ആലപ്പുഴ ∙ റസ്റ്ററന്റുകളുടെ ഓൺലൈൻ റിവ്യൂ നൽകുന്നതു വഴി വൻതുക കമ്മിഷനായി നേടാമെന്നു വാഗ്ദാനം ചെയ്തു നടത്തിയ തട്ടിപ്പിൽ ആലപ്പുഴ സ്വദേശിയായ ദമ്പതികൾക്ക് 7,68,616 രൂപ നഷ്ടമായി. ഓൺലൈൻ ജോബ് പോർട്ടലിൽ റജിസ്റ്റർ ചെയ്തിരുന്ന വിവരങ്ങൾ ശേഖരിച്ചാണ് തട്ടിപ്പുകാർ ദമ്പതികളെ സമൂഹമാധ്യമം വഴി പരിചയപ്പെട്ടത്.
തുടർന്നു ലിങ്ക് അയച്ചുകൊടുത്തു ടെലിഗ്രാം ഗ്രൂപ്പിൽ ചേർത്തു.
പ്രമുഖ റസ്റ്ററന്റുകളുടെ ഓൺലൈൻ റിവ്യൂ വഴി വൻതുക കമ്മിഷനായി നേടാമെന്നാണു തട്ടിപ്പുകാർ വാഗ്ദാനം ചെയ്തത്. ഇതുപ്രകാരം ആലപ്പുഴ കൈതവന സ്വദേശിയുടെയും ഭർത്താവിന്റെയും ബാങ്ക് അക്കൗണ്ടുകളിൽ നിന്നു പലതവണയായി പണം അയച്ചുനൽകുകയായിരുന്നു. റിവ്യൂ ജോലികളും തട്ടിപ്പുകാർ നൽകി.
ആദ്യം 10,000 രൂപ നിക്ഷേപിച്ചപ്പോൾ 3000 രൂപ ലാഭം കിട്ടി. സമാനമായി ലാഭം ലഭിക്കും എന്ന് പറഞ്ഞ് കൂടുതൽ തുക വാങ്ങുകയായിരുന്നു.
ഡിസംബർ 15 മുതൽ 24 വരെയുള്ള ദിവസങ്ങളിലായാണു തട്ടിപ്പ് നടന്നത്.
പണം നൽകിയിട്ടും വാഗ്ദാനം ചെയ്തതുപോലെ കമ്മിഷൻ ലഭിച്ചില്ല. ഇതു ചോദ്യം ചെയ്തതോടെ തട്ടിപ്പുകാർ ഒഴിഞ്ഞുമാറി.
തുടർന്ന് ആലപ്പുഴ സൗത്ത് പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസിൽ അന്വേഷണം ആരംഭിച്ചെന്നു പൊലീസ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

