തൃശൂർ ജില്ലയിലെ മാരാംകോട് വനം മേഖലയിൽ ഷീറ്റ് വലിച്ചുകെട്ടിയ കുടിലുകളിൽ കഴിയുന്ന ആദിവാസി കുടുംബങ്ങളുടെ ജീവിതം കടുത്ത ദുരിതത്തിലേക്ക്. അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ നരകയാതന അനുഭവിക്കുന്നത് ഇവിടെയുള്ള 41 കുടുംബങ്ങളാണ്.
മഴവെള്ളത്തിനൊപ്പം താഴെ ഉറവയിലൂടെ ഒലിച്ചെത്തുന്ന വെള്ളം കാരണം ഈ കുടിലുകൾക്കുള്ളിൽ നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയാണുള്ളത്. കുടിലുകൾക്കുള്ളിലേക്ക് ഇഴജന്തുക്കൾ കയറിവരുന്നതിനാൽ കുട്ടികളെ നെഞ്ചോട് ചേർത്തുപിടിച്ചാണ് അമ്മമാർ ഇവിടെ ദിവസങ്ങൾ തള്ളിനീക്കുന്നത്.
ആഴ്ചകൾക്ക് മുമ്പ് ഈ പ്രദേശം സന്ദർശിച്ച മന്ത്രി കെ. തുളസി സുരക്ഷിതമായ വീടുകൾ നൽകുമെന്നടക്കമുള്ള വലിയ വാഗ്ദാനങ്ങൾ നൽകിയിരുന്നെങ്കിലും, അതൊന്നും പാലിക്കപ്പെട്ടില്ല.
വീരാൻകുടി, അരേകാപ്പ് ഉന്നതികളിൽ നിന്നുള്ള കുട്ടികളടക്കം 104 പേരാണ് മാരാംകോട് വനത്തിലെ ഈ താൽക്കാലിക ഷെഡുകളിൽ ഒരു വർഷം മുമ്പ് താമസം ആരംഭിച്ചത്. 2018ലെ ഉരുൾപൊട്ടലിനെ തുടർന്നാണ് ഇവരെ ഇവിടേക്ക് മാറ്റിപ്പാർപ്പിച്ചത്.
വീടിനുള്ളിൽ നിന്നും പുലിക്കുട്ടിയെ പിടികൂടിയതടക്കമുള്ള വന്യജീവി ആക്രമണങ്ങൾ രൂക്ഷമായതിനെ തുടർന്നാണ് ഇവർ അനുവദിക്കപ്പെട്ട സ്ഥലത്തേക്ക് മാറിത്താമസിച്ചത്.
എന്നാൽ ഇവിടെ സുരക്ഷിതമായ വീടടക്കമുള്ള യാതൊരുവിധ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടില്ല. കുടിലുകളിലെ അടുപ്പ് പുകഞ്ഞിട്ട് ആഴ്ചകളായി.
മുൻ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ്റെ നേതൃത്വത്തിലാണ് മാരാംകോട് വനത്തിൽ 37 കുടുംബങ്ങൾക്കുള്ള ഭൂമി അളന്ന് തിട്ടപ്പെടുത്തി നൽകിയത്. എന്നാൽ ഭൂമി പതിച്ചുനൽകി കൈവശരേഖ നൽകുന്നതിന് കേന്ദ്ര സർക്കാരിന്റെ അംഗീകാരം ലഭിക്കാത്തതാണ് പ്രതിസന്ധിയായത്.
മഴ കനത്തതോടെ ഷീറ്റിട്ട കുടിലുകൾക്കടിയിൽ നിന്നും വെള്ളം ഉറവെടുക്കുന്നതിനാൽ കിടക്കാനോ ഇരിക്കാനോ പറ്റാത്ത സ്ഥിതിയാണ്.
കൂടാതെ, ഷീറ്റുകൾക്ക് മുകളിൽ നിൽക്കുന്ന വലിയ മരങ്ങൾ ഏതുനിമിഷവും കുടിലുകൾക്ക് മുകളിലേക്ക് പതിക്കുമെന്ന ഭീതിയിലുമാണ് ഇവർ. വന്യജീവികൾക്ക് ലഭിക്കുന്ന പരിഗണന പോലും തങ്ങൾക്ക് ലഭിക്കുന്നില്ലെന്നാണ് ഈ ആദിവാസി കുടുംബങ്ങളുടെ പ്രധാന പരാതി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

