കോട്ടയം ∙ മഴയത്തും വെയിലത്തും ബസ് കാത്തുനിന്നു ബുദ്ധിമുട്ടുന്ന യാത്രക്കാർ. നൂറുകണക്കിനു യാത്രക്കാർ വന്നു പോകുന്ന കഞ്ഞിക്കുഴിക്കവലയിൽ ആകെയുള്ളത് 2 കാത്തിരിപ്പ് കേന്ദ്രങ്ങൾ മാത്രം.
അത് ദേശീയപാതയോട് ചേർന്നാണ്. കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്ന മറ്റ് 3 റോഡുകളിൽ ബസുകൾ നിർത്തുന്നത് തോന്നുംപടിയാണ്.
സമീപത്തെ കടകളുടെ മുന്നിൽ റോഡരികിലാണ് യാത്രക്കാർ ബസ് കാത്തുനിൽക്കുന്നത്.
കഞ്ഞിക്കുഴിയിൽനിന്നു മണർകാട് റോഡിലുള്ള കാത്തിരിപ്പ് കേന്ദ്രം മുൻപ് വലിയ മരങ്ങളുടെ സമീപമായിരുന്നു. ഇവിടെ ബസുകൾ നിർത്തുന്നതു മൂലം ഗതാഗതക്കുരുക്ക് രൂക്ഷമാണെന്ന പരാതികളെ തുടർന്നു ഒരാഴ്ച മുൻപ് കാത്തിരിപ്പ് കേന്ദ്രം അൽപം കൂടി മുന്നോട്ട് മാറ്റി.
കോട്ടയത്തേക്കുള്ള കാത്തിരിപ്പ് കേന്ദ്രം പഴയ മാർക്കറ്റിന് എതിർവശത്താണ്. ഇത് യാത്രക്കാർക്ക് അൽപമെങ്കിലും ആശ്വാസം നൽകുന്നുണ്ടെങ്കിലും മറ്റ് റോഡുകളിലെ സ്ഥിതി പരിതാപകരമാണ്.
കാത്തിരിപ്പു കേന്ദ്രം ഇല്ല; നെട്ടോട്ടം
ഇറഞ്ഞാൽ റോഡിൽ കുത്തനെയുള്ള ഇറക്കത്തിലാണ് ബസ് നിർത്തുന്നത്.
കൃത്യമായ ബസ് സ്റ്റോപ്പ് ഇല്ല. ബസുകൾ നിർത്തുന്ന ഇടം നോക്കി യാത്രക്കാർ പിന്നാലെ പായുകയാണ്.
ബസ് നിർത്തുന്നതിനു പിന്നാലെ മറ്റ് വാഹനങ്ങൾ എത്തി ഹോൺ മുഴക്കി ബഹളം കൂട്ടുന്നതിനാൽ യാത്രക്കാരും ഭീതിയിലാണ്. പുതുപ്പള്ളി, ദേവലോകം റോഡിലും കവലയോടു ചേർന്നു കടകൾക്ക് മുന്നിലാണ് ബസുകൾ നിർത്തുന്നത്.
ഈ റോഡുകളിൽനിന്നു കോട്ടയം ഭാഗത്തേക്ക് എത്തുമ്പോൾ പഴയ മാർക്കറ്റിന് എതിർവശത്തെ സ്റ്റോപ്പാണ് ആശ്രയം.
പരിഹാരം ബസ്ബേ
കവലയിലെ എല്ലാ ബസ് സ്റ്റോപ്പുകളും ഏകോപിപ്പിച്ച് പഴയ മാർക്കറ്റിനുള്ളിൽ ബസ്ബേ നിർമിച്ചാൽ ശാശ്വത പരിഹാരം ഉണ്ടാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇപ്പോൾ ഇവിടെ ഒരു വഴിയിടം പ്രവർത്തിക്കുന്നുണ്ട്.
ചെറിയ മൈതാനം മാതൃകയിൽ കിടക്കുന്ന ബാക്കി സ്ഥലത്ത് ബസ് ബേയ്ക്കുള്ള ഇടമുണ്ട്. ബസുകൾക്ക് ഇവിടേക്ക് പ്രവേശിക്കാനും പുറത്തേക്ക് കടക്കാനും പ്രധാന റോഡിൽ നിന്നു വഴിയും ഉണ്ട്.
തിരുനക്കരയിലെ ബസ് ബേ മാതൃകയിൽ ഇവിടെ കാത്തിരിപ്പു കേന്ദ്രം പണിതാൽ യാത്രക്കാർക്ക് ആശ്വാസവുമാകും. ഇതിനു നഗരസഭ മുൻകൈയെടുക്കണം.
കലക്ടർ, ജില്ലാ പൊലീസ് മേധാവി, ജനപ്രതിനിധികൾ, ബസ് ഉടമകൾ, ആർടിഒ ഉദ്യോഗസ്ഥർ എന്നിവരുടെ കൂടിയാലോചനകൾ ഉണ്ടായാൽ ബസ് ബേ യാഥാർഥ്യമാകുമെന്നാണ് യാത്രക്കാരുടെ പ്രതീക്ഷ. കഞ്ഞിക്കുഴി കവലയ്ക്കു സമീപത്തെ ഉപറോഡുകളെ ആശ്രയിച്ചാണ് ഇപ്പോൾ മിക്കവരും ഗതാഗതക്കുരുക്കിൽനിന്നു കഷ്ടിച്ച് രക്ഷപ്പെടുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

