കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയ നടപടിയെ സ്വാഗതം ചെയ്ത് കെപിസിസി സംസ്കാര സാഹിതി ജനറൽ സെക്രട്ടറി എം എ ഷഹനാസ്. സ്ത്രീകൾക്കൊപ്പം നിൽക്കുന്ന കോൺഗ്രസിൻ്റെ ശക്തമായ നിലപാടിൽ അഭിമാനമുണ്ടെന്ന് അവർ ഫേസ്ബുക്കിൽ കുറിച്ചു.
മുൻപ് തന്നെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് നീക്കം ചെയ്തയാൾ ഇപ്പോൾ തിരിച്ചെടുത്തതായും അവർ വ്യക്തമാക്കി. “പുറത്താക്കി കോൺഗ്രസ്.
എന്നെയല്ല, രാഹുൽ മാങ്കൂട്ടത്തിനെ. എന്നെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് റിമൂവ് ചെയ്ത വ്യക്തി തന്നെ തിരിച്ച് എടുത്തിട്ടുണ്ട്.
ഈ നിമിഷവും ഞാൻ കോൺഗ്രസിന് അകത്ത് തന്നെയാണ്. സ്ത്രീകൾക്കൊപ്പം കോൺഗ്രസ് നിൽക്കുന്ന ഈ ശക്തമായ നിലപാട് അഭിമാനം ഉണ്ടാക്കുന്നു,” ഷഹനാസ് ഫേസ്ബുക്കിൽ കുറിച്ചു.
രാഹുലിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഷഹനാസ് മഹിളാ കോൺഗ്രസിൽ പ്രവർത്തിക്കുന്ന അമ്മയുടെ പ്രായമുള്ളവർക്ക് പോലും രാഹുൽ മാങ്കൂട്ടത്തിൽ നിന്ന് മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ഷഹനാസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. രാഹുലിനെതിരെ പരാതിപ്പെട്ടപ്പോൾ ഷാഫി പറമ്പിൽ എംപി പുലർത്തിയ മൗനം പരിഹാസജനകമായിരുന്നുവെന്നും അവർ ആരോപിച്ചു.
താൻ ഉന്നയിച്ച ആരോപണങ്ങൾ കളവാണെന്ന് ഷാഫി പറമ്പിൽ വ്യക്തമാക്കിയാൽ, അതിൻ്റെ തെളിവുകൾ പുറത്തുവിടുമെന്നും പാർട്ടി നടപടിയെയോ സൈബർ ആക്രമണങ്ങളെയോ ഭയക്കുന്നില്ലെന്നും ഷഹനാസ് വ്യക്തമാക്കിയിരുന്നു. തനിക്കുണ്ടായ ദുരനുഭവവും വെളിപ്പെടുത്തി കർഷക സമരത്തിൽ പങ്കെടുത്ത് ഡൽഹിയിൽ നിന്ന് മടങ്ങിയെത്തിയപ്പോഴാണ് രാഹുൽ മാങ്കൂട്ടത്തിൽ തനിക്ക് മോശം സന്ദേശം അയച്ചതെന്ന് ഷഹനാസ് പറഞ്ഞു.
“ഡൽഹിയിൽ നമുക്ക് ഒരുമിച്ച് പോകാമായിരുന്നല്ലോ” എന്നായിരുന്നു സന്ദേശമെന്നും, ഇക്കാര്യം ഷാഫി പറമ്പിലിനെ അറിയിച്ചിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. സ്ത്രീകൾക്കെതിരെ നിരന്തരം പരാതികൾ ഉയർന്ന രാഹുലിനെപ്പോലൊരാളെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന് താൻ ആവശ്യപ്പെട്ടിരുന്നു.
ഇക്കാര്യം ഷാഫി നിഷേധിക്കുകയാണെങ്കിൽ കൂടുതൽ തെളിവുകൾ പുറത്തുവിടും. ഷാഫി പ്രസിഡൻ്റായിരുന്ന കാലത്ത് സംഘടനയിൽ സ്ത്രീകൾക്ക് പ്രവർത്തന സ്വാതന്ത്ര്യം കുറവായിരുന്നുവെന്നും രാഹുലിനെതിരെ നിരവധി പരാതികൾ ലഭിച്ചിട്ടും നടപടിയുണ്ടായില്ലെന്നും ഷഹനാസ് കുറ്റപ്പെടുത്തി.
കോൺഗ്രസിൽ ഇനിയും സ്ത്രീകൾക്ക് സുരക്ഷിതമായി പ്രവർത്തിക്കേണ്ടതുണ്ട്. അതിനാലാണ് ഇപ്പോൾ എല്ലാം തുറന്നുപറയുന്നത്.
രാഹുലിനെപ്പോലുള്ളവരാണ് പാർട്ടിയുടെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കുന്നത്. ഒരു സ്ത്രീയെന്ന നിലയിൽ തൻ്റെ പരാതിക്ക് അന്ന് പരിഗണന ലഭിച്ചിരുന്നെങ്കിൽ ഇന്നത്തെ ഈ സാഹചര്യം ഒഴിവാക്കാമായിരുന്നുവെന്നും എം എ ഷഹനാസ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

