സിന്ധുനദീജല കരാറുമായി ബന്ധപ്പെട്ട തർക്കത്തിൽ അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയെ സമ്മർദ്ദത്തിലാക്കാൻ ശ്രമിച്ച പാകിസ്ഥാന് തിരിച്ചടി.
നിയമനടപടികൾക്കായി കോടതിയിൽ കെട്ടിവെക്കേണ്ടി വന്ന തുക പാകിസ്ഥാന്റെ ഖജനാവിന് വലിയ ബാധ്യതയായി മാറിയിരിക്കുകയാണ്. സ്വന്തം ചെലവിന് പുറമെ ഇന്ത്യയുടെ വിഹിതം കൂടി അടയ്ക്കേണ്ടി വന്നത് പാകിസ്ഥാന്റെ സാമ്പത്തിക സ്ഥിതിയെ കൂടുതൽ വഷളാക്കിയിട്ടുണ്ട്.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ, സിന്ധുനദീജല വിതരണക്കരാറിൽ നിന്ന് ഇന്ത്യ പിന്മാറാൻ തീരുമാനിച്ചിരുന്നു. ‘വെള്ളവും രക്തവും ഒന്നിച്ചൊഴുകില്ല’ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയതോടെയാണ് ഈ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്.
ഇത് പാകിസ്ഥാന്റെ കാർഷിക, സാമ്പത്തിക മേഖലകളെ സാരമായി ബാധിച്ചു. തുടർന്ന് അന്താരാഷ്ട്ര കോടതിയായ പെർമനന്റ് കോർട്ട് ഓഫ് ആർബിട്രേഷനെ (പിസിഎ) പാകിസ്ഥാൻ സമീപിക്കുകയായിരുന്നു.
അന്താരാഷ്ട്ര നിയമപ്രകാരം വാദത്തിൽ ഏർപ്പെടുന്ന കക്ഷികൾ കോടതിച്ചെലവ് സ്വയം വഹിക്കണമെന്നാണ് നിബന്ധന. എന്നാൽ, ഭീകരർക്കെതിരെ കർശന നടപടി സ്വീകരിക്കാത്ത പാകിസ്ഥാന്റെ നിലപാടിൽ പ്രതിഷേധിച്ച്, ഈ നിയമനടപടികളിൽ നിന്ന് ഇന്ത്യ വിട്ടുനിൽക്കുകയാണ്.
ഇന്ത്യയുടെ സാന്നിധ്യമില്ലാതെ കേസ് മുന്നോട്ട് കൊണ്ടുപോകാൻ പാകിസ്ഥാൻ ശ്രമിച്ചതോടെയാണ്, ഇന്ത്യ നൽകേണ്ട ഫീസ് കൂടി പാകിസ്ഥാന് അടയ്ക്കേണ്ടി വന്നത്.
പ്രസ്തുത കോടതി നിയമവിരുദ്ധമായി സ്ഥാപിക്കപ്പെട്ടതാണെന്നും, അതിനാൽ കോടതിയുടെ തീരുമാനങ്ങൾ ഇന്ത്യയ്ക്ക് ബാധകമല്ലെന്നുമാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. തർക്കങ്ങൾ ഉഭയകക്ഷി ചർച്ചകളിലൂടെ നിഷ്പക്ഷമായ രീതിയിൽ പരിഹരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെടുന്നു.
ഇന്ത്യയുടെ അസാന്നിധ്യം കാരണം വാദം കേൾക്കുന്നത് മാറ്റിവെച്ചിട്ടുണ്ടെങ്കിലും, പാകിസ്ഥാൻ വലിയ സാമ്പത്തിക ബാധ്യതയാണ് പേറുന്നത്. ഓരോ രാജ്യവും 3 ലക്ഷം ഡോളർ വീതമാണ് കെട്ടിവെക്കേണ്ടത്.
ഇന്ത്യയുടെ വിഹിതം ഉൾപ്പെടെ മൊത്തം 6 ലക്ഷം ഡോളർ, അതായത് ഏകദേശം 5.7 കോടി രൂപയാണ് പാകിസ്ഥാന് നഷ്ടമായത്. നിലവിൽ ഐഎംഎഫ് ഉൾപ്പെടെയുള്ള ഏജൻസികളിൽ നിന്നുള്ള വായ്പയുടെ സഹായത്തോടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ശ്രമിക്കുന്ന പാകിസ്ഥാന് ഈ തുക വലിയ തിരിച്ചടിയാണ്.
അന്താരാഷ്ട്ര തലത്തിലെ വിവിധ പ്രതിസന്ധികളും പാകിസ്ഥാന്റെ സമ്പദ്വ്യവസ്ഥയെ കാര്യമായി ബാധിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

