ഹോർത്തൂസ് വേദിയായ സുഭാഷ് പാർക്ക് ഇന്നലെ ഒരുനിമിഷം കൊൽക്കത്ത സോൾട്ട് ലേക്ക് സ്റ്റേഡിയമായി. വർഷങ്ങൾക്കു മുൻപ് കൊൽക്കത്ത മോഹൻ ബഗാൻ ക്ലബ് താരങ്ങളായിരിക്കെ പന്തുകൊണ്ടു കവിത എഴുതിയ ഐ.എം.വിജയനും ജോപോൾ അഞ്ചേരിയും പന്തു തട്ടി.
ആർപ്പു വിളിച്ച് ആരാധകർ ചുറ്റും കൂടി.
ഇതേ സുഭാഷ് പാർക്ക് ജേക്സ് ബിജോയിയുടെ ഒറ്റ ഗാനത്തിൽ സംഗീതസാന്ദ്രമായി. ചവിട്ടുനാടക ഗാനവും ചർച്ചയും പാരമ്പര്യ പ്രൗഢിയുണർത്തി. ഹോർത്തൂസ് തുടങ്ങിയതോടെ ഒരു ദിവസം തന്നെ പല ഭാവങ്ങളണിയുകയാണ് കൊച്ചിയുടെ സ്വന്തം കായൽത്തീരം. പിന്തുണച്ച് ജനക്കൂട്ടവുമെത്തിയതോടെ ആരവങ്ങളൊഴിയുന്നതേയില്ല.
തിര തീരത്തോട് അലയടിക്കുന്ന തരത്തിലാണു ഹോർത്തൂസ് വേദികളിൽ ആരവവും ഉയരുന്നത്. ഇടയ്ക്കു ഗൗരവമേറിയ ചർച്ചകൾ വിളിച്ചുണർത്തലായി.
രാവിലെ 11ന് 5 വേദികൾ ഉണർന്നതോടെ പാർക്ക് നിറഞ്ഞു തുടങ്ങി.
കയ്യിൽ കരുതിയ ഷെഡ്യൂൾ ലിസ്റ്റുമായി കൃത്യമായി പ്ലാൻ ചെയ്താണ് എല്ലാവരുടെയും ഹോർത്തൂസ് യാത്ര. ഇതിനിടെ കിട്ടിയ സമയത്തിൽ മനോരമ പവിലിയൻ, ഹോർത്തൂസ് തിയറ്റർ എന്നിവയും സന്ദർശിച്ചു. സ്കൂളിലെ കുട്ടിക്കൂട്ടങ്ങൾ അദ്ഭുതം വിരിയുന്ന കണ്ണുകളുമായാണു കാഴ്ചകൾ കണ്ടത്.
കിഡ്സ് കോർണറിൽ മാത്രം ഒതുങ്ങാതെ അറിവിന്റെ വെളിച്ചം തേടി മരങ്ങൾക്കിടയിലൂടെ അവർ വരിവരിയായി നടന്നു. കാഴ്ചകളുടെ പുതുമ തേടിയെത്തിയ പുതുതലമുറ നിരാശപ്പെട്ടില്ല. അവർക്കു വേണ്ടതെല്ലാം ഒരൊറ്റ കുടക്കീഴിൽ ഒരുക്കിയിരുന്നു.
തിരക്കഥ പൂർണമാകുന്നത് അവസാന പ്രിന്റ് ആകുമ്പോൾ മാത്രം: തരുൺ മൂർത്തി
സിനിമയുടെ അവസാന പ്രിന്റ് തയാറായിക്കഴിയുമ്പോൾ മാത്രമാണു തിരക്കഥ പൂർണമാകുന്നതെന്നു സംവിധായകൻ തരുൺ മൂർത്തി പറഞ്ഞു.
തിരക്കഥയിലില്ലാത്ത ഒട്ടേറെ ഭാഗങ്ങൾ സംവിധായകൻ സിനിമയിൽ കൊണ്ടുവരും. അതാണു സിനിമയെ പൂർണതയിലെത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സിനിമയിലെ മിനിമലിസത്തിന്റെ ഏറ്റവും മനോഹര മാതൃകകളിലൊന്നാണ് ചെമ്മീനിൽ നടൻ സത്യൻ അവതരിപ്പിച്ച പളനി എന്ന കഥാപാത്രം.
