വടക്കഞ്ചേരി ∙ രണ്ടാംവിള കൃഷിപ്പണികൾ സജീവമായിട്ടും ആശങ്ക ഒഴിയാതെ കർഷകർ. പല കർഷകരുടെയും നെല്ല് ഇനിയും സംഭരിച്ചിട്ടില്ല.
പലർക്കും നെല്ല് സംഭരണ വിലയും കിട്ടിയിട്ടില്ല. പാടത്ത് പണികൾ നടത്താൻ പണം കടം വാങ്ങുകയാണ് കർഷകർ.
മംഗലംഡാമിൽ നിന്ന് ഇടത്–വലതു കനാലുകളിലേക്ക് വെള്ളം തുറന്നുവിട്ടതോടെ ഞാറ്റടി തയാറാക്കലും പാടങ്ങൾ ഉഴുതുമറിക്കലും നടീലും എല്ലായിടത്തും സജീവമായി. അയൽസംസ്ഥാന തൊഴിലാളികളും കർഷക തൊഴിലാളികളും ഒരുപോലെ നെൽപ്പാടങ്ങളിൽ എത്തിയതോടെ വേഗത്തിലാണ് പണികൾ നടക്കുന്നത്.
വെള്ളം ആവശ്യത്തിന് ഡാമിൽ ഉണ്ടെന്ന് ജലസേചന വകുപ്പ് അധികൃതർ അറിയിച്ചു.
ആവശ്യം അനുസരിച്ച് വെള്ളം ഇടത്, വലത് കര കനാലുകളിലേക്ക് തുറന്നുവിടാനും കർഷകരുമായി ധാരണയുണ്ടായിട്ടുണ്ട്. കാനാലിന് സമീപമുള്ള പാടങ്ങളിൽ മൂപ്പ് കൂടിയ ഉമ നെൽവിത്തിനമാണ് പ്രധാനമായും നടുന്നത്.
77.88 മീറ്റർ ജലസംഭരണശേഷിയുള്ള ഡാമിൽ 70 ദിവസം നൽകാനുള്ള വെള്ളമുണ്ട്. ഇപ്പോഴും പലയിടത്തും മഴ പെയ്യുന്നതും കർഷകർക്ക് ആശ്വാസമായി.
ഫെബ്രുവരി അവസാനംവരെ ഘട്ടംഘട്ടമായി വെള്ളം ലഭിക്കും.
വലതു കനാലിന്റെ വണ്ടാഴി, മുടപ്പല്ലൂർ അണക്കപ്പാറ, വഴുവക്കോട്, ചെല്ലുപടി, തെന്നിലാപുരം, കഴനി, ചുങ്കം, കല്ലേപ്പള്ളി, പാടൂർ, തോണിക്കടവ് ഭാഗങ്ങളിലും ഇടത്കര കനാലിന്റെ മംഗലംഡാം പറശേരി മുതൽ കിഴക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട് പഞ്ചായത്തുകളിലെ പ്രദേശങ്ങളിലും കൃഷിപ്പണികൾ സജീവമായി. സബ് കനാലുകളിലൂടെയും കാഡ കനാലുകളിലൂടെയും വെള്ളം എത്തുന്നുണ്ട്.
ചിലയിടത്ത് വെള്ളം പാഴായി പോകുന്നുണ്ടെന്ന് കർഷകർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

