കൊല്ലം∙ ബൈക്കിടിച്ച് കാൽനടയാത്രക്കാരനായ ഇതര സംസ്ഥാന തൊഴിലാളിയും ബൈക്ക് ഒാടിച്ച യുവാവും മരിച്ചു. അപകടത്തിൽ കാൽനടയാത്രക്കാരനായ മറ്റൊരു യുവാവിനും ഗുരുതരമായി പരുക്കേറ്റു.
ഗുരുതരമായി പരുക്കേറ്റ ബൈക്ക് യാത്രികന് ചികിത്സ നൽകുന്നതിൽ കാലതാമസം വരുത്തിയെന്ന് ആരോപിച്ച് ചിലർ ജില്ലാ ആശുപത്രിയിൽ സംഘർഷം ഉണ്ടാക്കി. ബൈക്ക് ഒാടിച്ച രാമൻകുളങ്ങര കാളിച്ചേഴികത്ത് വീട്ടിൽ അയ്യപ്പന്റെ മകൻ അനൂപ്(32), കാൽനട
യാത്രക്കാരൻ ബംഗാൾ സ്വദേശി ഗോബിന്ദ ദാസ്(42) എന്നിവരാണ് മരിച്ചത്. ഗോബിന്ദ ദാസിനൊപ്പം നടന്നു വന്ന ജഗനാണ് ഗുരുതരമായി പരുക്കേറ്റത്.
ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 8ന് ശക്തികുളങ്ങര മുക്കാട് ഭാഗത്ത് സർവീസ് റോഡിലാണ് അപകടം.
അനൂപ് ഒാടിച്ച ബൈക്ക് മറ്റൊരു വാഹനത്തിൽ ഉരസിയ ശേഷം നിയന്ത്രണം തെറ്റി കാൽനടയാത്രക്കാരായ ഗോബിന്ദ ദാസിനെയും ജഗനെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ബൈക്ക് സമീപത്തു നിന്ന ഇരുമ്പ് വൈദ്യുത തൂണിലേക്ക് ഇടിച്ചു കയറി. തൂണിൽ തലയിടിച്ച് അനുപിനു ഗുരുതരമായി പരുക്കേറ്റു. നാട്ടുകാരും, സ്ഥലത്തെത്തിയ അനൂപിന്റെ സുഹൃത്തുക്കളും ചേർന്ന് പരുക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനൂപിന് ചികിത്സ നൽകാൻ ആശുപത്രി അധികൃതർ വൈകുന്നെന്ന് ആരോപിച്ച് സംഘർഷം ഉണ്ടായി. അത്യാഹിത വിഭാഗത്തിലെ ഗ്ലാസ് ഡോർ ചിലർ അടിച്ചു തകർത്തു. ചില്ല് തെറിച്ചു വീണ് ആശുപത്രി സുരക്ഷാ ജീവനക്കാരി ഷീലകുമാരി(58)യുടെ മുഖത്ത് പരുക്കേറ്റു.
പിന്നീട് സുഹൃത്തുക്കൾ അനൂപിനെ നഗരത്തിലെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടു പോയി.
അവിടെ എത്തിച്ചപ്പോഴേക്കും മരിച്ചു എന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്. തുടർന്ന് അനൂപിന്റെ കൂടുതൽ സുഹൃത്തുക്കളും നാട്ടുകാരും സ്വകാര്യ ആശുപത്രിയിലും തടിച്ചു കൂടി.
കൊല്ലം എസിപി എസ്.ഷെരീഫിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘവും സ്ഥലത്ത് എത്തി. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്കു വിട്ടു കൊടുക്കും.
അനൂപിന്റെ അമ്മ: അനിത. സഹോദരി: ആരതി.
മരിച്ച ഗോബിന്ദ ദാസ് മത്സ്യബന്ധന ബോട്ടിലെ തൊഴിലാളിയാണ്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

