മൂവാറ്റുപുഴ ∙ സ്വകാര്യ ബസിൽ കുഴഞ്ഞു വീണ യാത്രക്കാരനെ മിന്നൽ വേഗത്തിൽ ആശുപത്രിയിൽ എത്തിച്ച് ബസ് ജീവനക്കാർ രക്ഷകരായി. മൂവാറ്റുപുഴ – പിറവം – വെള്ളൂർ റൂട്ടിൽ സർവീസ് നടത്തുന്ന അലൻ ബസിലെ ഡ്രൈവർ മൂവാറ്റുപുഴ സ്വദേശികളായ അനന്തു കൃഷ്ണനും കണ്ടക്ടർ മുത്തു കുമാറും ആണ് സമയോചിതമായ ഇടപെടലിലൂടെ 75 വയസ്സുള്ള മൂക്കനാട്ട് രാമചന്ദ്രന്റെ ജീവനു കാവലായി മാറിയത്.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം.
മൂവാറ്റുപുഴയിൽ നിന്നു പുറപ്പെട്ട ബസിലെ യാത്രക്കാരനായ രാമചന്ദ്രൻ പിറവം റൂട്ടിൽ ശൂലം കയറ്റത്തിനു സമീപം എത്തിയപ്പോൾ സീറ്റിൽ കുഴഞ്ഞു വീഴുകയായിരുന്നു.
ഇതു ശ്രദ്ധയിൽപെട്ട കണ്ടക്ടർ മുത്തു ഇക്കാര്യം ഡ്രൈവർ അനന്തുവിനെ അറിയിച്ചു.
തുടർന്ന് ബസ് ഉടമ നിയാസ് ജോസുമായി ബന്ധപ്പെട്ടപ്പോൾ രാമചന്ദ്രനെ ബസിൽ തന്നെ ഉടൻ ആശുപത്രിയിൽ എത്തിക്കാനായിരുന്നു നിർദേശം. തുടർന്ന് യാത്രക്കാരെ ഇവിടെ ഇറക്കിയ ശേഷം ആംബുലൻസിന്റെ വേഗത്തിൽ ഗതാഗത തടസ്സങ്ങൾ മറികടന്ന് ബസ് രാമചന്ദ്രനുമായി മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലേക്കു പാഞ്ഞു.
ഇരുവരും ചേർന്ന് രാമചന്ദ്രന് ചികിത്സയും ഉറപ്പാക്കി.
രാമചന്ദ്രന്റെ ബന്ധുക്കളെ വിവരം അറിയിച്ച് അവർ ആശുപത്രിയിൽ എത്തിയ ശേഷമാണ് ഇരുവരും ആശുപത്രിയിൽ നിന്നു മടങ്ങിയത്. യാത്രക്കാർ കൂടി സഹകരിച്ചതിനാലാണു രാമചന്ദ്രനെ ഉടനെ ആശുപത്രിയിൽ എത്തിക്കാനും ജീവൻ രക്ഷിക്കാനും കഴിഞ്ഞതെന്ന് അനന്തുവും മുത്തുവും പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

