കാഞ്ഞാർ ∙ കാടുകയറി നശിക്കുന്ന ജൈവവൈവിധ്യ പാർക്ക് നവീകരിക്കാൻ ബ്ലോക്ക് പഞ്ചായത്ത് തീരുമാനിച്ചു. കഴിഞ്ഞ ദിവസം ചേർന്ന കമ്മിറ്റിയിൽ ഇതിനായി ചർച്ചകൾ നടത്തി.
20 വർഷം മുൻപാണ് പാർക്കിന്റെ ഒന്നാംഘട്ടം ജോലികൾ പൂർത്തിയാക്കിയത്. തുടർന്നു പാർക്കിന്റെ പുരോഗതിക്കായി ഒരു നടപടികളും എടുത്തിരുന്നില്ല.
ഇതിനിടെ പാർക്ക് കാടുകയറി നശിച്ചു.ഒട്ടേറെ യാത്രക്കാർ കടന്നുപോകുന്ന തൊടുപുഴ പുളിയന്മല സംസ്ഥാനപാതയിൽ കാഞ്ഞാർ പുഴയോരത്തോടു ചേർന്നാണ് വാട്ടർ ഷെഡ് തീം പാർക്ക്. എംവിഐപി ഭൂമിയിൽ ബ്ലോക്ക് പഞ്ചായത്താണ് പൂച്ചെടികളും ചെറുമരങ്ങളും വച്ചുപിടിപ്പിച്ച് അരക്കിലോമീറ്ററോളം ദൂരത്തിൽ ചെറു ഉദ്യാനം നിർമിച്ചത്.
എംവിഐപിയിൽ നിന്നു ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്ത സ്ഥലത്താണ് പാർക്ക് നിർമിച്ചത്.
പാർക്കിന്റെ വികസനത്തിന് എംവിഐപിയുടെ സഹായം കൂടി വേണമെന്ന് ബ്ലോക്ക് പഞ്ചായത്ത് അധികൃതർ പറഞ്ഞു. വകുപ്പുമന്ത്രി പ്രദേശത്തിന്റെ എംഎൽഎ ആയതിനാൽ എംവിഐപിയുടെ സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷ.ഇടയ്ക്ക് 35 ലക്ഷം രൂപ മുടക്കി പാർക്കിൽ കഫെറ്റീരിയയും ശുചിമുറിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാനാണ് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് തീരുമാനിച്ചത്.
ഇതിന് രൂപരേഖ തയാറാക്കിയെങ്കിലും തുടർനടപടികൾ നടന്നില്ല.
മലങ്കര ജലാശയം റോഡിൽ നിന്ന് ഏറ്റവും കൂടുതൽ കാണാൻ കഴിയുന്ന പ്രദേശമാണിവിടം. അതുകൊണ്ടുതന്നെ ഇടുക്കി യാത്രക്കാർ ഏറെയും യാത്രയ്ക്കിടയിൽ ഇടത്താവളമായി വിശ്രമിക്കുന്നതിന് ഇവിടെ ഇറങ്ങാറുണ്ട്.
ഒന്നാം ഘട്ടത്തിൽ ചുറ്റുവേലി കെട്ടി പാർക്കിനുള്ളിൽ പൂച്ചെടികൾ വച്ചുപിടിപ്പിച്ചു മോടികൂട്ടി. തുടർന്ന് ബ്ലോക്ക് പഞ്ചായത്തിന്റെ ഭരണം മാറിയതോടെ തീം പാർക്ക് അവഗണിക്കപ്പെടുകയായിരുന്നു.
പാർക്ക് കാടുകയറിത്തുടങ്ങിയതോടെ ഇവിടെ നട്ടിരുന്ന പൂച്ചെടികളും നശിച്ചുപോയി. പുതിയതായി അധികാരത്തിലെത്തിയ ബ്ലോക്ക് പഞ്ചായത്ത് പാർക്ക് നിർമാണത്തിന് മുൻകൈ എടുക്കുമെന്ന് ഈ ഡിവിഷനിൽ നിന്നുള്ള അംഗം സ്റ്റീഫൻ ജോർജ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