വളരെ കുറച്ചു ഡയലോഗുകളിലൂടെയാണ് ആ കഥാപാത്രം സംവദിക്കുന്നത്. സിനിമയിൽ ചെറിയ വേഷം നൽകുമ്പോൾ ഡയലോഗ് ഒന്നും ഇല്ലേ എന്നു ചോദിക്കുന്നവർക്കുള്ള മറുപടിയാണ് സത്യന്റെ വേഷം.
‘തുടരും’ സിനിമയിലെ സീനുകൾ ഷൂട്ട് ചെയ്യുമ്പോൾ മൂഡിനനുസരിച്ച് ബാക്ക് ഗ്രൗണ്ട് മ്യൂസിക്കും പാട്ടുകളും ലൊക്കേഷനിൽ ഉച്ചത്തിൽ വച്ചിരുന്നു.
സാങ്കേതികപ്രവർത്തകർ മുതൽ അഭിനേതാക്കൾ വരെയുള്ളവർ സിനിമാ മൂഡിലേക്കു വേഗം എത്തി. സംവിധായകൻ ആഗ്രഹിക്കുന്ന കാസ്റ്റിങ് സാധ്യമായാൽ സിനിമ 80 ശതമാനം വിജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നടൻ ഇർഷാദ് അലി ചർച്ച നിയന്ത്രിച്ചു.
പരാജയപ്പെട്ടവരുടെ ചരിത്രം പറയാൻ എഴുത്തുകാർ മാത്രം; നോവൽ ചരിത്രാഖ്യാനമാകുമ്പോൾ
മാറ്റിനിർത്തപ്പെടുന്നവരുടെ ചരിത്രമാണ് സാഹിത്യകാരൻ പറയുന്നതെന്ന് എഴുത്തുകാരൻ പി.വി.ഷാജികുമാർ പറഞ്ഞു. മുഖ്യധാരാ ചരിത്രം വിജയിച്ചവരുടേതാണ്. സംസ്കൃതത്തിന്റെ ആധിക്യമില്ലാതെ കാസർകോടൻ ഭാഷയിലാണ് എഴുതുന്നത്.
നാടൻ വാക്കുകൾ നാടിന്റെ ചരിത്രം കൂടിയാണ്. ഇവ കുറച്ചുനാൾ കൂടി കഴിയുമ്പോൾ ഇല്ലാതെയാകും: ഷാജികുമാർ പറഞ്ഞു.
സാഹിത്യകാരൻ പ്രത്യക്ഷത്തിൽ ചരിത്രമെഴുതുന്ന ആളല്ലെങ്കിലും സാഹിത്യത്തിലൂടെ ചരിത്രം പുനഃസൃഷ്ടിക്കപ്പെടുമെന്ന് എഴുത്തുകാരൻ സുസ്മേഷ് ചന്ത്രോത്ത് പറഞ്ഞു. ഒരു കുടുംബകഥ പറയുമ്പോൾ ആ കാലത്തിന്റെ സാമ്പത്തികവും സാമൂഹികവും സാംസ്കാരികവുമായ പ്രത്യേകതകൾ അടയാളപ്പെടുത്തുകയാണ്.
കഥാപാത്രങ്ങളെ ഒരു ഭൂമികയിലേക്കു പ്രതിഷ്ഠിക്കുകയാണ് താൻ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചരിത്രത്തെ എല്ലാക്കാലത്തേക്കുമായി രേഖപ്പെടുത്തുന്നതാണു സാഹിത്യമെന്നു മലയാള മനോരമ സീനിയർ അസിസ്റ്റന്റ് എഡിറ്ററും എഴുത്തുകാരനുമായ രവിവർമ തമ്പുരാൻ പറഞ്ഞു. എല്ലാ നോവലുകളും ചരിത്രാഖ്യാനങ്ങൾ തന്നെയാണ്.
