നാലര പതിറ്റാണ്ടോളമായി കേരള പൊലീസിനെ വലയ്ക്കുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ തിരോധാനം വീണ്ടും സജീവ ചർച്ചയാകുന്നു. ഒളിവുജീവിതത്തിനിടയിൽ പ്രതി മരണപ്പെട്ടിരിക്കാമെന്ന നിഗമനത്തിലായിരുന്നു ഇതുവരെ അന്വേഷണ സംഘം എത്തിയിരുന്നത്.
എന്നാൽ, ഇയാൾ വിദേശത്ത് സുരക്ഷിതനായി ജീവിച്ചിരിപ്പുണ്ടെന്ന അവകാശവാദവുമായി മുൻ അന്വേഷണ ഉദ്യോഗസ്ഥൻ തന്നെ രംഗത്തെത്തിയതോടെ കേസിൽ വഴിത്തിരിവായിരിക്കുകയാണ്. റിട്ടയർ ചെയ്ത പൊലീസ് ഉദ്യോഗസ്ഥനായ അലി അക്ബർ ആണ് നിർണായക വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.
സുകുമാരക്കുറുപ്പ് ബ്രൂണയ്യിൽ നിർമാണമേഖലയിൽ ജോലി ചെയ്തുവരികയാണെന്നും വിദേശത്തുള്ള ഭാര്യയുമായും മറ്റ് അടുത്ത ബന്ധുക്കളുമായും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. ഇൻഡോ – മലേഷ്യൻ വംശജനാണെന്ന വ്യാജേനയാണ് ഇയാൾ അവിടെ കഴിയുന്നത്.
കൂടാതെ, ഉന്നത രാഷ്ട്രീയ-സമുദായ നേതാക്കളുടെ സംരക്ഷണമുള്ളതിനാലാണ് ഇത്രയും നാളും പിടിയിലാകാതിരുന്നതെന്നും അലി അക്ബർ ആരോപിച്ചു. കുറുപ്പിന്റേതെന്ന് അവകാശപ്പെടുന്ന ഒരു ചിത്രവും അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്.
പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ഔദ്യോഗികമായി വ്യക്തത വരുത്താൻ ഇന്റർപോളിന്റെ സഹായം തേടാൻ ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. സുകുമാരക്കുറുപ്പിന്റേതെന്നു പറയപ്പെടുന്ന പാസ്പോർട്ട്, ഫോട്ടോ, മൊബൈൽ കണക്ഷൻ എന്നിവ സംബന്ധിച്ച വിവരങ്ങൾ ആവശ്യപ്പെടുമെന്ന് ക്രൈംബ്രാഞ്ച് മേധാവി എഡിജിപി എച്ച്.വെങ്കിടേഷ് അറിയിച്ചു.
എന്നാൽ, സുകുമാരക്കുറുപ്പിന്റെ കുടുംബാംഗങ്ങൾക്ക് ഇയാളുമായി യാതൊരു ബന്ധവുമില്ലെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. അലി അക്ബർ തങ്ങൾക്ക് യാതൊരു വിവരവും കൈമാറിയിട്ടില്ലെന്നും വിവരങ്ങൾ ഉണ്ടെങ്കിൽ മാധ്യമങ്ങൾക്ക് മുന്നിലല്ല പറയേണ്ടതെന്നും ക്രൈംബ്രാഞ്ച് എസ്പി ജിൽസൺ മാത്യു വ്യക്തമാക്കി.
ദീർഘകാലമായി തീർപ്പാകാതെ കിടക്കുന്ന കേസുകൾ പരിശോധിക്കുന്ന സ്പെഷൽ ഡ്രൈവിന്റെ ഭാഗമായാണ് 42 വർഷം പഴക്കമുള്ള ഈ കേസ് മൂന്ന് മാസം മുൻപ് ക്രൈംബ്രാഞ്ച് വീണ്ടും അന്വേഷിച്ചു തുടങ്ങിയത്. ഇതിന്റെ ഭാഗമായി ആലപ്പുഴ ചെങ്ങന്നൂർ സ്വദേശിനിയായ രത്നമ്മയുടെ മൊഴി സംഘം രേഖപ്പെടുത്തിയിരുന്നു.
