എറണാകുളം ജില്ലയിലെ കളമശേരിയിൽ ദേശീയപാതയിൽ യാത്രാദുരിതം രൂക്ഷമാകുന്നു. അപ്പോളോ ജംക്ഷൻ മുതൽ ടിവിഎസ് കവല വരെയുള്ള അഞ്ഞൂറോളം മീറ്റർ ദൂരം പിന്നിടാൻ തിരക്കേറിയ സമയങ്ങളിൽ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്നതായി യാത്രാക്കാരുടെ പരാതി.
വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ റോഡിൽ നിന്നും ആലുവ ഭാഗത്തു നിന്നും എത്തുന്ന വാഹനങ്ങൾ സംഗമിക്കുന്ന ഭാഗത്താണ് പ്രധാനമായും ഗതാഗതക്കുരുക്ക് രൂപപ്പെടുന്നത്. ഇവിടത്തെ തടസ്സം പലപ്പോഴും മുട്ടം വരെ നീളുന്ന സ്ഥിതിയുണ്ട്.
കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്കായി പ്രീമിയർ കവലയ്ക്കും ആര്യാസ് ജംക്ഷനുമിടയിൽ രണ്ട് പെലിക്കൺ ക്രോസിങ്ങുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവ പലപ്പോഴും പ്രവർത്തനരഹിതമാണ്. ആര്യാസ് ജംക്ഷനിൽ കെൽട്രോൺ സ്ഥാപിച്ച പെലിക്കൺ ക്രോസിന്റെ തകരാർ കാരണം അനാവശ്യമായി വാഹനങ്ങൾ തടഞ്ഞിടേണ്ടി വരുന്നുണ്ട്.
ഇത് വലിയ തോതിൽ അപകട സാധ്യതയ്ക്കും ഇടയാക്കുന്നു.
ഇതിനുപുറമെ എറണാകുളം ഭാഗത്തു നിന്നെത്തുന്ന വാഹനങ്ങൾ കൂടി പ്രവേശിക്കുന്നതോടെ വാഹനങ്ങളുടെ തിരക്ക് ഇരട്ടിക്കുന്നു. യാത്രക്കാരെ ഏറെ വലയ്ക്കുന്ന മറ്റൊരു പ്രശ്നം എച്ച്എംടി മേൽപ്പാലത്തിലെ കുപ്പിക്കഴുത്തു പോലുള്ള ഘടനയും പാലത്തിലെ കുഴികളുമാണ്.
പാലത്തിന്റെ വീതി കൂട്ടണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ പതിനഞ്ച് വർഷമായി നിരന്തരമായി നിവേദനങ്ങൾ നൽകിവരുന്നുണ്ടെങ്കിലും റെയിൽവേയുടെ അനുമതി ലഭിക്കാത്തതാണ് തടസ്സമെന്നാണ് അധികൃതരുടെ വിശദീകരണം. പാലം വികസിപ്പിക്കാതെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാൻ സാധിക്കില്ല.
പൊതുമരാമത്ത് വകുപ്പ് നിരന്തരം കുഴികൾ അടയ്ക്കുന്നുണ്ടെങ്കിലും അതിവേഗം വീണ്ടും റോഡ് തകരുന്നത് പതിവാണ്. പാലം പിന്നിട്ടാൽ പിന്നെ എച്ച്എംടി ജംക്ഷനിലെ റോഡിലെ കയറ്റിറക്കങ്ങളും യാത്രക്കാരെ ദുരിതത്തിലാക്കുന്നു.
എച്ച്എംടി റോഡിൽ നിന്നും ദേശീയപാതയിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്ന ഭാഗത്ത് റോഡ് രണ്ട് തട്ടായാണ് കിടക്കുന്നത്. തുടർന്ന് ടിവിഎസ് ജംക്ഷനിൽ എത്തുമ്പോൾ വലിയ കുഴികളും മനുഷ്യനിർമ്മിതമായ വെള്ളക്കെട്ടും യാത്രാക്ലേശം ഇരട്ടിയാക്കുന്നു.
വെള്ളക്കെട്ട് ഒഴിവാക്കാൻ അടഞ്ഞുകിടക്കുന്ന കാന തുറക്കണമെന്ന് വാർഡ് സഭ ആവശ്യപ്പെട്ടിട്ടും ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