വർഷങ്ങൾക്കു ശേഷവും സാഹിത്യം നിലനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. എഴുത്തുകാരി പ്രാർഥനാ മനോജ് ചർച്ച നിയന്ത്രിച്ചു.
സിപിഎം മാത്രമല്ല ഇടത്: സി.പി.
ജോൺ
കെ.കരുണാകരൻ കോൺഗ്രസ് വിട്ട സമയത്ത് സിഎംപിയെ എൽഡിഎഫിന്റെ ഭാഗമാകാൻ ക്ഷണിച്ചതായി സി.പി.ജോണിന്റെ വെളിപ്പെടുത്തൽ.
കരുണാകരൻ ഫോണിൽ വിളിച്ച് ഇടതുപക്ഷത്തേക്കു വരുന്നത് ആലോചിക്കരുതോ എന്നു ചോദിച്ചു. അങ്ങനെയൊരു നിലപാട് സ്വീകരിക്കില്ലെന്ന് അന്നു വ്യക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു. എംവിആറിന്റെ വിശ്വസ്തനായിരുന്നു എം.വി.ഗോവിന്ദൻ.
പാർട്ടി വിട്ട സമയത്ത് എംവിആറിനെ എം.വി.ഗോവിന്ദൻ പോയിക്കണ്ട് താൻ ഒന്നിലേക്കുമില്ലെന്നു പറഞ്ഞു.
നീ നിന്റെ പണി എടുത്തോ, ഞാൻ എന്റെ പണിയെടുത്തോളാം എന്ന് എംവിആർ മറുപടി പറഞ്ഞു. മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ സുൾഫിക്കർ ചർച്ച നിയന്ത്രിച്ചു.
ജേക്സ്: കോവിഡ് സമ്മാനിച്ച ജാക്ക് !
കളക്കാത്ത സന്ദനമേറം, മിന്നൽവള, കൺമണിപ്പൂവേ, തനി ലോക മുറക്കാരി തുടങ്ങി പ്രിയമുള്ള പാട്ടുകൾ തന്നതിനു നന്ദി പറയേണ്ടതു കോവിഡ് കാലത്തോടാണെന്നു സംഗീതസംവിധായകൻ ജേക്സ് ബിജോയ്. തമിഴ്ചിത്രം ‘ധ്രുവങ്ങൾ പതിനാറി’ലെ സംഗീതം ചെയ്തപ്പോൾ ചെന്നൈയിൽ സ്ഥിരതാമസമാക്കാനായിരുന്നു പ്ലാൻ. മക്കളെ അവിടെയുള്ള സ്കൂളിലുമാക്കി.
എന്നാൽ കോവിഡ് സമയത്തു നാട്ടിൽ വന്നതിനുശേഷം തിരികെ പോയില്ല. അയ്യപ്പനും കോശിയും, പൊറിഞ്ചു മറിയം ജോസ്, ഓപറേഷൻ ജാവ തുടങ്ങി സിനിമകൾ ഒന്നൊന്നായി ജേക്സിനെ തേടിവന്നു.
ബാല്യം മുതൽ സംഗീതം തന്നെയായിരുന്നു ജീവിതം.
എന്നാൽ പ്ലസ്ടു കഴിഞ്ഞ് എൻജിനീയറിങ് ബിരുദമെടുത്തതിനുശേഷമാണു സംഗീതപഠനത്തിനു സ്റ്റാൻഫഡിൽ പോയത്. കഥയും സംവിധായകനും തുറന്നിടുന്ന വഴിയിലൂടെയാണ് മികച്ച സംഗീതവും ഗാനവും ഒരുക്കുന്നതെന്ന് ജേക്സ് വിശദമാക്കി.
സദസ്സിന്റെ ആവശ്യപ്രകാരം ‘മിന്നൽവള’ പാടിയാണ് ജേക്സ് ബിജോയ് ‘പ്രാണൻ സംഗീതമാകുമ്പോൾ’ സെഷൻ പൂർത്തിയാക്കിയത്. ആർജെ ആദർശ് സംവാദം നയിച്ചു.
