കണ്ണൂർ ∙ പാട്യം ഗോപാലൻ ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റ് നേതാക്കളും നവോഥാന നായകരും കവികളും കലാകാരന്മാരും മാധ്യമ പ്രവർത്തകരും സംസ്കൃത പണ്ഡിതരും വിദ്യാഭ്യാസ പ്രവർത്തകരും പിറന്ന മണ്ണാണു പാട്യത്തിന്റേത്. ശ്രീനിവാസനിലെ കലാകാരന് ആശയവും ഊർജവും നൽകിയതിൽ പാട്യത്തിന്റെ പങ്ക് ചെറുതല്ല.
കോളജ് വിദ്യാഭ്യാസ കാലത്ത് നാടകപ്രവർത്തനത്തിൽ സജീവമായപ്പോൾ സ്വീകരിച്ച പേര് പാട്യം ശ്രീനിയെന്ന്. ‘അറബിക്കഥ’യിലെ ക്യൂബ മുകുന്ദനെന്ന കഥാപാത്രത്തിനു നാട്ടിലെ നിഷ്കളങ്കരും പാർട്ടിയെ അതിരറ്റു വിശ്വസിക്കുന്നവരുമായ പ്രവർത്തകരുടെ മട്ടും ഭാവവുമായിരുന്നു.
പാർട്ടി ബുദ്ധിജീവികളെയും പാർട്ടി ക്ലാസിനെയും ഉൾപാർട്ടി ചർച്ചകളെയുമൊക്കെ നിശിതമായി കളിയാക്കുന്നതാണു ‘സന്ദേശം’.
ഇന്നും പല സന്ദർഭങ്ങളിലും സിപിഎമ്മിനെ കളിയാക്കാൻ ട്രോളന്മാർ ഉപയോഗിക്കുന്നതു സന്ദേശത്തിലെ ദൃശ്യങ്ങളും സംഭാഷണങ്ങളുമാണ്. ജനിച്ചത് കമ്യൂണിസ്റ്റ് കുടുംബത്തിൽ.
വളർന്നതു കമ്യൂണിസ്റ്റ് പാർട്ടിയുടെ മണ്ണിൽ. എന്നിട്ടും സിപിഎമ്മിനെയും അതിന്റെ രീതികളെയും തന്റെ സിനിമകളിൽ കണക്കറ്റു കളിയാക്കിയിട്ടുണ്ട് ശ്രീനിവാസൻ.
സിപിഎമ്മിനെയും കോൺഗ്രസിനെയുമെല്ലാം അദ്ദേഹം വിമർശിച്ചു.
കണ്ണൂർ ജില്ലയിലെ പാർട്ടി പ്രവർത്തകരുടെയും പ്രാദേശിക നേതാക്കളുടെയും തനിപ്പകർപ്പുള്ള കഥാപാത്രങ്ങളെ അദ്ദേഹത്തിന്റെ സിനിമകളിൽ കാണാം. മട്ടന്നൂർ സ്വദേശികളായ ശ്രീനിവാസന്റെ അമ്മവീട്ടുകാർ കോൺഗ്രസ് ആഭിമുഖ്യമുള്ളവരായിരുന്നു.
പിതാവ് ഉണ്ണിയാകട്ടെ കമ്യൂണിസ്റ്റുകാരനും. വിദ്യാർഥി, യുവജന, കക്ഷിരാഷ്ട്രീയത്തിലൊന്നും അദ്ദേഹമുണ്ടായിരുന്നില്ല.
അതേസമയം, വ്യക്തമായ നിലപാടുകളുണ്ടായിരുന്ന അദ്ദേഹം അതെല്ലാം കഥാപാത്രങ്ങളിലുടെ ജനങ്ങളിലെത്തിച്ചു.
