കൊല്ലം ∙ ഹരിതകർമ സേനാംഗങ്ങൾക്കെതിരെ അശ്ലീല പരാമർശം നടത്തിയ കോടതി ജീവനക്കാരൻ പിടിയിൽ. കൊല്ലം നഗരത്തിലെ ഹരിതകർമ സേനയുമായി ബന്ധപ്പെട്ടു യൂട്യൂബിലൂടെ ഡിസംബർ 9നു ചാനലിൽ വന്ന വാർത്തയുടെ കമന്റിൽ സേനാംഗങ്ങൾക്കെതിരെ അശ്ലീല പരാമർശം നടത്തിയ ചാവക്കാട് സബ് കോടതി ക്ലാർക്ക് തൃശൂർ മാടവന ആലംപറമ്പിൽ സിറാജുദ്ദീൻ (52) ആണു കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്.
ഇയാൾ കമന്റ് ഇട്ടതിനെ തുടർന്നു സംഭവം വിവാദമാകുകയും കൊല്ലം കോർപറേഷനു കീഴിൽ ജോലി ചെയ്യുന്ന സേനാംഗങ്ങൾ പണി മുടക്കുകയും പ്രതിഷേധ മാർച്ച് നടത്തുകയും ചെയ്തിരുന്നു. സംഭവത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് ഈസ്റ്റ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.
തുടർന്നു, സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയെ കണ്ടെത്തി സ്ഥലത്ത് അന്വേഷണം നടത്തിയെങ്കിലും ഇയാൾ സംഭവം അറിഞ്ഞ് ഒളിവിൽ പോയി. കഴിഞ്ഞ ദിവസം രാത്രി പ്രതി വീട്ടിലെത്തിയ വിവരം അറിഞ്ഞു സ്ഥലത്തെത്തിയ പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പോസ്റ്റ് ഇടാൻ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെടുത്തു. കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടർ പുഷ്പകുമാർ, എസ്ഐ സരിത എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

