ഇരിട്ടി: കൂട്ടുപുഴ ചെക്ക്പോസ്റ്റിൽ പൊലീസിൻ്റെ പരിശോധന വെട്ടിച്ച് കടന്നുകളയാൻ ശ്രമിച്ച കൊടുംക്രിമിനലുകൾ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി പിടിയിലായി. കൊളച്ചേരി സ്വദേശി നിസാർ (35), ഷമീം (ചാണ്ടി ഷമീം-45) എന്നിവരാണ് കർശന പരിശോധനയ്ക്കൊടുവിൽ അറസ്റ്റിലായത്.
കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഉമേഷ് ഗോയൽ ഐപിഎസിൻ്റെ ഡാൻസാഫ് ടീമും ഇരിട്ടി ഇൻസ്പെക്ടർ സിജിത്ത് വിയുടെ നേതൃത്വത്തിലുള്ള പൊലീസുമാണ് സംയുക്തമായി ഈ നടപടി സ്വീകരിച്ചത്. സംഭവത്തിൻ്റെ പശ്ചാത്തലം ഇങ്ങനെ: ഓഗസ്റ്റ് ഏഴിന് കൂട്ടുപുഴ ചെക്ക്പോസ്റ്റിൽ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് കർണാടക രജിസ്ട്രേഷനിലുള്ള കാർ എത്തിയത്.
വാഹനം നിർത്താൻ പൊലീസ് സിഗ്നൽ നൽകിയെങ്കിലും ഇത് വകവെയ്ക്കാതെ ഉദ്യോഗസ്ഥരെ വെട്ടിച്ച് വാഹനം അമിത വേഗതയിൽ മുന്നോട്ട് പായിക്കുകയാണുണ്ടായത്. തുടർന്ന് വിവരം ഉടനടി കൺട്രോൾ റൂമിൽ കൈമാറുകയും, ഇരിട്ടി പൊലീസും ഡാൻസാഫ് ടീമും ചേർന്ന് വാഹനം പിന്തുടർന്ന് വ്യാപക തെരച്ചിൽ ആരംഭിക്കുകയും ചെയ്തു.
തുടർന്ന് വള്ളിത്തോട് കുന്നോത്ത് പറമ്പിലെ വിജനമായ ഒരു സ്ഥലത്ത് വാഹനം നിർത്തിയിട്ട നിലയിൽ അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു.
വാഹനം എന്തുകൊണ്ടാണ് നിർത്താതെ പോയതെന്ന് ചോദ്യം ചെയ്തപ്പോൾ വർക്ക് ഷോപ്പിലേക്ക് പോകുകയാണെന്നായിരുന്നു പ്രതികളുടെ മറുപടി. പ്രാഥമിക പരിശോധനയിൽ ഇവരിൽ നിന്ന് സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
എന്നാൽ, പ്രതികളുടെ മുൻകാല ക്രിമിനൽ പശ്ചാത്തലം പരിശോധിച്ചപ്പോഴാണ് ഇവർ സാധാരണ കുറ്റവാളികളല്ലെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. വധശ്രമം, കയ്യേറ്റം, തീവെപ്പ് തുടങ്ങി നിരവധി ഗുരുതര കുറ്റകൃത്യങ്ങളിൽ പങ്കുള്ള കൊടും കുറ്റവാളിയാണ് നിസാർ എന്ന് അന്വേഷണത്തിൽ വ്യക്തമായി.
വളപട്ടണം പൊലീസ് സ്റ്റേഷനിൽ മാത്രം 13 കേസുകളും, പഴയങ്ങാടി, കണ്ണൂർ ടൗൺ, നാദാപുരം സ്റ്റേഷനുകളിലും ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. മറ്റൊരു പ്രതിയായ ഷമീം, വളപട്ടണം സ്റ്റേഷനിൽ അതിക്രമിച്ച് കയറി തൊണ്ടിമുതലായ നാലോളം വാഹനങ്ങൾ കത്തിച്ച കേസ്, വധശ്രമക്കേസ്, നാദാപുരം എസ്ഐയെ ഭീഷണിപ്പെടുത്തിയതും കയ്യേറ്റം ചെയ്തതുമായ സംഭവങ്ങൾ ഉൾപ്പെടെ 16-ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
പ്രതികളുടെ അപകടകരമായ പശ്ചാത്തലം ബോധ്യപ്പെട്ടതോടെ പൊലീസ് വാഹനം കൂടുതൽ വിശദമായി പരിശോധിക്കാൻ തീരുമാനിച്ചു. തുടർന്ന് ക്രെയിൻ സഹായത്തോടെ കാർ ഉയർത്തി അടിഭാഗം പരിശോധിച്ചപ്പോഴാണ് പൊലീസിനെപ്പോലും അമ്പരപ്പിച്ച വിദ്യ പുറത്തുവന്നത്.
കാറിൻ്റെ ചേസിസിനടിയിൽ ആരുടെ കണ്ണിലും പെടാത്തവിധം അതീവ രഹസ്യമായാണ് ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത്. മൾട്ടി ലെയർ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ മാരക ലഹരിമരുന്നായ എംഡിഎംഎ, കാറിൻ്റെ അടിഭാഗത്തെ ഇരുമ്പ് ഭാഗത്ത് അതിശക്തമായി ഒട്ടിപ്പിടിക്കുന്ന നിയോഡീമിയം കാന്തങ്ങൾ ഉപയോഗിച്ച് പ്രത്യേക ബോക്സിനുള്ളിൽ ഒളിപ്പിക്കുകയായിരുന്നു.
പ്രതികളുടെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തുകയും ഉപയോഗിച്ച വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. ഈ ലഹരിക്കടത്തിന് പിന്നിൽ പ്രവർത്തിക്കുന്ന വലിയൊരു ശൃംഖലയെക്കുറിച്ചുള്ള അന്വേഷണം ഊർജിതമാക്കിയതായി ഇരിട്ടി പോലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

