കട്ടപ്പന∙ നഗരസഭാ ചെയർപഴ്സനായി യുഡിഎഫിലെ ജോയി വെട്ടിക്കുഴി തിരഞ്ഞെടുക്കപ്പെട്ടു. 20 വോട്ടുകൾ നേടിയാണ് വിജയം.
എൽഡിഎഫ് സ്ഥാനാർഥി വി.ആർ.സജി 13 വോട്ടുകൾ നേടി. എൻഡിഎയുടെ രണ്ട് അംഗങ്ങൾ തിരഞ്ഞെടുപ്പിൽ നിന്നു വിട്ടുനിന്നു.
കോൺഗ്രസ് പ്രതിനിധിയായ ജോയി വെട്ടിക്കുഴിയുടെ പേര് കെ.ജെ.ബെന്നി നിർദേശിച്ചു. തോമസ് മൈക്കിൾ പിൻതാങ്ങി.
എൽഡിഎഫിന്റെ ചെയർപഴ്സൻ സ്ഥാനാർഥിയായി സിപിഎം പ്രതിനിധി വി.ആർ.സജിയുടെ പേര് ബേബി കുര്യൻ നിർദേശിച്ചു. ബിന്ദുലത രാജു പിൻതാങ്ങി.രണ്ടാം തവണയാണ് ജോയി വെട്ടിക്കുഴി നഗരസഭാധ്യക്ഷനാകുന്നത്.
നഗരസഭയുടെ 2015-2020 വർഷത്തെ ആദ്യഭരണ സമിതിയിൽ 2018 മുതൽ 2020 വരെ ചെയർപഴ്സനായിരുന്നു.
2020-25 ഭരണ സമിതിയിൽ ആദ്യത്തെ മൂന്നുവർഷത്തേക്ക് ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും സമയപരിധിക്കു മുൻപ് രാജിവച്ചിരുന്നു. നിലവിൽ യുഡിഎഫ് ജില്ലാ ചെയർമാനായ ജോയി , 1984ൽ കട്ടപ്പന സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗമായി. 1985 മുതൽ ബാങ്കിന്റെ പ്രസിഡന്റ് പദവി വഹിക്കുന്നു.
രണ്ട് തവണ ജില്ലാ സഹകരണ ബാങ്ക് ഭരണസമിതി അംഗമായി. 1988-1995 കാലയളവിൽ കട്ടപ്പന പഞ്ചായത്ത് അംഗമായിരുന്നു.
2000-2005 കാലയളവിൽ കട്ടപ്പന പഞ്ചായത്ത് പ്രസിഡന്റായി.
2005-2010 കാലയളവിൽ ജില്ലാ പഞ്ചായത്ത് അംഗമായി. 2020-2025 നഗരസഭാ ഭരണസമിതിയിലും അംഗമായിരുന്നു. 1996ൽ ഇടുക്കി നിയമസഭാ മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയെങ്കിലും പരാജയപ്പെട്ടു.
എട്ടുവർഷമായി ഡിസിസി വൈസ് പ്രസിഡന്റ് പദവിയും വഹിച്ചുവരുന്നു.പി.ജി.മറിയാമ്മയാണ് ഭാര്യ. മക്കൾ: ഡെല്ലാ സെബാസ്റ്റ്യൻ, ഡെന്നിസ് സെബാസ്റ്റ്യൻ.
മരുമക്കൾ: ദിധിൻ ആൻഡ്രൂസ് തോമസ്, ക്രിസ്റ്റി പി.ആന്റണി.
ലീലാമ്മ ബേബി ഉപാധ്യക്ഷ
കട്ടപ്പന∙ നഗരസഭാ ഉപാധ്യക്ഷയായി കോൺഗ്രസിലെ ലീലാമ്മ ബേബി തിരഞ്ഞെടുക്കപ്പെട്ടു. 20 വോട്ടുകൾ നേടിയാണ് വിജയം.
എൽഡിഎഫിൽ നിന്ന് രെജി ബിജുവാണ് വൈസ് ചെയർപഴ്സൻ പദവിയിലേക്ക് മത്സരിച്ചത്. ലീലാമ്മയുടെ പേര് സജിമോൾ ഷാജി നിർദേശിക്കുകയും ഷൈനി സണ്ണി പിൻതാങ്ങുകയും ചെയ്തു.
രെജിയുടെ പേര് കെ.പി.സുമോദ് നിർദേശിച്ചു;സിജി അജേഷ് പിൻതാങ്ങി. രെജി 13 വോട്ടു നേടി.
എൻഡിഎയുടെ രണ്ട് അംഗങ്ങൾ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു.
തുടർച്ചയായ രണ്ടാം തവണയാണ് കൗൺസിലറായി ലീലാമ്മ തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ തവണ തൊവരയാർ വാർഡിൽ നിന്നും ഇത്തവണ ഐടിഐ വാർഡിൽ നിന്നും വിജയിച്ചു.
കഴിഞ്ഞ ഭരണ സമിതിയിൽ അവസാനത്തെ രണ്ടരവർഷം ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷയായിരുന്നു. 2024 മുതൽ സഹകരണ സ്ഥാപനമായ പ്രിൻകോസിന്റെ പ്രസിഡന്റാണ്.
ഭർത്താവ്: ബേബി കുര്യൻ. മക്കൾ: അമൽ(അസി.
പ്രഫ. മെഡിക്കൽ ട്രസ്റ്റ് ആശുപത്രി, എറണാകുളം), അരുൺ(എൻജിനീയർ, ബെംഗളുരു).
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

