യൂട്യൂബ് വീഡിയോകളിൽ ഇനി മുതൽ ആമസോൺ ഉൽപ്പന്നങ്ങൾ നേരിട്ട് ടാഗ് ചെയ്ത് വിൽപന നടത്താനുള്ള സൗകര്യമൊരുങ്ങുന്നു. പ്രമുഖ വീഡിയോ പ്ലാറ്റ്ഫോമായ യൂട്യൂബും ഇ-കോമേഴ്സ് ഭീമനായ ആമസോണും തമ്മിലുള്ള പുതിയ പങ്കാളിത്തത്തിന്റെ ഭാഗമായാണ് ഈ സേവനം ലഭ്യമാക്കുന്നത്.
പ്രമുഖ സമൂഹ മാധ്യമമായ എക്സ് പ്ലാറ്റ്ഫോമിലൂടെ യൂട്യൂബ് സി.ഇ.ഒ നീൽ മോഹൻ ആണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയിരിക്കുന്നത്. വരും ദിവസങ്ങളിൽ അർഹതയുള്ള ക്രിയേറ്റർമാർക്ക് തങ്ങളുടെ സാധാരണ വീഡിയോകളിലും യൂട്യൂബ് ഷോർട്ട്സുകളിലും ആമസോൺ ഉൽപ്പന്നങ്ങൾ ടാഗ് ചെയ്യാൻ സാധിക്കും.
ഫുൾടൈം ജോലിയായി ഈ മേഖലയെ ആശ്രയിക്കുന്ന ക്രിയേറ്റർമാർക്ക് കൂടുതൽ വരുമാന മാർഗ്ഗം കണ്ടെത്താൻ ഈ പുതിയ സംവിധായക സഹായകരമാകും. പരസ്യ വരുമാനത്തിന് പുറമെ ബ്രാൻഡ് പങ്കാളിത്തങ്ങൾ, യൂട്യൂബ് ഷോപ്പിംഗ്, ചാനൽ മെമ്പർഷിപ്പുകൾ, ഗിഫ്റ്റുകൾ തുടങ്ങിയ വിവിധ മാർഗ്ഗങ്ങളിലൂടെയാണ് നിലവിൽ ക്രിയേറ്റർമാർ വരുമാനം കണ്ടെത്തുന്നത്.
ഇതിലേക്ക് പുതിയൊരു വഴി കൂടിയാണ് ഇപ്പോൾ തുറക്കപ്പെട്ടിരിക്കുന്നത്. പ്രാരംഭ ഘട്ടമെന്ന നിലയിൽ ഈ ആമസോൺ അഫിലിയേറ്റ് പ്രോഗ്രാം അമേരിക്കയിൽ മാത്രമാണ് ലഭ്യമാക്കിയിട്ടുള്ളത്.
ആമസോൺ സേവനമുള്ള മറ്റ് ഇരുപതോളം രാജ്യങ്ങളിലേക്കും ഈ സൗകര്യം ഭാവിയിൽ വ്യാപിപ്പിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ ഓരോ രാജ്യത്തെയും നിയമപരമായ ചട്ടക്കൂടുകൾ അനുസരിച്ചായിരിക്കും ഇതിന്റെ നടപ്പാക്കൽ.
ഇതിനിടയിൽ, ഉപയോക്താക്കൾക്ക് വലിയ തിരിച്ചടിയായിരുന്ന വാച്ച് ലേറ്റർ പ്ലേ ലിസ്റ്റ് സംബന്ധമായ സാങ്കേതിക തകരാർ യൂട്യൂബ് പരിഹരിച്ചിട്ടുണ്ട്. ബഗ് കാരണം നഷ്ടപ്പെട്ടുപോയ സേവ് ചെയ്ത വീഡിയോകൾ ഇപ്പോൾ തടസ്സങ്ങളൊന്നുമില്ലാതെ ആപ്പിലൂടെ വീണ്ടും കാണാൻ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