നാട്ടിലെത്തുമ്പോഴെല്ലാം പാട്യം മെമ്മോറിയൽ ക്ലബ്ബിൽ കാരംസ് കളിക്കാനും സുഹൃത്തുക്കൾക്കൊപ്പം ചീട്ടു കളിക്കാനും അദ്ദേഹം സമയം കണ്ടെത്തി. സിപിഎം നേതാക്കളുടെ വീടുകളിൽ നിന്ന് രക്തസാക്ഷികളുണ്ടാകുന്നില്ലെന്നും സാധാരണ പ്രവർത്തകരാണു രക്തസാക്ഷികളാകുന്നതെന്നുമുള്ള ശ്രീനിവാസന്റെ പരാമർശം ഏറെ വിവാദമുയർത്തി.
പിന്നീടും വിമർശനത്തിനു കുറവൊന്നും വരുത്തിയിരുന്നില്ല ശ്രീനിവാസൻ.
ആദ്യനാടകത്തിലെ കയ്യടി
∙ നാടകമായിരുന്നു ശ്രീനിവാസന്റെ ആദ്യത്തെ തട്ടകം. അന്ന് പാട്യം ശ്രീനിയാണ്.
ചെറുപ്പംതൊട്ടേ വായനാശീലമുണ്ടായിരുന്നു. അധ്യാപകനായ അച്ഛൻ ഉണ്ണിയായിരുന്നു ബഷീറിന്റെയും എസ്.കെ.പൊറ്റെക്കാട്ടിന്റെയുമൊക്കെ പുസ്തകങ്ങൾ വായിക്കാൻ കൊടുത്തത്.
നാടകക്കമ്പനക്കാരനായിരുന്ന ജ്യേഷ്ഠൻ രവീന്ദ്രൻ സ്വന്തമായി നാടകം എഴുതി അവതരിപ്പിക്കുമായിരുന്നു. അത് മാതൃകയാക്കി ശ്രീനിയും നാടകമെഴുതി.
ആദ്യത്തെ നാടകമായിരുന്നു കമ്പിയടിച്ച കോരൻ. ആറാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു ഈ നാടകരചന. ഇന്ദിരാഗാന്ധിയുടെ മുദ്രാവാക്യമായിരുന്ന ഗരീബി ഹഠാവോ എന്ന പേരാണ് ആദ്യമായി വേദിയിൽ അവതരിപ്പിച്ച നാടകത്തിന് ശ്രീനിവാസൻ ഇട്ടിരുന്നത്.
കമ്യൂണിസ്റ്റ് പാർട്ടിയുടെ വേദിയിൽതന്നെയായിരുന്നു നാടകം. ശ്രീനിവാസനും ജ്യേഷ്ഠനും ചേർന്നഭിനയിച്ച നാടകം നാട്ടുകാർ ചിരിയോടെയാണ് സ്വീകരിച്ചത്.
നാടകത്തിലൂടെ ശ്രീനിവാസൻ പാർട്ടിക്കെതിരെ എന്തെങ്കിലും ഒപ്പിക്കുമോ എന്നു പേടിച്ച് സ്റ്റേജിൽ കയറും മുൻപ് ലോക്കൽ കമ്മിറ്റിക്കു മുൻപിൽ അവതരിപ്പിക്കണമെന്നു പറഞ്ഞു. എന്നാൽ അങ്ങനെയൊരു ആവശ്യം ശ്രീനിവാസൻ തള്ളി. അന്ന് ഇതേ വേദിയിൽ മറ്റൊരു നാടകം അരങ്ങേറിയിരുന്നു.
വലിയ പണം കൊടുത്തു കൊണ്ടുവന്ന പ്രഫഷനൽ നാടകത്തെ നാട്ടുകാർ കൂകിയോടിച്ചപ്പോൾ ശ്രീനിവാസന്റെ നാടകത്തിന് കയ്യടി കിട്ടി. മട്ടന്നൂർ കോളജിൽ പഠിക്കുമ്പോഴും നാടകത്തിൽ സജീവമായി. കാലിക്കറ്റ് സർവകലാശാല ഇന്റർസോൺ കലോത്സവത്തിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് കൂടുതൽ പ്രചോദനമായി.
