പാലാ ∙ അകക്കണ്ണിലൂടെയായിരുന്നു സി.സത്യപാലൻ (56) ഇന്നലെ പാലാ നഗരസഭ കൗൺസിലിന്റെ നിയന്ത്രണം ഏറ്റെടുത്തത്. ദിയ ബിനു പുളിക്കക്കണ്ടത്തെ അധ്യക്ഷയായി തിരഞ്ഞെടുത്ത കൗൺസിൽ ഹാളിൽ ഇന്നലെ ശ്രദ്ധാകേന്ദ്രമായത് പാലാ ജില്ലാ വിദ്യാഭ്യാസ ഓഫിസറായ സി.സത്യപാലനാണ്. വരണാധികാരിയായി അധ്യക്ഷ– ഉപാധ്യക്ഷ തിരഞ്ഞെടുപ്പുകൾ സുഗമമായി നടത്തിയ സത്യപാലന് ദിയ കൈകൊടുത്ത് അഭിനന്ദിക്കുകയും ചെയ്തു.
കറുത്ത കണ്ണടയ്ക്കുപിന്നിലെ നിശ്ചയദാർഢ്യമാണു സത്യപാലൻ.
ജന്മനാ ഒരു കണ്ണിന്റെയും ആറാം ക്ലാസ് മുതൽ രണ്ടാമത്തെ കണ്ണിന്റെയും കാഴ്ച നഷ്ടപ്പെട്ടു. കണ്ണിലേക്കുള്ള ഞരമ്പുകളുടെ വളർച്ചക്കുറവായിരുന്നു കാരണം.
പ്രതിസന്ധികളിൽ തളരാതെ ബിഎ ഹിസ്റ്ററിയും ബിഎഡും പൂർത്തിയാക്കി പാലക്കാട് കൊടുമുണ്ട സ്കൂളിൽ അധ്യാപകനായി സർക്കാർ സർവീസ് ആരംഭിച്ചു.
തുടർന്ന് വാടാനകുറിശി സ്കൂളിൽ 2 പതിറ്റാണ്ടോളം സോഷ്യൽ സയൻസ് അധ്യാപകനായി.
പ്രധാനാധ്യാപകനായി ഇടുക്കിയിലും അട്ടപ്പാടിയിലും ജോലിനോക്കിയശേഷം ഒറ്റപ്പാലം ഉപജില്ലാ വിദ്യാഭ്യാസ ഓഫിസറായി. ഇവിടെനിന്നാണു പാലാ ജില്ലാ വിദ്യാഭ്യാസ ഓഫിസറായി ചുമതലയേൽക്കുന്നത്. 2020 ൽ പാലക്കാട് വാണിയംകുളം പഞ്ചായത്തിലും വരണാധികാരിയായിരുന്നു.
ഷൊർണൂർ കണയം ചീനിക്കത്തൊടി കുടുംബാംഗമാണ് സത്യപാലൻ. ജൂണിൽ വിരമിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

