തളിപ്പറമ്പ് ∙ കണ്ണൂർ തയ്യിലിൽ ഒന്നരവയസ്സുകാരനെ കടലിലെറിഞ്ഞു കൊന്ന കേസിൽ അമ്മ ശരണ്യ (27) കുറ്റക്കാരിയെന്നു കോടതി കണ്ടെത്തി. രണ്ടാം പ്രതിയും ശരണ്യയുടെ സുഹൃത്തുമായ വാരം പുന്നക്കൽ ഹൗസിൽ നിധിനെ തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചു.
തളിപ്പറമ്പ് അഡീഷനൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ.പ്രശാന്താണു വിധി പറഞ്ഞത്. 23നു ശിക്ഷ വിധിക്കും. കുറ്റക്കാരിയെന്നു കണ്ടെത്തിയതിനെത്തുടർന്ന് ശരണ്യയെ റിമാൻഡ് ചെയ്തു.
പൊലീസിനും പ്രോസിക്യൂഷനുമെതിരെ കോടതി രൂക്ഷവിമർശനം നടത്തി.
സദാചാരഗുണ്ടകളെപ്പോലെയാണു പൊലീസ് പെരുമാറിയത്. കൊലപാതകവുമായി ബന്ധപ്പെട്ടു കൂടുതൽ അന്വേഷിക്കുന്നതിനു പകരം ശരണ്യയും നിധിനും തമ്മിലുള്ള സ്നേഹബന്ധത്തെക്കുറിച്ചുള്ള അന്വേഷണത്തിനാണു പ്രാധാന്യം കൊടുത്തതെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. കുട്ടിയെ രണ്ടുതവണ കടലിലെറിഞ്ഞതായി പൊലീസ് കണ്ടെത്തിയെങ്കിലും ഒരുതവണ വീണതിന്റെ പരുക്കുകൾ മാത്രമേ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉണ്ടായിരുന്നുള്ളൂ.
കേസ് കൈകാര്യം ചെയ്യുന്നതിൽ പ്രോസിക്യൂട്ടർക്കും വീഴ്ച സംഭവിച്ചെന്നും ജഡ്ജി പറഞ്ഞു.
2020 ഫെബ്രുവരി 17ന് ആണു കേസിനാസ്പദമായ സംഭവം. ശരണ്യ, പ്രണവ് ദമ്പതികളുടെ മകനായ തയ്യിൽ കൊടുവള്ളി ഹൗസിൽ വിയാനെ ശരണ്യയുടെ വീടിനു സമീപത്തെ കടൽഭിത്തിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ശരണ്യയുമായി അഭിപ്രായവ്യത്യാസത്തിലായിരുന്ന ഭർത്താവ് പ്രണവിനെ തലേദിവസം, ശരണ്യ വീട്ടിലേക്കു വിളിച്ചുവരുത്തിയിരുന്നു.
കൊലപാതകത്തിനു പിന്നിൽ പ്രണവാണെന്ന പ്രചാരണവുമുണ്ടായി.
തുടർന്നു നടത്തിയ അന്വേഷണത്തിലാണു കുട്ടിയുടെ മരണത്തിനു പിന്നിൽ ശരണ്യയാണെന്നു തെളിഞ്ഞത്. സുഹൃത്തായ നിധിനൊപ്പം ജീവിക്കാൻ, പ്രണവിനൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ രാത്രി എടുത്തുകൊണ്ടുപോയി ശ്വാസംമുട്ടിച്ചുകൊന്ന് കടലിലെറിഞ്ഞെന്നാണു കേസ്. നിധിനെതിരെ പ്രേരണക്കുറ്റം ചുമത്തിയിരുന്നെങ്കിലും തെളിയിക്കാൻ പൊലീസിനും പ്രോസിക്യൂഷനും കഴിഞ്ഞില്ലെന്നു വിധിയിൽ പറയുന്നു.
സമൂഹമനഃസാക്ഷിക്കേറ്റ ആഘാതമെന്ന് കോടതി
∙ സ്വജീവൻ പണയംവച്ചു പരുന്തിനോടു പോരാടിയാണ് കോഴി കുഞ്ഞുങ്ങളെ ചിറകിനടിയിലൊളിപ്പിച്ച് സംരംക്ഷിക്കുന്നതെന്നും അതു പ്രകൃതിനിയമമാണെന്നും ആ പ്രകൃതിനിയമത്തിന് എതിരായാണ് ഒന്നര വയസ്സുള്ള കുഞ്ഞിനെ കടലിലെറിഞ്ഞു കൊന്ന കേസിലെ പ്രതി ശരണ്യ പ്രവർത്തിച്ചതെന്നു തളിപ്പറമ്പ് അഡിഷനൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ.
