ആലപ്പുഴ ∙ ജില്ലയിലെ മുഹമ്മ, കോടംതുരുത്ത് എന്നിവിടങ്ങളി ലും കണ്ണൂരിലെ ഇരിട്ടിയിലും കാക്കകളിൽ പക്ഷിപ്പനി (എച്ച്5എൻ1) സ്ഥിരീകരിച്ചു. ഇതിനു പുറമേ എറണാകുളം ജില്ലയിൽ ദേശാടനപ്പക്ഷികളിലും കോട്ടയം ജില്ലയിൽ കോഴികളിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
2024ലാണ് കാക്കകളിൽ ആദ്യമായി പക്ഷിപ്പനി സ്ഥിരീകരിച്ചത്. സ്വതന്ത്രമായി പറന്നു നടക്കുന്ന പക്ഷികളിലെ രോഗബാധ ഗുരുതര സ്ഥിതിയായാണു കണക്കാക്കുന്നത്.
കള്ളിങ് (ശാസ്ത്രീയമായ കൊന്നൊടുക്കൽ) ഉൾപ്പെടെ നിയന്ത്രണ നടപടികൾ പ്രായോഗികമല്ല.
ആലപ്പുഴ മുഹമ്മ പഞ്ചായത്ത് 13ാം വാർഡിലും കോടംതുരുത്ത് പഞ്ചായത്ത് 13ാം വാർഡിലുമായി പതിനാറോളം കാക്കകൾ ചത്തുവീണതു പക്ഷിപ്പനി മൂലമാണെന്നു ഭോപാലിലെ അതിസുരക്ഷാ പക്ഷിരോഗ നിർണയ ലാബിൽ നടത്തിയ പരിശോധനയിലാണു വ്യക്തമായത്. ഇരിട്ടി എടക്കാനത്ത് ഒരു മാസം മുൻപ് കാക്കകൾ കൂട്ടത്തോടെ ചത്തതും പക്ഷപ്പനി മൂലമാണെന്ന സ്ഥിരീകരണം ഇന്നലെയെത്തി.എറണാകുളം രാമമംഗലം പഞ്ചായത്ത് 12ാം വാർഡിൽ ദേശാടനപ്പക്ഷികളിലും കോട്ടയം കാഞ്ഞിരപ്പള്ളി പഞ്ചായത്ത് നാലാം വാർഡിൽ കോഴികളിലും പരിശോധനയിൽ രോഗം സ്ഥിരീകരിച്ചു.ആലപ്പുഴയിലും കോട്ടയത്തും കഴിഞ്ഞമാസം അവസാനത്തോടെയാണു പക്ഷിപ്പനി റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയത്.
ആലപ്പുഴയിൽ മാത്രം 13 രോഗപ്രഭവകേന്ദ്രങ്ങളുണ്ട്.
നിർദേശങ്ങൾ നൽകി മൃഗസംരക്ഷണ വകുപ്പ്
∙ കോടംതുരുത്ത് പഞ്ചായത്തിൽ പത്തോളം കാക്കകളാണു കഴിഞ്ഞ ദിവസങ്ങളിലായി ചത്തത്. മുഹമ്മ പഞ്ചായത്തിൽ 10 ദിവസം മുൻപ് 6 കാക്കകളെ ചത്ത നിലയിൽ കണ്ടെത്തി.
പിന്നീടുള്ള ദിവസങ്ങളിൽ പക്ഷികൾ ചത്തതായി കണ്ടെത്തിയിട്ടില്ല.കാക്കയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചെങ്കിലും വളർത്തുപക്ഷികളിൽ രോഗബാധ സ്ഥിരീകരിക്കുമ്പോൾ സ്വീകരിക്കുന്ന നിയന്ത്രണങ്ങളും കള്ളിങ്ങും പ്രായോഗികമല്ല. ചത്ത പക്ഷിയെ ആഴത്തിൽ കുഴിയെടുത്തു സംസ്കരിക്കുക മാത്രമാണു ചെയ്യാനാകുക.
പ്രദേശത്തെ കോഴി വളർത്തൽ കേന്ദ്രങ്ങൾക്കു പ്രത്യേക നിർദേശങ്ങൾ മൃഗസംരക്ഷണ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
നിർദേശങ്ങൾ
∙ ഫാമുകളിലേക്കുള്ള ആളുകളുടെ പ്രവേശനം പരിമിതപ്പെടുത്തണം. പ്രത്യേകിച്ചും വിവിധ ഫാമുകൾ സന്ദർശിക്കുന്ന സൂപ്പർവൈസർമാർ, തീറ്റ വിതരണക്കാർ എന്നിവരെ പ്രത്യേകിച്ചും.
∙ തൊഴിലാളികൾ ഫാമിൽ പ്രവേശിക്കുന്നതിനു മുൻപും ശേഷവും കയ്യും കാലും കഴുകണം.
അണുനാശിനി ഉപയോഗിച്ചുള്ള ഫുട്ബാത്ത് നിർബന്ധമാക്കണം. ∙ തുറന്ന സ്ഥലങ്ങളിൽ തീറ്റ സൂക്ഷിക്കരുത്. ∙ ഫാമുകൾക്കു സമീപത്തേക്കു വാഹനങ്ങൾ കൊണ്ടുപോകരുത്. ∙ സ്വതന്ത്രമായി പറക്കുന്ന പക്ഷികൾ (കാക്ക, പരുന്ത്, പ്രാവ് തുടങ്ങിയവ) ഫാമിലേക്കു പ്രവേശിക്കാതിരിക്കാൻ വല ഉപയോഗിക്കണം. ∙ ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിയരുത്. ∙ പക്ഷികളിൽ പെട്ടെന്നുള്ള മരണം, അസ്വാഭാവിക മരണനിരക്ക് എന്നിവ ശ്രദ്ധയിൽപെട്ടാൽ മൃഗസംരക്ഷണ വകുപ്പിനെ വിവരം അറിയിക്കണം. ∙ ചാകുന്ന പക്ഷികളെ ശരിയായി സംസ്കരിക്കണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

