തൃശൂർ – കുറ്റിപ്പുറം സംസ്ഥാന പാതയിൽ തുടർച്ചയായുണ്ടാകുന്ന ദാരുണമായ അപകടങ്ങൾ പ്രദേശവാസികളിലും യാത്രികരിലും കടുത്ത ആശങ്ക സൃഷ്ടിക്കുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഈ പാതയിലുണ്ടായ വിവിധ അപകടങ്ങളിലായി അഞ്ച് പേർക്കാണ് ജീവൻ നഷ്ടമായത്.
സെക്കൻ്റുകളുടെ വ്യത്യാസത്തിൽ സർവ്വീസ് നടത്തുന്ന ബസുകളുടെ അമിത വേഗത നിയന്ത്രിക്കുന്നതിനായി സമയക്രമം ഉടൻ പരിഷ്കരിക്കണമെന്നാണ് യാത്രക്കാരുടെ ശക്തമായ ആവശ്യം. റോഡ് നവീകരണം പൂർത്തിയായിട്ടും സിഗ്നൽ സംവിധാനങ്ങൾ, സീബ്രാ ക്രോസിങ്, മുന്നറിയിപ്പ് ബോർഡുകൾ, വേഗ നിയന്ത്രണ സംവിധാനങ്ങൾ, സിസിടിവി ക്യാമറകൾ, രാത്രികാല സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ ഒരുക്കാത്തത് അപകട
സാധ്യത ഇരട്ടിയാക്കുന്നതായി നാട്ടുകാർ കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ ജൂൺ അവസാനത്തോടെ അക്കിക്കാവിൽ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരണപ്പെട്ടിരുന്നു.
തുടർന്ന് ജൂലൈ ആദ്യം അക്കിക്കാവ് കോളേജ് ജങ്ഷനിൽ കെഎസ്ആർടിസി ലോ ഫ്ലോർ ബസ് നിയന്ത്രണം വിട്ട് റോഡരികിലെ കടയിലേക്ക് ഇടിച്ചുകയറി ബസ് ഡ്രൈവറും ജീവെടിയുത്തിരുന്നു. ജൂലൈ 15-ന് കടവല്ലൂർ കൊരട്ടിക്കര പ്രിയദർശിനി ബസ് സ്റ്റോപ്പിന് സമീപം ബൈക്കും ലോ ഫ്ലോർ ബസ്സും കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന യുവാവും മരണത്തിന് കീഴടങ്ങി.
ഈ ദുരന്തങ്ങളുടെ നടുക്കം മാറും മുൻപാണ് കഴിഞ്ഞ ദിവസം പാറേമ്പാടത്ത് അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് വീടിന്റെ മതിലും വാഹനങ്ങളും ഇടിച്ചു തകർത്തത്. ഈ അപകടത്തിൽ രണ്ട് സ്ത്രീകൾ മരണപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇതിന് പുറമെ സംസ്ഥാന പാതയിൽ ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ദിനംപ്രതി നടക്കുന്നത്. ചൂണ്ടൽ, അക്കിക്കാവ് കോളേജ്, പെരുമ്പിലാവ് ജംഗ്ഷൻ എന്നിവിടങ്ങളിലെ സിഗ്നൽ ലൈറ്റുകൾ മാസങ്ങളായി പ്രവർത്തനരഹിതമാണ്.
റോഡ് നവീകരണത്തിൻ്റെ ഭാഗമായി സ്ഥാപിച്ച സ്ട്രീറ്റ് ലൈറ്റുകൾ ഇതുവരെയും പ്രവർത്തനക്ഷമമാക്കാത്തതും വലിയ സുരക്ഷാ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