പ്രശാന്ത്. ഇത് സമൂഹമനഃസാക്ഷിക്കുതന്നെയേറ്റ ആഘാതമാണെന്നും കോടതി വ്യക്തമാക്കി.
ഒന്നര വയസ്സുള്ള കുഞ്ഞിനെ കടലിലെറിഞ്ഞശേഷം ഒന്നുമറിയാത്തപോലെ വീട്ടിലെത്തി കിടന്നു.
രാവിലെ അയൽവാസികൾക്കൊപ്പം തിരച്ചിൽ നടത്തുമ്പോഴും പ്രതിക്കു ഭാവമാറ്റമോ പരിഭ്രാന്തിയോ ഉണ്ടായിരുന്നില്ല. നിസ്സഹായനായ കുട്ടിയുടെ അവസ്ഥയും ആലോചിക്കണം. അമ്മ എന്തിനാണു പാലു തരുന്നതെന്നുപോലും കുട്ടിക്കറിയില്ല.
ഹയർസെക്കൻഡറി വരെ പഠിച്ചയാളാണ് ശരണ്യയെന്നും നിരക്ഷരയൊന്നും അല്ലെന്നും ജഡ്ജി ചൂണ്ടികാട്ടി.
കേസ് തെളിയിച്ചത് സാഹചര്യത്തെളിവുകൾഉപയോഗിച്ച്
∙ ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യത്തെളിവുകൾ ഉപയോഗിച്ചാണ് കേസ് തെളിയിച്ചതെന്ന് പ്രോസിക്യൂഷൻ ചൂണ്ടികാട്ടി. എന്നാൽ രാജീവ് ഗാന്ധി വധവും ടിപി കേസും ഉൾപ്പെടെയുള്ള ഒട്ടേറെ കേസുകളും സാഹചര്യത്തെളിവുകൾ ഉപയോഗിച്ചാണു തെളിയിച്ചതെന്നും കോടതി ചൂണ്ടികാട്ടി.
ശിക്ഷയെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോയെന്നു ശരണ്യയോടു കോടതി ചോദിച്ചപ്പോൾ 27 വയസ്സു മാത്രമേയുള്ളൂവെന്നും സഹായിക്കാൻ ആരുമില്ലെന്നും മാനസിക പിരുമുറുക്കം ഉൾപ്പെടെയുള്ള അസുഖങ്ങളുണ്ടെന്നും കോടതി ദയ കാണിക്കണമെന്നും പറഞ്ഞു. പരാതി നൽകിയ ഭർത്താവ് പ്രണവോ അദ്ദേഹത്തിന്റെ ബന്ധുക്കളോ കോടതിയിൽ എത്തിയിരുന്നില്ല.
സദാചാരഗുണ്ടകളെ പോലെയാണു പൊലീസ് പെരുമാറിയതെന്നു പൊലീസ് വിധിയിൽ ചൂണ്ടിക്കാട്ടി.
ശരണ്യയും നിധിനും തമ്മിൽ സംസാരിക്കുന്നതിന്റെയും ഫോൺകോളുകളുടെയും തെളിവുകൾ പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ ഇതു കുട്ടിയെ കൊല്ലാനുള്ള ഗൂഢാലോചനയ്ക്കുള്ള തെളിവാകണമെന്നില്ല.
അവർ തമ്മിൽ ബന്ധമുണ്ടായിരിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. നിധിന്റെ വിവിധ രേഖകൾ ശരണ്യയുടെ കയ്യിലുണ്ടായിരുന്നു.
ഇതു തിരിച്ചുവാങ്ങാൻ ഇയാൾ ശരണ്യയുടെ വീട്ടിൽ പോയെങ്കിലും സാധിച്ചില്ല.
അതാണ് അടുത്ത ദിവസം തിരിച്ചുനൽകിയത്. ഇതു നൽകുമ്പോൾ ഒന്നര മണിക്കൂറോളം ഇവർ സംസാരിച്ചു നിൽക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ഈസമയം ധരിച്ച വസ്ത്രവും പൊലീസ് കോടതിയിൽ ഹാജരാക്കുകയും ബന്ധുക്കൾ ഉൾപ്പെടെ ഇത് തിരിച്ചറിയുകയും ചെയ്തിരുന്നു.
എന്നാൽ ഇത് ഗൂഢാലോചനയ്ക്കുള്ള തെളിവല്ലെന്നും കോടതി പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