1989ൽ നെഞ്ചുവേദനയെത്തുടർന്ന് ജാർഖണ്ഡിലെ ബൊക്കാറോ ആശുപത്രിയിൽ സുകുമാരക്കുറുപ്പിനെ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നുവെന്നും അന്ന് അവിടെ നഴ്സിങ് വിദ്യാർഥിയായിരുന്ന താൻ ഇയാളോട് സംസാരിച്ചിരുന്നു എന്നുമാണ് രത്നമ്മ പൊലീസിന് നൽകിയ മൊഴി. ഇൻഷുറൻസ് തുകയായ 8 ലക്ഷം രൂപ തട്ടിയെടുക്കുന്നതിന്റെ ഭാഗമായി 1984 ജനുവരി 22ന് ഫിലിം റപ്രസന്റേറ്റീവായ ആലപ്പുഴ തത്തംപള്ളി കുട്ടിച്ചിറ ആലപ്പാട്ടു വീട്ടിൽ ചാക്കോയെ കാറിനുള്ളിൽ തീയിട്ടു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് സുകുമാരക്കുറുപ്പ്.
കൃത്യത്തിനുശേഷം ഒളിവിൽ പോയ ഇയാൾ രൂപമാറ്റം വരുത്തി ഉത്തരേന്ത്യയിലും വിദേശത്തും ഒളിവിൽ കഴിയുന്നതായി വിവിധ ഘട്ടങ്ങളിൽ അഭ്യൂഹങ്ങൾപരന്നിരുന്നു. ഗൾഫ് രാജ്യങ്ങൾ, ഭൂട്ടാൻ, നേപ്പാൾ തുടങ്ങിയവിടങ്ങളിലെല്ലാം പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല.
പ്രതിക്ക് ഇപ്പോൾ 83 വയസ്സ് പ്രായം കാണുമെന്നും കടുത്ത ഹൃദ്രോഗിയായിരുന്ന ഇയാൾ ഇത്രയും കാലം ജീവിച്ചിരിക്കാൻ സാധ്യത കുറവാണെന്നുമായിരുന്നു ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം. ” സുകുമാരക്കുറുപ്പ് വിദേശത്ത് ഒളിവിൽ കഴിയുന്നുവെന്ന പുതിയ വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷിക്കും.
ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിൽ വർഷങ്ങളായി അന്വേഷണം നടത്തുന്ന കേസാണിത്. അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് മേധാവി എച്ച്.വെങ്കിടേഷിന് നിർദേശം നൽകി.” – രമേശ് ചെന്നിത്തല, ആഭ്യന്തരമന്ത്രി ” സുകുമാരക്കുറുപ്പ് എന്ന കൊലയാളിയെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം.
കടുത്ത ശിക്ഷ നൽകണം. 42 വർഷമായില്ലേ? അയാളെ പിടിച്ചില്ലല്ലോ? ആ വിഷമം ഞങ്ങൾക്കെല്ലാമുണ്ട്.
ഇപ്പോൾ ജീവിച്ചിരിക്കുന്നതായി കേട്ടപ്പോൾ വീണ്ടും ടെൻഷനായി. പിടികിട്ടുമോ ഇല്ലയോ എന്ന ആശങ്ക.
കൊലയാളിയെ നമുക്കൊന്നും ചെയ്യാൻ പറ്റില്ലല്ലോ. സർക്കാരും നിയമസംവിധാനങ്ങളും അയാളെ കൈകാര്യം ചെയ്യണം.” – ശാന്തമ്മ, കൊല്ലപ്പെട്ട
ചാക്കോയുടെ ഭാര്യ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

