തിരുവനന്തപുരം ∙ ഒരു ക്യാംപസ് ആരവത്തിന്റെ ചുറുചുറുക്ക് ചോരാതെയാണ് അവർ ഒരുമിച്ചിരുന്നത്. പല പക്ഷത്തായി തിരഞ്ഞെടുപ്പ് അങ്കത്തിനു നിൽക്കുമ്പോഴും, സൗഹൃദത്തിന്റെ കാര്യത്തിൽ നിഷ്പക്ഷമാണെന്നു പറയാൻ കോർപറേഷനിലെ ‘ന്യൂ ജെൻ’ സ്ഥാനാർഥികൾക്ക് മടിയില്ല.
മൂന്നു മുന്നണികളുടെയും യുവ സ്ഥാനാർഥികൾക്കായി ‘മലയാള മനോരമ’ ഒരുക്കിയ ഒത്തുചേരലിൽ പങ്കെടുത്ത്, മനസ്സിൽ തൊട്ട തിരഞ്ഞെടുപ്പ് അനുഭവങ്ങളും കാഴ്ചപ്പാടുകളുമാണ് പങ്കുവച്ചത്.30 വയസ്സിൽ താഴെയുള്ള ഇവരുടെ രാഷ്ട്രീയ–തിരഞ്ഞെടുപ്പ് കാഴ്ചപ്പാടുകളിലും പ്രചാരണത്തിലുമെല്ലാമുണ്ട് ഊർജം നിറയുന്ന പുതു വൈബ്.
രാഷ്ട്രീയം ഒരു ജോലിയാക്കാതെ ജോലിക്കിടെ തന്നെ രാഷ്ട്രീയ പ്രവർത്തനത്തിനിറങ്ങിയവരാണ് ഭൂരിപക്ഷം പേരും.
ജനമനസ്സ് തൊടുന്ന കെമിസ്ട്രി
നിലവിൽ കൗൺസിലറായ ബിജെപി സ്ഥാനാർഥി നന്ദ ഭാർഗവ് ആദ്യമേ അനുഭവം വ്യക്തമാക്കി. ‘തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാൽ പിന്നെ ജീവിതം നാട്ടുകാർക്കു വേണ്ടിയാകും.
എന്തിനും ഏതിനും സമയം നോക്കാതെ അവർ വിളിക്കുന്നതും സമീപിക്കുന്നതും കൗൺസിലറെയാകും. പക്ഷഭേദമില്ലാതെ കാര്യങ്ങൾ ചെയ്യേണ്ടിവരും.
എന്നാലും എല്ലാവരെയും തൃപ്തിപ്പെടുത്താനാകില്ല. ’പ്രചാരണത്തിന് പോകുമ്പോൾ നിലവിലെ കൗൺസിലർ എന്തു ചെയ്തു, ചെയ്തില്ല എന്നതനുസരിച്ചാണ് വോട്ടർമാരുടെ പ്രധാന പ്രതികരണമെന്ന് ഗൗരീശപട്ടത്തെ സിപിഎം സ്ഥാനാർഥി സി.പാർവതിയും പട്ടത്തെ കോൺഗ്രസ് സ്ഥാനാർഥി പി.രേഷ്മയും സാക്ഷ്യപ്പെടുത്തി.
മത്സരിക്കുന്ന വാർഡിലെ നിലവിലെ കൗൺസിലർമാരുടെ പ്രവർത്തനം വിലയിരുത്തവേ, തിരുമലയിലെ സിപിഎം സ്ഥാനാർഥി പി.എസ്.ഗംഗ വാർഡിലെ കൗൺസിലറായിരുന്ന ആത്മഹത്യ ചെയ്ത ബിജെപി നേതാവ് തിരുമല അനിലിനോടുള്ള മതിപ്പ് മറച്ചുവച്ചില്ല.
‘അദ്ദേഹം രാഷ്ട്രീയം നോക്കാതെ നല്ല പ്രവർത്തനം നടത്തിയിട്ടുണ്ട്. അതുകൊണ്ടാണ് ആ മരണം നാട്ടുകാർക്കു വലിയ ഷോക്കായത്’– ഗംഗ പറഞ്ഞു.മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ വീട്ടിൽ വോട്ട് ചോദിക്കാൻ പോയ അനുഭവം പങ്കുവച്ച കുന്നുകുഴിയിലെ ബിജെപി സ്ഥാനാർഥി എസ്.എസ്.കാവ്യ പറഞ്ഞത് ‘വോട്ട് കിട്ടില്ലെങ്കിലും അനുഗ്രഹം വേണമെന്ന് അദ്ദേഹത്തിന്റെ ഭാര്യ വസുമതിയോട് അഭ്യർഥിച്ചുവെന്നാണ്’.
ആദ്യമേ വോട്ടും അനുഗ്രഹവും ചോദിക്കുന്നതിനു പകരം അവരോട് സംസാരിച്ച് പറയാനുള്ളതു ക്ഷമയോടെ കേൾക്കുക എന്നതാണ് പ്രചാരണ രീതിയെന്ന് ആറ്റുകാലിലെ ബിജെപി സ്ഥാനാർഥി എസ്.എസ്.ശ്രുതി.
