മെഡിക്കൽ രംഗത്തെ രണ്ട് പതിറ്റാണ്ടോളം നീണ്ട ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച് സ്റ്റീംഡ് ബൺ കട
നടത്തിവരുന്ന ഒരു വനിതാ ഡോക്ടറുടെ വാർത്തയാണ് ചൈനീസ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നത്. കടുത്ത മാനസിക സമ്മർദ്ദങ്ങൾ നിറഞ്ഞ മുൻകാല ജീവിതത്തിൽ നിന്നും മാറി, തന്റെ പുതിയ സംരംഭത്തിൽ ഏറെ സന്തുഷ്ടയാണെന്ന് 48-കാരിയായ ഡോങ് മിൻ വ്യക്തമാക്കുന്നു.
വുഹാൻ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിൽ നിന്ന് 1999-ൽ ബിരുദം നേടിയ ഡോങ് മിൻ, ഷെൻഡെൽ നഗരത്തിൽ ഗൈനക്കോളജിസ്റ്റായാണ് തന്റെ കരിയർ ആരംഭിച്ചത്. പിന്നീട് വുഹാനിൽ തിരിച്ചെത്തി അമ്മയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ ക്ലിനിക്കിന്റെ നടത്തിപ്പിൽ പങ്കാളിയായി.
അമ്മ വിരമിച്ചതിനെ തുടർന്ന് ക്ലിനിക്ക് പൂട്ടുകയും കുടുംബം നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. തുടർന്ന് ഒരു കമ്മ്യൂണിറ്റി ഹോസ്പിറ്റലിൽ ഡോക്ടറായും സ്ഥാപനത്തിന്റെ ലീഗൽ റെപ്രസെന്റേറ്റീവായും അവർ സേവനം അനുഷ്ഠിച്ചു പോന്നു.
ഡോക്ടർ എന്ന നിലയിലുള്ള കടുത്ത മാനസിക സമ്മർദ്ദമാണ് ഈ വലിയ കരിയർ മാറ്റത്തിന് തന്നെ പ്രേരിപ്പിച്ചതെന്ന് ഡോങ് മിൻ പറയുന്നു. രോഗികളെ ചികിത്സിക്കുന്നതിനൊപ്പം സർക്കാരിന്റെ വിവിധ വകുപ്പുകളിൽ നിന്നുള്ള പരിശോധനകളും മറ്റ് ഭരണപരമായ കാര്യങ്ങളും കൈകാര്യം ചെയ്യുന്നത് വലിയ ഭാരമായിരുന്നു.
കൂടാതെ, ആശുപത്രിയുടെ ലീഗൽ റെപ്രസെന്റേറ്റീവ് എന്ന നിലയിൽ എന്തെങ്കിലും തർക്കമുണ്ടായാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തവും താൻ ഏറ്റെടുക്കേണ്ടി വന്നിരുന്നു. 2023-ൽ സുഹൃത്തുക്കളുടെ ബിസിനസ്സിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ബൺ കട
തുടങ്ങുന്നതിനെക്കുറിച്ച് അവർ ആലോചിക്കുന്നത്. തുടക്കത്തിൽ മറ്റൊരു ബിസിനസ്സിൽ നിക്ഷേപം നടത്തിയെങ്കിലും, ഷെഫ് പെട്ടെന്ന് ജോലി ഉപേക്ഷിച്ചുപോയതിനെത്തുടർന്ന് ഡോങ് തന്നെ നേരിട്ട് ബൺ ഉണ്ടാക്കാൻ പഠിക്കുകയായിരുന്നു.
ഈ ജോലി ആസ്വദിക്കാൻ തുടങ്ങിയതോടെ പൂർണ്ണമായും മെഡിക്കൽ രംഗം വിട്ട് ഈ മേഖലയിലേക്ക് തിരിയാൻ അവർ തീരുമാനമെടുക്കുകയായിരുന്നു. തുടക്കത്തിൽ കുടുംബത്തിൽ നിന്ന് കടുത്ത എതിർപ്പുകളാണ് അവർക്ക് നേരിടേണ്ടി വന്നത്.
സമൂഹത്തിൽ ഏറെ ആദരിക്കപ്പെടുന്നതും സ്ഥിരതയുള്ളതുമായ ഒരു ജോലി ഉപേക്ഷിക്കുന്നതിനെ ബന്ധുക്കൾ ശക്തമായി എതിർത്തു. എന്നാൽ, പ്രായം 50-നോട് അടുത്തുവെന്നും മറ്റുള്ളവരുടെ അഭിപ്രായങ്ങളെക്കുറിച്ച് താൻ ഇപ്പോൾ ആവലാതിപ്പെടുന്നില്ലെന്നും അവർ വ്യക്തമാക്കുന്നു.
“ജീവിതത്തിന് കൃത്യമായ ഉത്തരങ്ങളില്ല. ഒരു മാറ്റത്തിന് ഒരിക്കലും വൈകിയില്ല.
എന്നെക്കൊണ്ട് അനങ്ങാൻ കഴിയാത്ത കാലം വരെ ഈ കട നടത്തണമെന്നാണ് എൻ്റെ ആഗ്രഹം” എന്നും ഡോങ് മിൻ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

