തൃപ്പൂണിത്തുറ ∙ കോടികൾ ഒഴുക്കിയിട്ടും തൃപ്പൂണിത്തുറയുടെ ഹൃദയഭാഗത്തു കൂടി ഒഴുകുന്ന അന്ധകാരത്തോടിന് ശാപമോക്ഷമില്ല. പായലും പോളയും നിറഞ്ഞ് തോട് വീണ്ടും പഴയപടിയായി. 10 കോടി രൂപ ചെലവാക്കി നടത്തിയ നവീകരണ പ്രവർത്തനങ്ങളെല്ലാം അധികൃതരുടെ അനാസ്ഥയിൽ അപ്രസക്തമാകുകയാണ്.
2018 ലാണ് അന്ധകാരത്തോടിന്റെ നവീകരണം ആരംഭിച്ചത്. ചെറുകിട
ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ 10 കോടിയിലധികം രൂപ ചെലവിട്ട് തോടിലെ പോളയും ചെടികളും മരങ്ങളും നീക്കം ചെയ്യുകയും വശങ്ങൾ കെട്ടി സംരക്ഷിക്കുകയും ചെയ്തിരുന്നു. തോടിന്റെ പല ഭാഗങ്ങളിലും സംരക്ഷണ വേലികളും സ്ഥാപിച്ചു.
നവീകരണം പൂർത്തിയാക്കിയെങ്കിലും കൃത്യമായ തുടർ പരിപാലനം ഇല്ലാത്തതിനാൽ തോടിന്റെ ദുരവസ്ഥ വീണ്ടും തുടങ്ങി.
ഒരുകാലത്ത് തൃപ്പൂണിത്തുറ ചന്തയിലേക്ക് വലിയ വള്ളങ്ങളിൽ ചരക്കുകൾ എത്തിച്ചിരുന്ന പ്രധാന ജലപാതയായിരുന്നു ഇത്. കിഴക്കൻ മേഖലയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്ന പ്രധാന നീർച്ചാലായും ഇത് പ്രവർത്തിച്ചിരുന്നു. 2.7 കിലോമീറ്റർ നീളമുള്ള തോടിന്റെ ഭൂരിഭാഗവും വള്ളിപ്പടർപ്പുകളും മരങ്ങളും വളർന്നു നിൽക്കുകയാണ് ഇപ്പോൾ.
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൊതുകുകൾ പെരുകുന്നത് പ്രദേശവാസികൾക്ക് വലിയ ആരോഗ്യ ഭീഷണിയാണ് ഉയർത്തുന്നത്. മഴക്കാലം എത്തുന്നതിന് മുൻപെങ്കിലും തോട് വൃത്തിയാക്കി നീരൊഴുക്ക് സുഗമമാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
സമയബന്ധിതമായി പായൽ നീക്കം ചെയ്യാനും തോടിന്റെ വശങ്ങളിലെ കാട് വെട്ടിത്തെളിക്കാനും നഗരസഭ മുൻകൈ എടുക്കണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നുണ്ട്. അന്ധകാരത്തോടിനെ വീണ്ടും ഇരുട്ടിലാക്കാതെ, ശാസ്ത്രീയമായ രീതിയിലുള്ള 2–ാം ഘട്ട നവീകരണം നടപ്പാക്കണമെന്നാണ് ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

