മാർച്ചിൽ അവതരിപ്പിച്ച ജെമിനി എഐ കരുത്തുറ്റ ചാറ്റ്ബോട്ടായ ആസ്ക് മാപ്സ് (Ask Maps) കൂടുതൽ നൂതനമായ പ്രവർത്തന ശേഷികളിലേക്ക്. ഭക്ഷണ ഓർഡറിങ്, ഹോടൽ ബുക്കിങ്, വിനോദ പരിപാടികൾ കണ്ടെത്തൽ എന്നിവയുൾപ്പെടെയുള്ള കാര്യങ്ങൾ എളുപ്പമാക്കുന്ന പുതിയ ഏജൻ്റിക് ഫീച്ചറുകളാണ് ഗൂഗിൾ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വീട്ടിലും പുറത്തുമുള്ള വിവിധ ആവശ്യങ്ങൾക്ക് സഹായകരമാകുന്ന രീതിയിലാണ് പുതിയ മാറ്റങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. മാപ്സ് വഴി ഇനി ഭക്ഷണങ്ങൾ ഓർഡർ ചെയ്യാൻ സാധിക്കും.
“തനിക്ക് പ്രിയപ്പെട്ട സമീപത്തെ കടയിൽ നിന്നും വെജിറ്റേറിയൻ കുങ് പാവോ ഓർഡർ ചെയ്യൂ” പോലുള്ള നിർദ്ദേശങ്ങൾ നൽകിയാൽ, മാപ്സ് ആ ഭക്ഷണം കാർട്ടിൽ ചേർത്തുനൽകും.
തുടർന്ന് ഉപയോക്താക്കൾക്ക് ഓർഡർ പരിശോധിച്ച് നടപടികൾ പൂർത്തിയാക്കാം. ശുപാർശകൾ തയ്യാറാക്കാൻ ഉപയോക്താക്കളുടെ മുൻകാല വിവരങ്ങളും ലൊക്കേഷനും ഉപയോഗപ്പെടുത്തുമെന്ന് ഗൂഗിൾ വ്യക്തമാക്കി.
ഇതിന് പുറമെ, ഉപയോക്താക്കളുടെ താൽപ്പര്യങ്ങളും ആവശ്യങ്ങളും അടിസ്ഥാനമാക്കി ഹോടലുകൾ കണ്ടെത്താനും ഈ ഫീച്ചർ സഹായിക്കും. ലൊക്കേഷനും ആവശ്യമായ സൗകര്യങ്ങളും നൽകി ഹോടലുകൾ തെരഞ്ഞെടുത്താൽ മാപ്സ് നിർദ്ദേശങ്ങൾ നൽകും.
വില താരതമ്യം ചെയ്യാനും ലഭ്യത പരിശോധിക്കാനും ഇതിലൂടെ സാധിക്കും. കൂടാതെ, ഹോടലിന് സമീപത്തുള്ള ലൈവ് മ്യൂസിക് പോലുള്ള പരിപാടികൾ കണ്ടെത്താനും ടിക്കറ്റുകൾ ബുക്ക് ചെയ്യാനും ഇതിലൂടെ സാധിക്കും.
വ്യക്തിഗത ശുപാർശകൾ നൽകുന്നതിനും യാത്രകളും പരിപാടികളും പ്ലാൻ ചെയ്യുന്നതിനും സഹായിക്കുന്നതിനായി പേഴ്സണൽ ഇൻ്റലിജൻസ് (Personal Intelligence) ഫീച്ചറും മാപ്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജിമെയിൽ, ഗൂഗിൾ കലണ്ടർ തുടങ്ങിയ ആപ്പുകളുമായി ബന്ധിപ്പിക്കുന്നതിലൂടെ ഹോടലിന് സമീപത്തെ റെസ്റ്റോറന്റുകൾ കണ്ടെത്താനും വിമാന സർവീസിന്റെ സമയമനുസരിച്ച് റിസർവേഷൻ നടത്താനുമൊക്കെ മാപ്സിന് സാധിക്കും.
ജിമെയിൽ പിന്തുണയോടെ ഈ ഫീച്ചർ ഇന്ന് മുതൽ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ഗൂഗിൾ കലണ്ടർ അടക്കമുള്ള മറ്റ് ആപ്പുകൾ വരും ദിവസങ്ങളിൽ ലഭ്യമാകും.
പേഴ്സണൽ ഇൻ്റലിജൻസ് ഫീച്ചർ സ്വയം പ്രവർത്തിക്കുന്നതല്ല. ഇത് ഉപയോഗിക്കുന്നതിനായി ഗൂഗിൾ ആപ്പിലോ ഗൂഗിൾ സെർച്ചിലോ പോയി പ്രൊഫൈൽ വഴി കണക്റ്റഡ് കണ്ടന്റ് ആപ്പുകൾ തെരഞ്ഞെടുക്കേണ്ടതാണ്.
ഇതോടൊപ്പം തത്സമയ യാത്രാ വിവരങ്ങൾ അറിയുന്നതിനായുള്ള ലൈവ് ട്രാൻസിറ്റ് വിഡ്ജറ്റും ലഭ്യമാക്കിയിട്ടുണ്ട്. ബസ്, ട്രെയിൻ, സബ്വേ, ഫെറി എന്നിവയുടെ തത്സമയ വിവരങ്ങളും വൈകല്യങ്ങളും യാത്രയ്ക്കിടയിൽ തന്നെ അറിയാൻ ഇതിലൂടെ സാധിക്കും.
ആസ്ക് മാപ്സ് ലഭ്യമായിട്ടുള്ള എല്ലാ സ്ഥലങ്ങളിലും ഈ പുതിയ ഫീച്ചറുകൾ ഘട്ടംഘട്ടമായി ലഭ്യമായി വരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

