സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫണ്ട് സംബന്ധിച്ച വിവാദങ്ങൾ ശക്തമായി തുടരുന്നതിനിടയിൽ, നടപടികളുമായി മുന്നോട്ട് പോയി ബിജെപി. ഇതിന്റെ ഭാഗമായി പാർട്ടി ആസ്ഥാനത്ത് പ്രത്യേക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ, മുൻ ഡിജിപി ജേക്കബ് തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള അച്ചടക്കസമിതിയാണ് പാർട്ടി ഓഫീസിൽവെച്ച് വിവിധ നേതാക്കളുടെ മൊഴികൾ രേഖപ്പെടുത്തിയത്. പാർട്ടിക്ക് അകത്തുനിന്നുള്ള സുപ്രധാന രേഖകൾ പുറത്തുപോകുന്നുണ്ടെന്നും അവ ചില കേന്ദ്രങ്ങൾക്ക് ലഭിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി നിരവധി നേതാക്കൾ നേരത്തെ പരാതിപ്പെട്ടിരുന്നു.
ഈ വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന സെക്രട്ടറി അഞ്ജന രഞ്ജിത് ഉൾപ്പെടെയുള്ളവരിൽ നിന്നാണ് സമിതി വിവരങ്ങൾ തേടിയത്. തനിക്കെതിരെ അപകീർത്തികരമായ രീതിയിൽ പ്രചാരണങ്ങളും വാർത്തകളും വരുന്നുണ്ടെന്ന് കാണിച്ച് അഞ്ജന പരാതി നൽകിയിരുന്നു.
അതേസമയം, കോർ കമ്മിറ്റി യോഗത്തിൽ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് വിമർശനങ്ങൾ ഉയർന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വ്യക്തത വരുത്തി. എസ്.സുരേഷിനെതിരെ യോഗത്തിൽ പരാമർശങ്ങൾ ഉണ്ടായെന്ന രീതിയിലുള്ള പ്രചാരണങ്ങളും പൂർണ്ണമായും തെറ്റാണ്.
പൊതുസമൂഹത്തിന് മുന്നിൽ പാർട്ടിയുടെ പ്രതിച്ഛായ തകർക്കുക മാത്രമാണ് ചിലരുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യാതൊരുവിധ സാമ്പത്തിക ക്രമക്കേടുകളും നടന്നിട്ടില്ലെന്ന് ആവർത്തിച്ചു വ്യക്തമാക്കിയിട്ടും ഇത്തരത്തിലുള്ള പ്രചാരണങ്ങൾ തുടരുന്നത് ഒട്ടും ശരിയല്ലെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

