ചെന്നൈയിൽ ഡിഎംകെ സർക്കാരിന്റെ കാലത്തു പൊലീസ് എഴുതിത്തള്ളിയ കേസ് കോടതിയുടെ ശക്തമായ ഇടപെടലിനെത്തുടർന്നു വീണ്ടും അന്വേഷിച്ചതോടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. തമിഴ്നാട്ടിലെ പ്രമുഖ വ്യവസായിയുടെ നേതൃത്വത്തിൽ നടന്ന ലൈംഗിക അതിക്രമങ്ങളും, കേസ് ഒതുക്കിത്തീർക്കാൻ കോടികളുടെ പണമിടപാടുകൾ നടന്നതുമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
പത്തോളം പെൺകുട്ടികളെ പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ വ്യവസായിയും ജെം ഗ്രാനൈറ്റ്സ് ഉടമയുമായ വീരമണി (84) കേസ് പുറത്തുവരാതിരിക്കാൻ ഉദ്യോഗസ്ഥർക്കു മാത്രം 70 കോടി രൂപ കൈക്കൂലിയായി നൽകിയതായാണ് വിവരം. കഴിഞ്ഞ വർഷം ഓഗസ്റ്റ് അവസാനമാണു വീരമണി, സഹായി മഹേന്ദ്ര സിംഹൻ, ഇയാളുടെ ഭാര്യ ശാന്തി (60) എന്നിവർ പിടിയിലായത്.
ഈ കേസിലെ മറ്റൊരു സഹായിയായ ഗണേശൻ കഴിഞ്ഞ ദിവസമാണ് പിടിയിലായത്. ഈ കോടികളുടെ പണമിടപാടിൽ ഇടനിലക്കാരനായി പ്രവർത്തിച്ച പ്രമുഖ ട്രേഡ് യൂണിയൻ നേതാവിന്റെ മകൻ ഉടൻതന്നെ നിയമത്തിന് മുന്നിൽപ്പെടും എന്നാണു ലഭിക്കുന്ന സൂചനകൾ.
കഴിഞ്ഞ വർഷം ഒക്ടോബറിൽ 13 വയസ്സുള്ള പെൺകുട്ടിയെ വയോധികൻ ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഒരു സാമൂഹിക പ്രവർത്തകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തെങ്കിലും, അതിജീവിതയെ കണ്ടെത്താൻ പൊലീസിന് സാധിച്ചിരുന്നില്ല.
എന്നാൽ, പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയെ രൂക്ഷമായി വിമർശിച്ച കോടതിയുടെ കൃത്യമായ നിർദേശപ്രകാരം അന്വേഷണം പുനരാരംഭിക്കുകയായിരുന്നു. ഇതോടെയാണ് വ്യവസായിയുടെ ക്രൂരകൃത്യങ്ങൾ ഓരോന്നായി വെളിച്ചത്തുവന്നത്.
ചെന്നൈയിലെ പ്രമുഖർ താമസിക്കുന്ന പോയസ് ഗാർഡനിലെ ആഡംബര ബംഗ്ലാവിലും സ്വന്തം വീട്ടിലും പെൺകുട്ടികളെ എത്തിച്ചു പീഡിപ്പിക്കുന്നതു വീരമണിയുടെ പതിവായിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളും സന്നദ്ധ പ്രവർത്തനങ്ങളും മറയാക്കിയാണു ഈ ക്രൂരതകൾ വർഷങ്ങളോളം തുടർന്നുപോന്നത്.
ഇതിനായി ശാന്തിയാണ് പെൺകുട്ടികളെ വലയിലാക്കാൻ ചുക്കാൻ പിടിച്ചിരുന്നത്. ദൃശ്യങ്ങളിൽ വ്യക്തമായിരുന്ന പെൺകുട്ടിയെ കണ്ടെത്തി കൃത്യമായി മൊഴി രേഖപ്പെടുത്തിയ ശേഷമാണു പ്രധാന പ്രതിയായ വീരമണിയെ പൊലീസ് പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

