വടക്കഞ്ചേരി ∙ പന്നിയങ്കര ചൂരക്കോട്ടുകുളമ്പിലെ ക്വാറിയുടെ പ്രവർത്തനം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ജില്ലാ കലക്ടർക്കു പരാതി നൽകി. പാറ പൊട്ടിക്കുമ്പോൾ ഉണ്ടാകുന്ന ഉഗ്രസ്ഫോടനം മൂലം 6 വീടുകൾക്കു വിള്ളൽ വന്നതായും റോഡ് തകർന്നതായും നാട്ടുകാർ പറഞ്ഞു.
ഇതു സംബന്ധിച്ച് ജിയോളജി വകുപ്പിനും തഹസിൽദാർക്കും കണ്ണമ്പ്ര വില്ലേജ് ഓഫിസർക്കും പരാതി നൽകി. ഇന്നലെ വീട്ടമ്മമാർ ഉൾപ്പെടെ നാട്ടുകാർ ക്വാറിക്കു മുൻപിലെത്തി പ്രതിഷേധ സമരം നടത്തി.
പന്നിയങ്കര–ചെല്ലിപ്പറമ്പ് റോഡിനും പന്നിയങ്കര–കൊളക്കോട് റോഡിനും ഒരു മീറ്റർ മാത്രം ദൂരെയാണു പാറ പൊട്ടിക്കലെന്നും റോഡ് ഏത് നിമിഷവും ഇടിയാമെന്നും പ്രദേശവാസികൾ പറഞ്ഞു.
15 മുതൽ 35 മീറ്റർ വരെ ആഴത്തിലാണു പാറ പൊട്ടിക്കുന്നത്. അപകടം നിറഞ്ഞ ഇതുവഴി പോകാൻ ആളുകൾ ഭയക്കുന്നു.
ഇതിനു സമീപമുള്ള വാവുമല ടൂറിസം പദ്ധതിക്കായി സർക്കാർ കോടികളുടെ ഫണ്ട് നീക്കിവച്ചിട്ടുണ്ട്. എന്നാൽ പാറ പൊട്ടിക്കൽ പദ്ധതിയെ ബാധിക്കുമെന്നാണു നാട്ടുകാർ പറയുന്നത്.
ഇവിടെ നിന്നുള്ള പൊടിപടലങ്ങൾ മൂലം പ്രദേശവാസികൾ ദുരിതത്തിലാണ്. ബന്ധപ്പെട്ടവർക്ക് പരാതി നൽകിയെങ്കിലും അന്വേഷിക്കാമെന്ന മറുപടി മാത്രമാണു ലഭിക്കുന്നതെന്നു നാട്ടുകാർ പറഞ്ഞു.
ക്വാറി പ്രവർത്തനം നിർത്തിയില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് പ്രദേശവാസികൾ മുന്നറിയിപ്പു നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