സിനിമാ മോഹങ്ങൾക്കിടെ വീണ്ടും നാട്ടിലെത്തി നാടകത്തിൽ സജീവമാകാൻ ശ്രമിച്ചു. തൃക്കരിപ്പൂരിൽ അവതരിപ്പിക്കേണ്ടിയിരുന്ന ‘ആരുടെ സാമ്രാജ്യം’ എന്ന നാടകത്തിന്റെ റിഹേഴ്സൽ ചടങ്ങിലാണ് ശ്രീനിവാസന് പുതിയ സിനിമയിലേക്ക് അവസരം ലഭിക്കുന്നത്.
എന്നാൽ ശ്രീനിവാസൻ പോകാൻ തയാറായില്ല. ഒടുവിൽ കൂട്ടുകാർ നിർബന്ധിച്ച് ട്രെയിൻ ടിക്കറ്റിനു പണം നൽകി യാത്രയയ്ക്കുകയായിരുന്നു.
ആ യാത്ര ചെന്നെത്തിയത് മലയാളത്തിലെ തിരക്കുള്ള തിരക്കഥാകൃത്തിലേക്കും.
വെള്ളരിക്കൃഷികാത്തു; കല പൂത്തു
പാട്യം ∙ കൊയ്തൊഴിഞ്ഞ വയലുകളിൽ വിഷുവിന് മുൻപു വിളവെടുക്കുന്ന വെള്ളരിക്കൃഷിക്ക് രാത്രി കാവലിരിക്കാൻ കെട്ടിയുയർത്തിയ പന്തലുകളും വായനശാലകളുമായിരുന്നു ശ്രീനിവാസന്റെ ചെറുപ്പത്തിലെ കളിയരങ്ങുകൾ. ശ്രീനിവാസനും സഹോദരൻ രവീന്ദ്രനും അവതരിപ്പിക്കുന്ന പരിപാടികൾ നാട്ടുകാർ ആസ്വദിച്ചിരുന്നു.
പത്തായക്കുന്ന് ഗുരുദേവ വിലാസം വായനശാല ആൻഡ് ഗ്രന്ഥാലയത്തിലെ വാർഷികാഘോഷ പരിപാടികളിൽ ജനപ്രിയ കലാകാരനായിരുന്നു ശ്രീനിവാസൻ.
ഓർമയിൽ നാടകചർച്ച
പാട്യം ∙ സ്വന്തം ചുറ്റുപാടുകളും ജീവിതാനുഭവങ്ങളും സിനിമയിൽ ഏറെ പ്രയോജനപ്പെടുത്തിയ ചലചിത്രകാരനാണ് ശ്രീനിവാസനെന്ന് മുൻ എംപി പാട്യം രാജൻ ഓർക്കുന്നു. ശ്രീനിവാസന്റെ കുടുംബവുമായി ഏറെ അടുപ്പം പുലർത്തിയ വ്യക്തിയാണ് പാട്യം രാജൻ.
ശ്രീനിയുടെ പിതാവ് ഉണ്ണി 1943 മുതൽ പാർട്ടിയുടെ വൊളന്റിയർ ആയിരുന്നു. തന്റെ വീടിന് തൊട്ടടുത്തുള്ള വീട്ടിലെ കോണിപ്പടിയുടെ ചാരു ബെഞ്ചിൽ ഇരുന്നാണ് ശ്രീനിവാസനും സഹോദരൻ രവീന്ദ്രനും കേളുക്കുറുപ്പും സുഹൃത്തുക്കളുമെല്ലാം നാടകചർച്ചകളിൽ മുഴുകിയതെന്ന് രാജൻ ഓർക്കുന്നു.
