സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന വ്യാജ വാർത്തകൾക്ക് വിരാമമിട്ട് കേന്ദ്ര സമുദ്ര മത്സ്യഗവേഷണ കേന്ദ്രം (സിഎംഎഫ്ആർഐ) രംഗത്ത്. കേരളത്തിൽ ലഭ്യമാകുന്ന ചൂര മീനുകളിൽ യാതൊരുവിധത്തിലുള്ള വിരകളുടെയും സാന്നിധ്യം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
സാമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങൾ കണ്ട് ജനങ്ങൾ ചൂര മീൻ വാങ്ങുന്നതിൽ നിന്നും കഴിക്കുന്നതിൽ നിന്നും വിട്ടുനിൽക്കേണ്ടതില്ലെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ചൂര മീനുകളിൽ അടിമുടി വിരകൾ കണ്ടെത്തിയെന്ന തരത്തിൽ വലിയ തോതിലുള്ള പ്രചാരണങ്ങൾ നടന്നിരുന്നു.
യഥാർത്ഥത്തിൽ തെക്കൻ ബ്രസീലിലെ ഏതെങ്കിലും ഒരു തീരത്ത് നിന്ന് പിടിച്ചെടുത്ത 53 ചൂര മീനുകളിലാണ് ഇത്തരത്തിലുള്ള വിര ബാധ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ ഈ സംഭവം കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്കും വിപണിക്കും കനത്ത തിരിച്ചടിയായി മാറുകയായിരുന്നു.
സംഭവത്തിന്റെ യാഥാർത്ഥ്യം മനസ്സിലാക്കുന്നതിനായി കോഴിക്കോട് ഉൾപ്പെടെയുള്ള കേരളത്തിലെ പ്രധാന ഫിഷ് ലാൻഡിങ് സെന്ററുകളിൽ നിന്നും വിപണികളിൽ നിന്നും വിദഗ്ധർ സാംപിളുകൾ ശേഖരിച്ച് പരിശോധന നടത്തിയിരുന്നു. ഈ ശാസ്ത്രീയ പഠനങ്ങളിലൊന്നും തന്നെ മീനുകളിൽ ഒരു വിരയുടെ പോലും സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് സിഎംഎഫ്ആർഐ വ്യക്തമാക്കി.
ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ സ്രോതസ്സുകളിൽ ഏറ്റവും മികച്ച ഒന്നാണ് ചൂര മീൻ. ഒമേഗ 3 പോളി അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ഇത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.
രക്തസമ്മർദം കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും കൂടാതെ തലച്ചോറിന്റെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്താനും ഇത്തരം മത്സ്യങ്ങളുടെ ഉപഭോഗം സഹായിക്കുമെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

