കൊല്ലം ജില്ലയിലെ നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് ഗൗതം കൃഷ്ണയെ (26) കാണാതായി ഏഴു ദിവസങ്ങൾ പിന്നിടുമ്പോഴും അന്വേഷണം ഊർജിതമാക്കാത്തതിൽ പ്രതിഷേധിച്ച് മാതാവ് രേഷ്മ കോസ്റ്റൽ പൊലീസ് സ്റ്റേഷനു മുന്നിൽ സത്യഗ്രഹ സമരം ആരംഭിച്ചു. തനിക്ക് നീതി ലഭിച്ചില്ലെങ്കിൽ സമരത്തിൽ നിന്ന് പിന്മാറില്ലെന്നും വെള്ളം പോലും കുടിക്കില്ലെന്നും വ്യക്തമാക്കി അവർ സ്റ്റേഷന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്.
സംഭവത്തെ തുടർന്ന് രേഷ്മയുമായി കൊല്ലം എസിപി ചർച്ചകൾ നടത്തിവരികയാണ്. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണ് കടലിൽ മീൻപിടിക്കുന്നതിനിടെ ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിഞ്ഞത്.
ഈ അപകടത്തിൽ ഗൗതം കൃഷ്ണയുടെ പിതാവ് രാധാകൃഷ്ണൻ (46), മുത്തച്ഛൻ പുത്തൻതുറ പൂമുഖം വീട്ടിൽ യു. രാജീവൻ (74) എന്നിവർ മരണപ്പെട്ടിരുന്നു.
പുത്തൻതുറയിലെ വീട് വിറ്റുകിട്ടിയ തുകയും കടം വാങ്ങിയുമാണ് 25 ലക്ഷത്തിലധികം രൂപ ചെലവഴിച്ച് ആറുമാസം മുൻപ് രാധാകൃഷ്ണനും രേഷ്മയും ചേർന്ന് മകൻ ഗൗതം കൃഷ്ണയുടെ പേരിൽ പുതിയ വള്ളവും വലയും വാങ്ങിയത്. തുടർന്ന് ഇവർ താമസം പുത്തൻതുറ പൂമുഖം വീട്ടിലേക്ക് മാറ്റുകയായിരുന്നു.
അതിഥിത്തൊഴിലാളികൾ ഉൾപ്പെടെ 14 പേരാണ് അപകടം നടന്ന സമയത്ത് വള്ളത്തിലുണ്ടായിരുന്നത്. അപകടസ്ഥലത്തു വെച്ചുതന്നെ രാജീവൻ മരണപ്പെട്ടിരുന്നു.
രാധാകൃഷ്ണന്റെ മൃതദേഹം ശനിയാഴ്ച പുലർച്ചെയോടെയാണ് കണ്ടെടുത്തത്. തുടർന്ന് ഇരുവരുടെയും സംസ്കാര ചടങ്ങുകൾ ഞായറാഴ്ച വീട്ടുവളപ്പിൽ നടന്നു.
എന്നാൽ ഗൗതം കൃഷ്ണയ്ക്ക് വേണ്ടിയുള്ള തെരച്ചിൽ വെറും പ്രഹസനമായാണ് നടക്കുന്നതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ആരോപിക്കുന്നു. ഒരു മത്സ്യത്തൊഴിലാളി കുടുംബത്തിലെ മൂന്ന് പേർ അപകടത്തിൽപ്പെട്ടിട്ടും ഉത്തരവാദപ്പെട്ട
ആരും ബന്ധുക്കളെ ഫോണിൽ വിളിച്ചോ നേരിട്ടോ ആശ്വസിപ്പിക്കാൻ തയ്യാറായില്ലെന്നും ഇവർ കുറ്റപ്പെടുത്തുന്നു. ‘‘ഒരാഴ്ച പിന്നിട്ടിട്ടും ഞങ്ങളുടെ പ്രിയപ്പെട്ട
മകനെ കണ്ടെത്താൻ കഴിയാത്തതിൽ വളരെ ദുഃഖത്തിലാണ്. തിരച്ചിൽ കാര്യക്ഷമമല്ലെന്നുതന്നെ പറയാം.
സഹായത്തേക്കാൾ ഉപരി ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ടവർ ഫോണിൽപോലും ഞങ്ങളെ വിളിച്ചു വിവരം തിരക്കുകയോ ആശ്വാസവാക്കു പറയുകയോ ചെയ്തിട്ടില്ല. കൊച്ചിയിൽനിന്നു നേവിയുടെ മുങ്ങൽ വിദഗ്ധരെ എത്തിച്ചു തിരച്ചിൽ നടത്തുമെന്നു പറയുന്നതല്ലാതെ മറ്റൊരു വിവരങ്ങളും ഇല്ല.
പേരിനു മാത്രമുള്ള തിരച്ചിൽ ആണു നടത്തുന്നത്. ഞങ്ങൾക്കു നഷ്ടമായതു മൂന്നുപേരെയാണ്.
എല്ലാവരും വീടിന്റെ അത്താണികളായിരുന്നു. 14 പേരടങ്ങുന്ന കുടുംബത്തിന്റെ ഉപജീവനമാണ് അപകടത്തിലൂടെ നഷ്ടമായത്.
അപകടത്തിനുശേഷം ആരും കടലിലേക്കു പോയിട്ടില്ല. പോകാനുള്ള മാനസികാവസ്ഥ ആർക്കും ഇല്ല.
വീടും നേരത്തേ ഉണ്ടായിരുന്ന വള്ളവും വിറ്റും കടം വാങ്ങിയുമാണ് 25 ലക്ഷത്തിലധികം രൂപ ചെലവിട്ട് 6 മാസത്തിനു മുൻപ് വള്ളം വാങ്ങിയത്. നേവിയുടെ ഹെലികോപ്റ്റർ ആകാശ നിരീക്ഷണം മാത്രമാണു നടത്തിയത്.
ഇന്നലെ തോട്ടപ്പള്ളിക്കു സമീപം ഉൾക്കടലിൽ മൃതദേഹം കണ്ടതായി മത്സ്യത്തൊഴിലാളികൾ പറയുന്നുണ്ട്’’– അപകടത്തിൽ മരിച്ച യു.രാജീവന്റെ മകൻ രഞ്ജിത്ത് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