പേനയും സമ്മാനം
പാട്യം ∙ ശ്രീനിവാസൻ ജന്മനാടായ പാട്യത്ത് ഏറ്റവും ഒടുവിൽ എത്തിയത് 8 മാസം മുൻപ്.
പാട്യം വെസ്റ്റ് യുപി സ്കൂളിന്റെ വാർഷികാഘോഷച്ചടങ്ങ് ഉദ്ഘാടനം ചെയ്യാനായിരുന്നു വരവ്. ശ്രീനിവാസന്റെ ഭാര്യ വിമല പഠിച്ച വിദ്യാലയമാണിത്.
കുടുംബസുഹൃത്തായ സ്കൂൾ മാനേജർ കെ.പി.ദീപക്കിന്റെ ക്ഷണപ്രകാരമാണ് ശ്രീനിവാസനും വിമലയും ചടങ്ങിനെത്തിയത്. തന്റെ പിറന്നാളാഘോഷം ഓർത്തുവയ്ക്കാത്തയാളായിരുന്നു ശ്രീനിവാസൻ.
എന്നാൽ ഏപ്രിൽ നാലിന് സ്കൂൾ വാർഷികാഘോഷത്തിന്റെ ഉദ്ഘാടനം കഴിഞ്ഞശേഷം രാത്രി സ്കൂളിൽ കേക്ക് മുറിച്ച് ജന്മദിനാഘോഷം നടത്തി. ഏപ്രിൽ 5ന് ആണ് ശ്രീനിവാസന്റെ ജന്മദിനം.
മധുരവും പേനയും സമ്മാനമായി നൽകിയാണ് അദ്ദേഹം മടങ്ങിയത്.
പ്രേംനസീറിന്റെ വീട്ടുജോലിക്കാരൻ സുന്ദരനാവേണ്ടതുണ്ടോ?
∙ ‘പ്രേം നസീർ സുന്ദരനാണ്.. എന്നുവച്ച് അദ്ദേഹത്തിന്റെ ഡ്രൈവറും വീട്ടുജോലിക്കാരനും സുന്ദരനാകണമെന്നില്ലല്ലോ’ എന്ന ശ്രീനിവാസൻ ഡയലോഗ് സിനിമയിൽ കേട്ടിരിക്കില്ല.
ശ്രീനിവാസൻ തന്നെ പറഞ്ഞ ഡയലോഗാണിത്. അതും മദ്രാസിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ഇന്റർവ്യൂബോർഡിലുള്ളവരോട്. അഭിനയ കോഴ്സിനുള്ള അപേക്ഷയിലെ ഫോട്ടോ കണ്ടപ്പോൾ ചിരി വന്ന ഇന്റർവ്യൂബോർഡ് അംഗങ്ങൾ, അഭിനയം തന്നെ വേണോ എന്നു ചോദിച്ചപ്പോഴായിരുന്നു ഈ മറുചോദ്യം.
ഇത്ര നർമബോധമുള്ള ചെറുപ്പക്കാരൻ സിനിമയിൽ വിജയിക്കുമെന്ന് അന്നവർ ഉറപ്പിച്ചിരിക്കും. അതോടെ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം ഉറപ്പായി.
കാലിക്കറ്റ് സർവകലാശാല ഇന്റർസോൺ കലോത്സവത്തിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പോൾ മട്ടന്നൂർകോളജിലെ അധ്യാപകൻ അപ്പു നമ്പ്യാരാണ് അഭിനയം ഗൗരവമായി എടുക്കാൻ ശ്രീനിവാസനോട് പറഞ്ഞത്.
അക്രമം കണ്ടാൽ…
തലശ്ശേരി ∙ പട്ടണപ്രവേശം സിനിമയിലെ അവസാന രംഗം. സിഐഡി ജോലി പൂർത്തിയാക്കി, വില്ലന്മാരെ തളച്ച് ദാസനും വിജയനും തിരിച്ചു പോകുകയാണ്.