നിലവിലെ പ്രശ്നങ്ങൾ പറഞ്ഞ് ആളുകൾ ക്ഷുഭിതരാകുന്ന അനുഭവവുമുണ്ടെന്ന് വോട്ടർപട്ടികയിൽ നിന്നു പേര് വെട്ടിയ വിവാദത്തിലൂടെ ശ്രദ്ധേയയായ മുട്ടടയിലെ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷും പൂജപ്പുരയിലെ സിപിഐ സ്ഥാനാർഥി എസ്.എസ്.ആർച്ചയും പറഞ്ഞു.ആരു വന്നാലും ഒന്നും ചെയ്യില്ലെന്നു പറഞ്ഞു ചൂടായ ഒരു മാമൻ എന്റെ വോട്ട് വെട്ടൽ സംഭവത്തിനു ശേഷം ഫോൺ നമ്പർ സംഘടിപ്പിച്ച് വിളിച്ച് ആശ്വസിപ്പിച്ചതും പിന്തുണ അറിയിച്ചതും മറക്കാനാകാത്ത അനുഭവമാണെന്ന് വൈഷ്ണ. സമാനമായി തന്നെ വീട്ടിലെത്തിയപ്പോൾ പരാതികൾ പറഞ്ഞ് ചൂടായ ഗൃഹനാഥൻ പിന്നീട് നിങ്ങളെപ്പോലുള്ള കുട്ടികൾ വരണമെന്ന് പറഞ്ഞ അനുഭവം ആർച്ചയും പങ്കുവച്ചു.
രാവിലെയും വൈകിട്ടുമാണ് പ്രധാനമായും ഗൃഹസന്ദർശനമെന്നു സ്ഥാനാർഥികൾ.
റീലും എഐയും
സമൂഹ മാധ്യമങ്ങളുടെ വലിയ സ്വാധീനം പ്രചാരണത്തിലുണ്ടെന്ന് എല്ലാവരും ഒരുപോലെ സാക്ഷ്യപ്പെടുത്തി. റീലുകളൊക്കെ പെട്ടെന്ന് ശ്രദ്ധിക്കപ്പെടും.
പക്ഷേ അതുകൊണ്ടു തന്നെ വീടുകളിലെത്തുമ്പോൾ പരിചയപ്പെടുത്താതെ തിരിച്ചറിയുന്നുണ്ടെന്ന് ശ്രുതിയും വൈഷ്ണയും ആർച്ചയും കാവ്യയും നന്ദയും പറഞ്ഞു.എഐ സാങ്കേതികവിദ്യയുടെ കാലമായതിനാൽ ഒരു ഡ്രസ് ധരിച്ച് എടുത്ത ഫോട്ടോ പോസ്റ്ററിൽ പല നിറത്തിലുള്ള ഡ്രസ്സിലും പോസിലും വരുന്നതിലെ രസകരമായ അനുഭവമാണ് ഗംഗയും പാർവതിയും പങ്കുവച്ചത്. ഫോട്ടോയിൽ കണ്ട
ആളല്ലല്ലോ എന്ന് പലരും നേരിട്ട് കാണുമ്പോൾ പറയാറുണ്ടെന്നും പോസ്റ്റർ കാണുമ്പോൾ തനിക്കു പോലും അങ്ങനെ തോന്നാറുണ്ടെന്നും ഗംഗ പറഞ്ഞത് ചിരി പടർത്തി.
വോട്ട് വെട്ടൽ വിവാദമുണ്ടായപ്പോൾ ലഭിച്ച മാധ്യമശ്രദ്ധ മൂലം പിന്നെ പരിചയപ്പെടുത്തലിന്റെ ആവശ്യമുണ്ടായിട്ടില്ലെന്ന് വൈഷ്ണ പറഞ്ഞപ്പോൾ തങ്ങളുടെ വാർഡിൽ പോലും വൈഷ്ണയെക്കുറിച്ച് ചോദിക്കുന്നുണ്ടെന്നായി രേഷ്മ.ചെറുപ്പക്കാരിൽ ഭൂരിപക്ഷവും നാട്ടിലില്ലാത്തതിനാൽ ഫോണിൽ വിളിച്ചും സമൂഹമാധ്യമം വഴിയുമൊക്കെ വോട്ട് അഭ്യർഥിക്കുകയാണെന്ന് സ്ഥാനാർഥികൾ. പക്ഷേ പലർക്കും രാഷ്ട്രീയത്തിലോ വോട്ട് ചെയ്യുന്നതിനോ താൽപര്യമില്ലെന്നും ഇവർ വ്യക്തമാക്കുന്നു.
നാട്ടിൽ വന്ന് വോട്ട് ചെയ്യാൻ വിമാന ടിക്കറ്റ് വരെ ചോദിക്കുന്നവരുണ്ടെന്ന് നന്ദ.
വലച്ച് എസ്ഐആർ
സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) പ്രശ്നങ്ങളും സ്ഥാനാർഥികൾ ചൂണ്ടിക്കാട്ടി. പട്ടികയിലെ 25 മുതൽ 40% വരെ വോട്ടർമാരെ കണ്ടെത്താനാവാത്ത അവസ്ഥയാണെന്നും ഒരു വീട്ടിലെ വോട്ടർമാർ പല വാർഡിലാവുകയും സ്ഥിരമായി വോട്ട് ചെയ്യുന്നവർക്ക് വോട്ട് നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടെന്നും ഇവർ വ്യക്തമാക്കി.
നിറയുന്നത് ചുറ്റുവട്ട
രാഷ്ട്രീയം
കേരളം മൊത്തത്തിൽ ചർച്ച ചെയ്യുന്ന വലിയ രാഷ്ട്രീയ വിവാദങ്ങളൊന്നും വോട്ട് തേടി പോകുമ്പോൾ ആളുകൾ തങ്ങളോട് ചർച്ച ചെയ്യാറില്ലെന്നാണ് ഇവരുടെ അനുഭവം. സ്വന്തം ജീവിത പ്രശ്നങ്ങളും ചുറ്റുവട്ടത്തെ പ്രശ്നങ്ങളുമാണ് മുഖ്യമായും പറയുക.
പത്രം വായിച്ചും ടിവി കണ്ടുമെല്ലാം പൊതു വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നവരുമുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

