അഞ്ച് വർഷം മുൻപ് അതിഥിത്തൊഴിലാളിയായി കേരളത്തിലെത്തിയ ഒഡീഷ സ്വദേശി റിങ്കു ഉത്തൻ സിങ് എൻജിനീയറിങ് ബിരുദ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത് ഒരു കുടുംബത്തിനു മുന്നിൽ പുതിയ സാധ്യതകളുടെയും സ്വാതന്ത്ര്യത്തിന്റെയും വാതിലുകൾ തുറന്നുകൊണ്ട്. ഒഡീഷയിലെ കാണ്ഡമാൽ ജില്ലയിലെ പരേതനായ അലെജ് ഉത്തൻ സിങ് – പ്രാഞ്ചിസ്ക ദമ്പതികളുടെ മകനാണ് റിങ്കു.
കൂലിപ്പണി ചെയ്താണ് അന്ന് മാതാപിതാക്കൾ കുടുംബം പുലർത്തിയിരുന്നത്. 2011ൽ പിതാവിന്റെ വിയോഗത്തോടെ ജീവിതം കടുത്ത പ്രതിസന്ധിയിലായി.
ഉയർന്ന മാർക്കോടെ പ്ലസ്ടു വിജയിച്ചെങ്കിലും റിങ്കുവിന്റെ തുടർപഠന സ്വപ്നങ്ങൾക്ക് ചിറകേകാൻ അമ്മയുടെ കഠിനാധ്വാനം മാത്രം പര്യാപ്തമായിരുന്നില്ല. അങ്ങനെ ഉപരിപഠനം പൂർണ്ണമായും മുടങ്ങി.
ഇതിനിടെ ഉപജീവനമാർഗ്ഗം തേടി റിങ്കുവിന്റെ രണ്ട് ജ്യേഷ്ഠന്മാരും കണ്ണൂരിലെത്തിയിരുന്നു. അവരുടെ പാത പിന്തുടർന്ന് റിങ്കുവും കേരളത്തിലെത്തുകയും തുടർന്ന് ചെങ്കൽ ക്വാറിയിൽ പണിക്കു ചേരുകയും ചെയ്തു.
റിങ്കുവിന്റെ പ്രതികൂല സാഹചര്യങ്ങളും ജീവിതകഥയും മനസ്സിലാക്കിയ ചെമ്പേരി വിമൽജ്യോതി എൻജിനീയറിങ് കോളജ് അധികൃതർ പ്രത്യേക സ്കോളർഷോപ്പോടെ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് കോഴ്സിൽ പ്രവേശനം അനുവദിക്കുകയായിരുന്നു. തുടർന്ന് മികച്ച മാർക്കോടെയാണ് റിങ്കു പഠനം പൂർത്തിയാക്കിയത്.
കോളജിൽ സംഘടിപ്പിച്ച പ്ലേസ്മെന്റ് ഡ്രൈവിലൂടെ ചെന്നൈയിലെ പ്രമുഖ സ്വകാര്യ കമ്പനിയിൽ ഉദ്യോഗവും സ്വന്തമാക്കാൻ അദ്ദേഹത്തിന് സാധിച്ചു. കണ്ണൂർ ജില്ലയിലെ പയ്യാവൂരിലുള്ള കോളജിൽ നടന്ന ചടങ്ങിൽ ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിയിൽ നിന്ന് റിങ്കു ബിരുദ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
ഈ സുപ്രധാന മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ അദ്ദേഹത്തിന്റെ അമ്മയും സഹോദരങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു. “ഈ വിജയം എന്റേതു മാത്രമല്ല; സഹോദരന്മാരുടെ അധ്വാനത്തിന്റെയും ത്യാഗത്തിന്റെയുംകൂടി ഫലമാണ്” – റിങ്കു വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