ആവേശത്തിരയിൽ ആടിപ്പാടാൻ ഇന്ന് ഇന്ത്യൻ ഓഷൻ
ത്രസിപ്പിക്കുന്ന പാട്ടിന്റെ കടലിരമ്പം ഇന്നു കൊച്ചിയെ തൊട്ടുണർത്തും.
ഹോർത്തൂസിന്റെ ഭാഗമായി ഫോക് ഫ്യൂഷൻ ബാൻഡ് ഇന്ത്യൻ ഓഷന്റെ പ്രകടനം ഇന്നു വൈകിട്ട് 7ന് ദർബാർ ഹാൾ ഗ്രൗണ്ടിൽ അരങ്ങേറും. പരമ്പരാഗത സംഗീതവും റോക്ക്, ജാസ് ശൈലികളും ചേർത്തുള്ള പാട്ടുകളും പിടിച്ചിരുത്തുന്ന ഈണവുമായി ഇന്ത്യൻ ഓഷൻ ബാൻഡ് എത്തുമ്പോൾ സംഗീതപ്രേമികൾക്ക് ആവേശത്തിരയിൽ മതിമറന്നാടാം.
പുതിയ പരീക്ഷണങ്ങളിലൂടെയും അതിരുകൾ മായ്ച്ചുള്ള സംഗീതത്തിലൂടെയും 35 വർഷമായി സംഗീതപ്രേമികൾക്കൊപ്പമുള്ള പാട്ടുകാരാണിവർ.
റേഡിയോ മാംഗോയുടെ നേതൃത്വത്തിൽ കേരളത്തിലെ മികച്ച ബാൻഡിനെ കണ്ടെത്താൻ നടത്തിയ ‘ഡെസിബെൽ’ മത്സരത്തിലെ വിജയികളും വേദിയിലെത്തും. പാട്ടിന്റെ അടിപൊളി വൈബിൽ കൂട്ടംകൂടി പങ്കുചേരാൻ ഇനിയും അവസരമുണ്ട്. ടിക്കറ്റുകൾ ഹോർത്തൂസ് വെബ്സൈറ്റിലൂടെ ബുക്ക് ചെയ്യാം.
സ്പോട് ബുക്കിങ്ങിനും അവസരമുണ്ട്.
ആക്ടിവിസ്റ്റുകൾക്ക് മാനസിക തകരാറുണ്ട്
ആക്ടിവിസ്റ്റുകൾക്ക് എന്തോ മാനസിക തകരാറുണ്ടെന്നാണു തോന്നുന്നത്. എൻജിഒകളിൽ പ്രവർത്തിക്കുന്നതുതന്നെ അവർ ഇടപെടുന്ന ജനവിഭാഗത്തേക്കാൾ വരേണ്യരാണു തങ്ങൾ എന്ന ചിന്ത മൂലമാണ്.
ആദിവാസികൾക്കോ ചേരിനിവാസികൾക്കോ ഇടയിലെ പ്രവർത്തനത്തിനു പിന്നിൽ ഈ മനോഭാവവും ലാഭവുമുണ്ട്. പ്രതിഭാധനരായ യുവതീയുവാക്കൾ എൻജിഒകൾക്കു പിറകെ പോകാതെ ലാഭമുണ്ടാക്കുന്ന കോർപറേറ്റ് സംരംഭങ്ങളുടെ ഭാഗമാകണം.
പണമുള്ള വീട്ടിലെ കുട്ടികൾ 2 കോടി ചെലവാക്കി വിദേശത്തുപോയി പഠിച്ചുവന്നിട്ട് ഇവിടത്തെ അസമത്വത്തെക്കുറിച്ചു സംസാരിക്കുന്നതുപോലെ അസംബന്ധമായി മറ്റൊന്നുമില്ല. ചിലർ 20 വർഷം പിഎച്ച്ഡി ഗവേഷണം നടത്തുന്നത് യൂണിവേഴ്സിറ്റിക്കു പുറത്തെ യഥാർഥ ജീവിതത്തെ പേടിക്കുന്നതുകൊണ്ടാണ്. മനു ജോസഫ് മോഡറേറ്റർ: മാത്യു ടി.ജോസ് …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

