കൊല്ലം ∙ ജില്ലയിലെ ഏറ്റവും കൂടുതൽ ആളുകളെത്തുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണു കൊല്ലം ബീച്ച്. എന്നാൽ, ഒരു തവണ വന്നാൽ പിന്നീട് ആർക്കും ഇങ്ങോട്ടു വരാൻ തോന്നരുത് എന്ന തരത്തിലാണ് ഇവിടുത്തെ മാലിന്യപ്രശ്നം.
പ്ലാസ്റ്റിക് കവറുകളും പേപ്പറുകളും കൊണ്ട് നിറഞ്ഞ മണൽപരപ്പിൽ തെരുവുനായ്ക്കളുടെ ശല്യവും ഏറെയാണ്.
മാലിന്യം ശേഖരിക്കുന്നതിനുള്ള യന്ത്രം പല ദിവസങ്ങളിലും പ്രവർത്തിക്കുന്നില്ല. യന്ത്രം നന്നായി പ്രവർത്തിക്കുമ്പോൾ പോലും ബീച്ചിലെ മാലിന്യത്തിന്റെ തോത് കുറയ്ക്കാൻ സാധിക്കാറില്ലെന്നു നാട്ടുകാർ പറയുന്നു.
ഇന്നലെയും യന്ത്രം പ്രവർത്തിക്കാതിരുന്നതോടെ മാലിന്യത്തിന്റെ അളവു ബീച്ച് പരിസരത്തു വല്ലാതെ കൂടിയിരിക്കുകയാണ്.
ബീച്ചിലെ മാലിന്യം നീക്കുന്നതിനുള്ള യന്ത്രം സാധാരണ ദിവസങ്ങളിൽ രാവിലെ 8 മുതൽ 11 വരെയാണു പ്രവർത്തിപ്പിക്കുന്നത്. എന്നാൽ, അപകടസാധ്യത കൂടിയ ബീച്ചായതിനാലും പെട്ടെന്നു തന്നെ മണലിൽ ആഴ്ന്നു പോയി നശിക്കുന്നതിനാലും ബീച്ചിന്റെ പല ഭാഗത്തേക്കും യന്ത്രം കൊണ്ടുപോകാൻ കഴിയില്ല.
അതിനാൽ തന്നെ ബീച്ചിന്റെ മധ്യ ഭാഗത്താണു പ്രധാനമായും ഇതു പ്രവർത്തിപ്പിക്കുന്നത്. യന്ത്രം എത്താത്ത ഇടങ്ങളിലെല്ലാം എപ്പോഴും കടലാസുകളും പ്ലാസ്റ്റിക്കും മറ്റു ചപ്പുചവറുകളും നിറയാറുണ്ട്.
അതിനു പുറമേയാണ് ഇപ്പോൾ പ്രധാന ബീച്ച് ഭാഗത്തും മാലിന്യം നിറഞ്ഞിരിക്കുന്നത്.
ബീച്ചിന്റെ ഇരുവശങ്ങളിലേക്കും പോയാൽ മാലിന്യം കൂട്ടിവച്ചിരിക്കുന്നതും കാണാം. ബീച്ചിനു പുറത്തെ റോഡിനു സമീപം മാത്രമാണു മാലിന്യം ഇല്ലാത്തത്.
ശുചീകരണ തൊഴിലാളികളാണ് ഇവിടം വൃത്തിയാക്കുന്നത്. ആവശ്യത്തിനു തൊഴിലാളികളില്ലാത്തതിനാൽ മറ്റ് ഇടങ്ങൾ കൂടി വൃത്തിയാക്കാൻ ഇവർക്കു സാധിക്കാറില്ല.
നിലവിലുള്ള തൊഴിലാളികൾക്കു തീർക്കാൻ സാധിക്കാത്തത്ര മാലിന്യമാണ് ഇവിടെ ഓരോ ദിവസവും ഉപേക്ഷിക്കപ്പെടുന്നത്.
ബീച്ചിലെത്തുന്ന ആളുകൾ ഉപേക്ഷിക്കുന്ന മാലിന്യത്തിനു പുറമേ കടലിൽ നിന്നും ഒട്ടേറെ മാലിന്യങ്ങൾ കരയിലേക്കെത്തുന്നുണ്ട്. മരത്തിന്റെ ചില്ലകൾ, ചെരിപ്പുകൾ, കുപ്പികൾ, പ്ലാസ്റ്റിക് എന്നിവയാണു പ്രധാനമായും ഇങ്ങനെ വന്നടിയുന്നത്. യന്ത്രം കൃത്യമായി പ്രവർത്തിപ്പിച്ചും കൂടുതൽ തൊഴിലാളികളെ നിയമിച്ചും ബോധവൽക്കരണം നടത്തിയും കൊല്ലം ബീച്ചിനെ എത്രയും പെട്ടെന്നു തന്നെ മാലിന്യ മുക്തമാക്കണമെന്നാണു നഗരവാസികളുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

