സ്വർണവില വീണ്ടും കയറ്റംതുടങ്ങി. യുഎസിൽ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യതകൾ ശക്തമായതോടെ രാജ്യാന്തര വിലയും ഉഷാറായി; ഇതിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും വിലക്കയറ്റം.
ഗ്രാമിന് ഇന്ന് 65 രൂപ മുന്നേറി വില 11,775 രൂപയായി. 520 രൂപ ഉയർന്ന് 94,200 രൂപയാണ് പവൻവില.
∙ യുഎസിൽ അടിസ്ഥാന പലിശനിരക്ക് കുറയുന്നത് എപ്പോഴും സ്വർണത്തിന് കുതിക്കാനുള്ള ഊർജമാണ്. ∙ കാരണം, അടിസ്ഥാന പലിശ കുറയുമ്പോൾ ബാങ്ക് നിക്ഷേപം അനാകർഷകമാകും.
യുഎസ് ഗവൺമെന്റിന്റെ കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്നവർക്ക് ലഭിക്കുന്ന ആദായവും (ട്രഷറി യീൽഡ്) കുറയും. ഇങ്ങനെ നിക്ഷേപം കുറയുന്നത് ഡോളറിനെയും തളർത്തും.
ബാങ്ക്, ട്രഷറി നിക്ഷേപങ്ങൾ അനാകർഷകമാവുകയും ഡോളർ ദുർബലപ്പെടുകയും ചെയ്യുമ്പോൾ ഗോൾഡ് ഇടിഎഫ് പോലുള്ള സ്വർണ നിക്ഷേപങ്ങൾക്ക് സ്വീകാര്യത കൂടും. ∙ മറ്റൊന്ന്, ഡോളർ തളർന്നത് മുതലെടുത്ത് സ്വർണം വാങ്ങാനുള്ള താൽപര്യമേറുമെന്നതാണ്. ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങൾ ഈ അവസരം പ്രയോജനപ്പെടുത്തി സ്വർണം വൻതോതിൽ വാങ്ങിക്കൂട്ടും.
ഇങ്ങനെ ഡിമാൻഡ് കൂടുന്നതും വിലക്കയറ്റത്തിന് വഴിവയ്ക്കും. ഫലത്തിൽ, യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഡിസംബറിൽ പലിശഭാരം കുറച്ചാൽ സ്വർണത്തെ കാത്തിരിക്കുന്നത് വൻ കുതിപ്പായിരിക്കും.
എന്നാൽ, ഇങ്ങനെ വില കൂടുന്നത് മുതലെടുക്കുന്ന ചില നിക്ഷേപകർ ലാഭമെടുപ്പ് തകൃതിയാക്കാറുണ്ട്. അങ്ങനെയെങ്കിൽ സ്വർണവില താഴേക്കുംനീങ്ങും.
അതായത്, വില സമീപഭാവിയിൽ കൂടാനാണ് സാധ്യതയെങ്കിലും പിന്നാലെ ലാഭമെടുപ്പ് മൂലം ‘അൽപം’ താഴേക്കുമിറങ്ങാം. രൂപയുടെ തളർച്ചയും തിരിച്ചടി കേരളത്തിൽ ഇന്നത്തെ വലിയ വിലക്കയറ്റത്തിന് മറ്റൊരു പ്രധാന കാരണം രൂപയുടെ വീഴ്ചയാണ്.
ഇന്നു രാവിലെയും 10 പൈസ താഴ്ന്ന് 89.40ലാണ് രൂപ ഡോളറിനെതിരെ വ്യാപാരം തുടങ്ങിയത്. രൂപ തളരുന്നത് സ്വർണത്തിന്റെ ഇറക്കുമതിച്ചെലവ് കൂടാനിടയാക്കും.
ഇത് സ്വർണവില നിർണയത്തെ സ്വാധീനിക്കുകയും ചെയ്യും. ഏഷ്യൻ കറൻസികൾക്കിടയിൽ സമീപകാലത്ത് ഏറ്റവുമധികം മൂല്യത്തകർച്ച നേരിട്ടത് രൂപയാണ്.
18 കാരറ്റും വെള്ളിയും
സംസ്ഥാനത്ത് 18 കാരറ്റ് സ്വർണവില ഗ്രാമിന് 55 രൂപ വർധിച്ച് ഇന്ന് 9,745 രൂപയായി.
വെള്ളിവില ഗ്രാമിന് 3 രൂപ ഉയർന്ന് 176 രൂപയും. കേരളത്തിൽ ഏറെക്കാലമായി വെള്ളിക്കും 18 കാരറ്റ് സ്വർണത്തിനും വ്യത്യസ്ത വിലയാണുള്ളത്.
ചില വ്യാപാരികൾ ഇന്ന് 18 കാരറ്റിനു നൽകിയ വില ഗ്രാമിന് 55 രൂപ ഉയർത്തി 9,685 രൂപ. വെള്ളിക്ക് 3 രൂപ കൂട്ടി 173 രൂപ.
അതായത്, വെള്ളിക്ക് 3 രൂപയുടെയും 18 കാരറ്റ് സ്വർണത്തിന് 60 രൂപയുടെയും വ്യത്യാസം വിലയിലുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

