മുണ്ടക്കയം∙ ചൂടു കൂടിയതോടെ തണുപ്പു തേടി ഇഴജന്തുക്കൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നതു പതിവാകുന്നു. ജില്ലയുടെ കിഴക്കൻ മലയോര മേഖലകളിലും പടിഞ്ഞാറൻ മേഖലകളിലും ഒരുപോലെ നേരിടുന്ന പ്രശ്നമായി മാറുകയാണ് പാമ്പ് പേടി.
വിഷപ്പാമ്പുകൾ ഉൾപ്പെടെ ഗ്രാമീണ മേഖലയിൽ വ്യാപകമാകുമ്പോൾ സ്വയംകരുതൽ മാത്രമാണ് ഏക പരിഹാരം.
അലമാരയിലെ അതിഥി
ജില്ലയുടെ വനം അതിർത്തി ഗ്രാമമായ കോരുത്തോട് പഞ്ചായത്തിലെ കൊമ്പുകുത്തി നിവാസികൾ ഇന്നലെ വീടിനുള്ളിൽ കയറിയ അതിഥിയെ കണ്ടു ഞെട്ടി. മൂർഖൻ പാമ്പായിരിക്കുമെന്നു കരുതി അലമാരയുടെ അടിയിൽ നിന്നു പുറത്തെടുത്ത പാമ്പ് ഉഗ്ര വിഷമുള്ള രാജവെമ്പാല ആയിരുന്നു.
സംഭവം വീട്ടുടമസ്ഥൻ മുത്തേരിയിൽ സത്യന്റെ വാക്കുകളിൽ.‘സമയം വൈകിട്ട് അഞ്ച് മണി. പറമ്പിൽനിന്ന് അമ്മ തങ്കമ്മ വീട്ടിലേക്ക് കയറിയപ്പോഴാണു കിടപ്പുമുറിക്കുള്ളിൽ വലിയ പാമ്പിനെ കണ്ടത്.
ബഹളം വച്ചതോടെ പാമ്പ് എവിടേക്കോ ഇഴഞ്ഞു മറഞ്ഞു.
കണ്ണാട്ട് കവലയുടെ സമീപമുള്ള വനം വകുപ്പ് എയ്ഡ് പോസ്റ്റിൽ നിന്നുള്ള ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നിമിഷനേരം കൊണ്ട് സ്ഥലത്തെത്തി. പാമ്പ് മുറിവിട്ടു പോയിട്ടില്ല എന്നുറപ്പിച്ചതോടെ ആറ് കിലോമീറ്റർ അകലെയുള്ള വണ്ടൻപതാൽ ഫോറസ്റ്റ് ഓഫിസിലെ റാപ്പിഡ് റെസ്പോൺസ് ടീമിനെയും സർപ്പ ടീമിനെയും വിവരം അറിയിച്ചു.
ഇവർ എത്തി പരിശോധിച്ചതോടെ അലമാരയുടെ അടിയിൽ പാമ്പ് ഉണ്ടെന്ന് ഉറപ്പിച്ചു.
മുറിയിൽ നിന്ന് അലമാര മുറ്റത്തേക്ക് ഇറക്കി. അലമാരയുടെ അടിയിലുള്ള ചെറിയ ഇടയിൽ ആറടി നീളമുള്ള പാമ്പ് ചുരുണ്ട് ഇരിക്കുകയായിരുന്നു.
പാമ്പിനെ സുഭാഷ് എന്ന ഉദ്യോഗസ്ഥൻ പുറത്ത് എടുത്തപ്പോഴാണു രാജവെമ്പാലയാണെന്ന് അറിയുന്നത്. കുട്ടികൾ ഉൾപ്പെടെയുള്ള വീടാണ്.
പാമ്പിനെ കണ്ടില്ല എങ്കിൽ എന്താകുമായിരുന്നു അവസ്ഥ എന്നോർത്തിട്ടുതന്നെ പേടിയാകുന്നു. കൊമ്പുകുത്തി വനത്തിൽ മുൻപ് രാജവെമ്പാലയെ കണ്ടിട്ടുണ്ടെങ്കിലും ജനവാസ മേഖലയിലേക്ക് എത്തുമെന്നു പ്രതീക്ഷിച്ചിരുന്നില്ല’.
കാട് വിട്ടിഴഞ്ഞ്
തൊഴിലുറപ്പ് ജോലിക്കിടെ കഴിഞ്ഞ സെപ്റ്റംബറിൽ മുണ്ടക്കയത്തും മുക്കുളത്തുമായി മൂന്നു പേർക്കാണ് പാമ്പു കടിയേറ്റത്.
രണ്ട് പേർ മരിക്കുകയും ചെയ്തു. കിഴക്കൻ മലയോര മേഖലയിൽ വനങ്ങളും എസ്റ്റേറ്റുകളും ഏറെയുള്ളതിനാൽ ഗ്രാമീണ മേഖലയിൽ പാമ്പുകളുടെ ശല്യം കുറവായിരുന്നു.
എന്നാൽ ഇപ്പോൾ വനം അതിർത്തി ഗ്രാമങ്ങളിൽ പാമ്പുകൾ വർധിച്ചതായി ജനങ്ങൾ പറയുന്നു. വനത്തിനുള്ളിൽ വരൾച്ച നേരിട്ടതോടെ വെള്ളവും തണുപ്പും ഉള്ള പ്രദേശത്തേക്കാണ് ഇവയുടെ വരവ്.
പെരുമ്പാമ്പുകളും നാട്ടിലിറങ്ങുന്നത് പതിവായിട്ടുണ്ട്.
കാട്ടുതീയും പാമ്പുകൾ ജനവാസ മേഖലയിലേക്ക് ഇറങ്ങാൻ കാരണമാകുന്നു. ഒരു വർഷത്തിനിടെ ആയിരത്തിലധികം പാമ്പുകളെയാണ് സ്നേക്ക് റെസ്ക്യൂ ടീം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നു പിടികൂടിയിട്ടുള്ളത്.
ഇവയെ വനത്തിലേക്ക് തിരികെ വിടുകയാണ് പതിവ്.
പടിഞ്ഞാറ് പത്തി വിടർത്തി
കുമരകം, ആർപ്പൂക്കര, അയ്മനം, തിരുവാർപ്പ് തുടങ്ങിയ പ്രദേശങ്ങളിലും പാമ്പു ശല്യം വ്യാപകമാണ്. മൂർഖൻ പാമ്പുകളാണ് ഏറെയും.
മീൻ വളർത്തൽ കുളങ്ങളിലെ മീനുകളെ പാമ്പുകൾ ഭക്ഷിക്കുന്നതും പതിവായി. ആളൊഴിഞ്ഞ പുരയിടങ്ങൾ, കൃഷിയില്ലാത്ത പാടങ്ങൾ, ചതുപ്പ് സ്ഥലങ്ങൾ തുടങ്ങി ജലസാന്നിധ്യമുള്ള പ്രദേശങ്ങളിലെല്ലാം പാമ്പുകൾ കയ്യടക്കി കഴിഞ്ഞു.
ഉടക്കുവലകളിൽ മിക്കപ്പോഴും പാമ്പുകളെ ലഭിക്കുന്നു എന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. പൊളവൻ പോലെയുള്ള പാമ്പുകൾ സാധാരണയായി വലയിൽ ഉടക്കാറുണ്ടെങ്കിലും മൂർഖൻ ഉൾപ്പെടെയുള്ള വിഷ പാമ്പുകൾ വലയിൽ ആകുന്നതോടെ ഭീതിയിലാണ് ഇവർ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