എൻ.എൽ.ബാലകൃഷ്ണൻ അവതരിപ്പിച്ച പക്ഷിനിരീക്ഷകന്റെ കഥാപാത്രം സിഐഡിമാരായ ദാസനോടും വിജയനോടും പറയുന്നു. ‘എന്റെ ഒരു പുസ്തകമുണ്ട്… സാർ അതിന്റെ പ്രകാശന ചടങ്ങിനു വരണം… എന്തായാലും വരണം ’.
ഈ ഡയലോഗ് പറഞ്ഞശേഷം ശ്രീനിവാസന്റെ സൂപ്പർ ഡയലോഗ് ഇങ്ങനെണ്…‘അക്രമം എവിടെയുണ്ടായാലും ഞങ്ങൾ അവിടെ എത്തിയിരിക്കും.’– പ്രേക്ഷകർ ഇന്നും ഓർത്തോർത്തു ചിരിക്കുന്ന ഡയലോഗ്. വർഷങ്ങൾക്കു ശേഷം 2014 ജനുവരി ഒന്നിന് തലശ്ശേരിക്കടുത്ത് ഒരു ക്ലബ്ബിന്റെ വാർഷികാഘോഷ ചടങ്ങ്.
സാഹിത്യപ്രവർത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ച ഒരു നോവലിന്റെ പ്രകാശനവും അവിടെ നടക്കുന്നു. ഉദ്ഘാടകൻ ശ്രീനിവാസൻ.
പുസ്തക പ്രകാശനത്തെക്കുറിച്ചു പറഞ്ഞപ്പോൾ ശ്രീനി വീണ്ടും പറഞ്ഞു. ‘അക്രമം കണ്ടാൽ എത്താതിരിക്കാൻ പറ്റില്ലല്ലോ’– സദസ്സിൽ കൂട്ടച്ചിരി.
സിനിമാ പഠനത്തിന് സഹായിച്ചത് അമ്മാവൻ
കൂത്തുപറമ്പ് ∙ അമ്മാവൻ മാനേജരായ സൗത്ത് പാട്യം യുപി സ്കൂളിലായിരുന്നു ശ്രീനിവാസന്റെ പ്രാഥമിക വിദ്യാഭ്യാസം.
ഹൈസ്കൂൾ വിദ്യാഭ്യാസം കതിരൂർ ഗവ. ഹൈസ്കൂളിൽ.
മട്ടന്നൂർ പഴശ്ശിരാജ എൻഎസ്എസ് കോളജിൽനിന്ന് പ്രീഡിഗ്രിയും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും നേടി. പിന്നെ സിനിമക്കമ്പംമൂത്ത് ചെന്നൈയിലേക്ക്.
അച്ഛൻ എതിർത്തപ്പോഴും അമ്മാവൻ പി.കെ.വിജയനാണ് സിനിമാ പഠനത്തിന് ശ്രീനിവാസനെ സഹായിച്ചത്. പാട്യം ഗോപാലന്റെ നിർദേശാനുസരണമാണ് അടിയന്തരാവസ്ഥക്കാലത്ത് അദ്ദേഹത്തിന്റെ ‘ഗരീബി ഹഠാവോ’ എന്ന ഏകാംഗ നാടകം അവതരിപ്പിച്ചത്.
ശബ്ദവും ശ്രീനി
തലശ്ശേരി ∙ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, അഭിനയം എന്നിവ മാത്രമല്ല നല്ലൊരു ഡബ്ബിങ് ആർട്ടിസ്റ്റു കൂടിയായിരുന്നു ശ്രീനിവാസൻ.
മമ്മൂട്ടിക്കു വേണ്ടിയും തമിഴ് നടൻ ത്യാഗരാജനുവേണ്ടിയും ശബ്ദം നൽകിയിട്ടുണ്ട്. പുല്ലാങ്കുഴൽ എന്ന ചിത്രത്തിൽ വി.സാംബശിവനു ശബ്ദം നൽകിയതും ശ്രീനിവാസനാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

