കണ്ണൂർ∙ മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ 300 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കുമ്പോൾ കണ്ണൂർ നഗരം ഉൾപ്പെടുന്ന മണ്ഡലത്തിൽ അതു നാമമാത്ര സംഖ്യയിലൊതുങ്ങുന്നുവെന്ന് മുൻ മേയറും കോൺഗ്രസ് നേതാവുമായ ടി.ഒ.മോഹനൻ. വികസനത്തിൽ എൽഡിഎഫിലെ 19 കൗൺസിലർമാരോടു ഭരണസമിതിക്കു ശത്രുതാ മനോേഭാവമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എം.പ്രകാശൻ.
കേന്ദ്ര സർക്കാരിന്റെ പണം കൊണ്ടല്ലാതെ എന്തുവികസനമാണ് ഇവിടെ ഉണ്ടായതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ.വിനോദ് കുമാർ. വികസനത്തിൽ കൊമ്പുകോർത്ത് യുഡിഎഫ്–എൽഡിഎഫ്–എൻഡിഎ നേതാക്കൾ.
കണ്ണൂർ പ്രസ് ക്ലബ്ബിന്റെ ‘തദ്ദേശം 25 ’ സംവാദത്തിലാണ് മൂന്നു നേതാക്കളും നിലപാടു വ്യക്തമാക്കിയത്. പ്രസ് ക്ലബ് ഭാരവാഹികളായ അനു മേരി ജേക്കബ്, കബീർ കണ്ണാടിപ്പറമ്പ്, കെ.സതീശൻ എന്നിവർ ചർച്ച നിയന്ത്രിച്ചു.
എം.പ്രകാശൻ
വികസനം, ജനക്ഷേമം എന്നിവയിൽ സംസ്ഥാന സർക്കാർ ഉണ്ടാക്കിയ നേട്ടമാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ ചർച്ചയാകുന്നത്.
കോർപറേഷനിൽ എൽഡിഎഫിലെ 19 കൗൺസിലർമാരോട് വിവേചനവും ശത്രുതാമനോഭാവവുമാണ് ഭരണസമിതിക്ക്. വികസനമെന്നു പറയാൻ കോർപറേഷനിൽ ഒന്നും ഉണ്ടായിട്ടില്ല. ചൂണ്ടിക്കാട്ടാൻ ഒരു പദ്ധതിയുമില്ല. മറ്റെല്ലാ കോർപറേഷനിലും മാലിന്യ പ്രശ്നം പരിഹരിച്ചെങ്കിൽ കണ്ണൂരിലെ ചേലോറയിലെ മാലിന്യം കെട്ടിക്കിടക്കുകയാണ്.
1.77 കോടി രൂപയാണ് അവിടെ തട്ടിപ്പു നടത്തിയത്. സംസ്ഥാന പദ്ധതികളോടൊന്നും കോർപറേഷൻ സഹകരിക്കുന്നില്ല. വാതിൽപ്പടി സേവനം, മത്സ്യത്തൊഴിലാളികൾക്കു പുനർഗേഹം, സ്ഥലമില്ലാത്തവർക്കു സ്ഥലവും വീട് എന്നിവയൊന്നും ഇവിടെ നടപ്പാക്കുന്നില്ല.
ടി.ഒ.മോഹനൻ
10 വർഷത്തിൽ 3.45 വർഷം എൽഡിഎഫാണു ഭരിച്ചത്.
എന്തു ചെയ്തെന്ന് അവർ ആത്മപരിശോധന നടത്തണം. കണ്ണൂർ നഗരത്തിന്റെ വികസനത്തിന് എൽഡിഎഫ് സർക്കാർ ഒന്നും ചെയ്യുന്നില്ല. മേൽപാലം റോഡ് നഗരത്തിലെ മക്കാനി മുതൽ ചേംബർ ഹാൾ വരെ മാത്രമാക്കുന്നതിനെതിരെയാണ് യുഡിഎഫ് സമരം ചെയ്തത്. വനിതാ കോളജ് മുതൽ കണ്ണോത്തുംചാൽ വരെ വേണമെന്നാണ് യുഡിഎഫ് ആവശ്യപ്പെട്ടത്. മൾട്ടി ലവൽ കാർ പാർക്കിങ്ങിനെതിരെ അനാവശ്യ ആക്ഷേപം ഉന്നയിക്കുകയാണ്.
100 കാർ വരെ കഴിഞ്ഞദിവസം പാർക്ക് ചെയ്തു. ആവശ്യപ്പെട്ടവർക്കെല്ലാം ശുദ്ധജല കണക്ഷൻ നൽകിയ ആദ്യത്തെ കോർപറേഷനാണ് കണ്ണൂർ.
കെ.കെ.വിനോദ് കുമാർ
കേന്ദ്രത്തിന്റെ പണം കൊണ്ടല്ലാതെ, സംസ്ഥാനത്തിന്റെ പണംകൊണ്ട് എന്തു വികസനമണ് ഇവിടെ നടന്നത്? വികസനമല്ല, കള്ളന്മാരെ സംരക്ഷിക്കലാണ് ഇവിടെ നടക്കുന്നത്.
25 കൊല്ലം കൊണ്ട് ഉണ്ടാകേണ്ട മേയർമാർ 10 കൊല്ലം കൊണ്ട് ഇവിടെയുണ്ടായി; 5 മേയർമാർ. വികസനം യാഥാർഥ്യമാകാത്തതിന് ഉത്തരവാദികൾ മാറിമാറി വന്ന ജനപ്രതിനിധികളാണ്. നഗരത്തിൽ 10 കിലോമീറ്റർ സഞ്ചരിക്കാൻ ഒരു മണിക്കൂർ വേണം. പൊട്ടിപ്പൊളിഞ്ഞ റോഡുകളാണ് എവിടെയും.
പയ്യാമ്പലം ശ്മശാനത്തിലെ ദയനീയാവസ്ഥ കണ്ടാൽ മൃതദേഹം പോലും എഴുന്നേറ്റോടും. യുഡിഎഫും എൽഡിഎഫും പരസ്പരം പാരവയ്ക്കുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

