഥർ സ്ഥിരമായി പരിശോധന നടത്തുന്നില്ലെന്നും ആക്ഷേപമുണ്ട്.കൂനമ്മാവ് കാവിൽനട മുതൽ വള്ളുവള്ളി വരെ ഭാഗങ്ങളിൽ സർവീസ് റോഡിനു മുകളിലെ കോൺക്രീറ്റ് ഭിത്തികൾ അടർന്നു വീഴാറായ നിലയിലാണ്.
വള്ളുവള്ളി നാലാംമൈൽ ഭാഗത്താണു ഏതു നിമിഷവും താഴേക്കു വീഴാമെന്ന നിലയിൽ കോൺക്രീറ്റ് പാളി അടർന്നു നിൽക്കുന്നത്.
ദേശീയപാതയിൽ പതിനഞ്ച് അടിയിലേറെ ഉയരത്തിലാണു ഇവിടെ പ്രധാന റോഡ് നിർമിച്ചിട്ടുള്ളത്. ഇതിനു സമാന്തരമായി സർവീസ് റോഡുമുണ്ട്.
ഇന്റർലോക്ക് കട്ടകൾ ഉപയോഗിച്ചാണു റോഡിന്റെ വശങ്ങൾ ബലപ്പെടുത്തിയത്. ഇതിനു മുകളിൽ നിർമിച്ചിട്ടുള്ള കൈവരികളുടെ കോൺക്രീറ്റ് പാളിയാണു ഏതുനിമിഷവും അടർന്നു താഴേക്കു പതിക്കാവുന്ന നിലയിലുള്ളത്.
ചതുപ്പ് നിലത്താണു കൂടുതലും നിർമാണം നടന്നിട്ടുള്ളത്. അധികൃതർ കൃത്യമായ പരിശോധന നടത്തി നടപടികൾ സ്വീകരിക്കണമെന്നാണു ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

