ക്രിക്കറ്റ് മൈതാനങ്ങളിലെ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ മനംകവർന്ന ഇതിഹാസ താരം ക്രിസ് ഗെയ്ൽ പുതുപ്പള്ളിയിലേക്ക് എത്തുന്നു. വിൻഡീസ് മുൻതാരം എത്തുമ്പോൾ വലിയ കായികാരവത്തിനാണ് നാട് സാക്ഷ്യം വഹിക്കാൻ പോകുന്നത്.
30-ാം തീയതി രാവിലെ 10 മണിക്ക് അദ്ദേഹം പുതുപ്പള്ളിയിലെത്തും. യാത്രയുടെ ഭാഗമായി അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ താരം പുഷ്പാർച്ചന നടത്തും.
തുടർന്ന് ജോർജിയൻ പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ചിട്ടുള്ള പൊതുപരിപാടിയിലും അദ്ദേഹം സംബന്ധിക്കും. നാടിന്റെ സാംസ്കാരിക പാരമ്പര്യം വിളിച്ചോതുന്ന വിവിധ കലാപരിപാടികളോടെയാകും താരത്തിന് സ്വീകരണം ഒരുക്കുന്നത്.
കഥകളി, പുലികളി, കൂടിയാട്ടം, കളരിപ്പയറ്റ്, തിരുവാതിര, കൂത്ത്, പഞ്ചാരിമേളം ഉൾപ്പെടെയുള്ള 11 വ്യത്യസ്ത കലാരൂപങ്ങൾ അണിനിരക്കുന്ന വർണാഭമായ ഘോഷയാത്ര സ്വീകരണച്ചടങ്ങിന്റെ മാറ്റുകൂട്ടും. ചടങ്ങിൽ പുതുപ്പള്ളി പൈതൃക സാംസ്കാരിക സമിതിയുടെ ലോഗോ പ്രകാശനവും വിദ്യാർഥികളുമായുള്ള പ്രത്യേക സംവാദവും നടക്കും.
തുടർന്ന്, വെന്നിമലയിൽ രാജ്യാന്തര നിലവാരത്തിലുള്ള സ്റ്റേഡിയത്തിനായി പരിഗണിക്കുന്ന ഭൂപ്രദേശം ക്രിസ് ഗെയ്ൽ നേരിട്ട് സന്ദർശിക്കും. പുതുപ്പള്ളിയുടെ കായിക, സാംസ്കാരിക മേഖലകൾക്ക് ആഗോളതലത്തിൽ ശ്രദ്ധ നേടിക്കൊടുക്കുകയാണ് ഈ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് സംഘാടകസമിതി ചെയർമാൻ ചാണ്ടി ഉമ്മൻ എംഎൽഎ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

