ഒറ്റപ്പാലം∙ കണ്ണിയംപുറത്തു മോഷ്ടാക്കളുടെ വിളയാട്ടം. 2 വ്യാപാരസ്ഥാപനങ്ങളിലും 2 ക്ഷേത്രങ്ങളിലും കവർച്ചയും 4 വീടുകളിലും ഒരു സ്ഥാപനത്തിലും കവർച്ചാശ്രമവും നടന്നു. പാലക്കാട് – കുളപ്പുള്ളി പാതയോരത്തെ ഗോൾഡൻ പെയ്ന്റ്സ് എന്ന സ്ഥാപനത്തിലും ഇതേ കെട്ടിടത്തിനു മുകളിലെ നിലയിലെ അമൃത് ഫൂഡ് പ്രോഡക്ട്സ് എന്ന സ്ഥാപനത്തിലുമായിരുന്നു ഇന്നലെ പുലർച്ചെ കവർച്ച.
പെയ്ന്റ് കടയിലെ മേശവലിപ്പിൽ നിന്നു 4000 രൂപയും സിസിടിവി ഡിവിആറും 3 പെൻഡ്രൈവുകളും മോഷ്ടിച്ചു.
സ്ഥാപനത്തിലെ സിസിടിവി ക്യാമറകളിൽ ചിലതു നശിപ്പിക്കപ്പെട്ട നിലയിലാണ്.
ആകെ 25,000 രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഉടമ സുഭാഷ് പറഞ്ഞു. പൂട്ടു തകർത്ത് അകത്തു കടന്നായിരുന്നു മോഷണം.
ഇതേ കെട്ടിടത്തിൽ മുകൾനിലയിലെ അമൃത് ഫൂഡ് പ്രോഡക്ട്സ് എന്ന സ്ഥാപനത്തിനുള്ളിലെ മേശവലിപ്പിൽ സൂക്ഷിച്ച 6,800 രൂപയും ടാബ്ലറ്റുമാണു നഷ്ടപ്പെട്ടത്. കണ്ണിയംപുറം തെരുവിലെ മുനിയപ്പൻ ക്ഷേത്രത്തിന്റെയും പ്രധാന പാതയോരത്തെ ഗുരുമൂർത്തി ക്ഷേത്രത്തിലെയും ഭണ്ഡാരങ്ങൾ കുത്തിത്തുറന്നു പണം കവർന്നു.
മുനിയപ്പൻ ക്ഷേത്രത്തിൽ നിന്ന് ഏകദേശം 5000 രൂപയും ഗുരുമൂർത്തി ക്ഷേത്രത്തിൽ നിന്ന് ഏകദേശം 3000 രൂപയുമാണു കവർന്നതെന്നു ഭാരവാഹികൾ പറഞ്ഞു.
പാതയോരത്തെ സ്വകാര്യ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഇരുചക്രവാഹന ഷോറൂമിലും പ്രദേശത്തെ 4 വീടുകളിലുമായിരുന്നു മോഷണശ്രമം. ഷോറൂമിന് അകത്തു കടന്നു മേശ വലിപ്പുകളിൽ തിരഞ്ഞെങ്കിലും പണം ലഭിക്കാതിരുന്നതോടെ സ്ഥലം വിട്ടതാണെന്നു കരുതുന്നു. കണ്ണിയംപുറം മാരിയമ്മൻ കോവിലിൽക്കൂടി കയറാൻ മോഷ്ടാക്കൾ ശ്രമിക്കുന്നതിനിടെയാണു നാട്ടുകാർ അറിഞ്ഞത്.
ഇതോടെ ഓടി രക്ഷപ്പെട്ടു. ബൈക്കിലെത്തിയ 2 പേരാണു മോഷണത്തിനു പിന്നിലെന്നു സിസിടിവി ദൃശ്യങ്ങളിൽ വ്യക്തം.
പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

